ബെംഗളൂരു∙ മാർഗങ്ങൾ പലതും പയറ്റിയിട്ടും രക്ഷപ്പെട്ടില്ല. പീനിയയിലെ ബസവേശ്വര ബസ് ടെർമിനൽ ഷോപ്പിങ് കോംപ്ലക്സാക്കി മാറ്റാനുള്ള നടപടികളുമായി കർണാടക ആർടിസി. 5 ഏക്കറിൽ 40 കോടിരൂപ ചെലവഴിച്ചു നിർമിച്ച ടെർമിനൽ 2014ലാണു പ്രവർത്തനം ആരംഭിച്ചത്. പീനിയയ്ക്കും ജാലഹള്ളിക്കും ഇടയിൽ നിർമിച്ച ടെർമിനലിലേക്ക് യാത്രാസൗകര്യം ഇല്ലാത്തതാണു തിരിച്ചടിയായത്.ഇടക്കാലത്തു പീനിയ ഇൻഡസ്ട്രി മെട്രോ സ്റ്റേഷനിൽനിന്ന് ഫീഡർ ബസ് സർവീസ് നടത്തിയിരുന്നെങ്കിലും ഇതും മാസങ്ങൾക്കുള്ളിൽ നിർത്തി. നഷ്ടം നികത്താൻ ഐടി കമ്പനികൾക്ക് ടെർമിനൽ കെട്ടിടം വാടകയ്ക്ക് നൽകാനും സർക്കാർ ഓഫിസുകൾക്ക് കൈമാറാനുമുള്ള നീക്കവും ഫലം കണ്ടില്ല.
ഇതോടെയാണ് ഷോപ്പിങ് കോംപ്ലക്സാക്കി മാറ്റുന്നത്. ഇടക്കാലത്ത് സിനിമാ ഷൂട്ടിങ്ങുകൾക്കു വാടകയ്ക്കു നൽകിയിരുന്നു.വടക്കൻ കർണാടകയിലേക്കുള്ള കർണാടക ആർടിസിയുടെ 140 സർവീസുകൾ മജസ്റ്റിക് കെംപെഗൗഡ ബസ് ടെർമിനലിൽ നിന്ന് ഇവിടേക്ക് മാറ്റിയിരുന്നു. യാത്രക്കാർ എത്താതിരുന്നതോടെ 6 മാസത്തിന് ശേഷം സർവീസുകൾ തിരിച്ച് മജസ്റ്റിക്കിലേക്കു തന്നെ മാറ്റി. ആന്ധ്ര, തെലങ്കാന ആർടിസികളും നഷ്ടത്തെത്തുടർന്ന് ഇവിടെ നിന്നുള്ള സർവീസുകൾ നിർത്തി. ഭക്ഷണശാലകൾ ഉൾപ്പെടെ നേരത്തേ തന്നെ അടച്ചുപൂട്ടി. ആന്ധ്ര, തെലങ്കാന ആർടിസുകളുടെ ബസുകൾ ഇവിടെ പാർക്ക് ചെയ്യുന്നുണ്ട്.
കേരള ആർടിസി സർവീസുകളെ ബാധിക്കുമെന്ന് ആശങ്ക പീനിയ ടെർമിനൽ ഷോപ്പിങ് കോംപ്ലക്സാക്കുന്നതോടെ ഇവിടെ നിന്നുള്ള കേരള ആർടിസി സർവീസുകളെ ബാധിക്കുമെന്ന് ആശങ്ക. നിലവിൽ പ്രതിദിനം 6 സർവീസുകളാണ് ഇവിടെ നിന്ന് പുറപ്പെടുന്നത്. കോവിഡിന് മുൻപ് 10–15 സർവീസുകൾ വരെ ഇവിടെ നിന്ന് നടത്തിയിരുന്നു. കേരളത്തിന്റെ ടിക്കറ്റ് റിസർവേഷൻ കൗണ്ടറും ഇവിടെ പ്രവർത്തിക്കുന്നുണ്ട്.
പാർക്കിങ് സൗകര്യം പരിമിതമായ മൈസൂരു റോഡ് സാറ്റലൈറ്റ് ബസ് ടെർമിനലിൽ ഉത്സവകാലങ്ങളിലും മറ്റും അധികമായി എത്തുന്ന കേരള ആർടിസി ബസുകൾ പീനിയയിലാണു പാർക്ക് ചെയ്യുന്നത്. വ്യവസായ മേഖലയായ പീനിയയിലും സമീപപ്രദേശങ്ങളായ ജാലഹള്ളി, യശ്വന്തപുര, മത്തിക്കരെ, നാഗസന്ദ്ര, ദാസറഹള്ളി, നെലമംഗല എന്നിവിടങ്ങളിലുമുള്ള മലയാളികളാണു നാട്ടിലേക്കു പോകാനും തിരിച്ച് വരാനും ഇവിടെ നിന്നുള്ള ബസുകളെ ആശ്രയിക്കുന്നത്.