തൃശൂര്‍: തൃശൂര്‍ മുണ്ടത്തിക്കോട് വെടിക്കെട്ട് നിര്‍മാണശാലയില്‍ സ്‌ഫോടനം നടക്കുന്ന സമയത്ത് ജോലി ചെയ്ത എല്ലാവരും മലയാളികളായിരുന്നെന്ന് അപകടത്തില്‍ നിന്ന് രക്ഷപ്പെട്ട വില്‍സണ്‍.താന്‍ ജോലി ചെയ്തിരുന്ന പടക്കനിര്‍മാണ ശാലയിലാണ് ആദ്യം സ്‌ഫോടനം നടന്നതെന്നും ഓടിരക്ഷപ്പെടുന്നതിനിടെ തനിക്ക് പിറകെ ഒന്നൊന്നായി ശാലകള്‍ കത്തിയമരുന്നത് കാണേണ്ടിവന്നെന്നും വില്‍സണ്‍ മീഡിയവണിനോട് പ്രതികരിച്ചു. ജോലി ചെയ്യുമ്പോള്‍ കടുത്ത ചൂടായിരുന്നു അവിടെയെന്നും അതായിരിക്കാം അപകടകാരണമെന്നും വില്‍സണ്‍ പറഞ്ഞു.’ജോലി ചെയ്യുന്ന സമയം മുഴുവന്‍ കടുത്ത ചൂടുണ്ടായിരുന്നു. തിരി എടുത്തിടുന്നതിനിടയില്‍ ആ ചൂട് പറ്റിയതായിരിക്കും പൊട്ടിത്തെറിക്ക് കാരണമായത്. സാധാരണ പോലെ ജോലി ചെയ്യുമ്പോള്‍ പെട്ടെന്നാണ് അഞ്ച് മീറ്റര്‍ അകലെ കനത്ത ശബ്ദത്തില്‍ പൊട്ടിത്തെറിയുണ്ടായത്. ഉടന്‍ തന്നെ ഞാന്‍ അവിടെന്ന് മാറി. കയ്യിലുണ്ടായിരുന്ന കരിമരുന്നും തിരികളും അവിടെ ഇട്ടിട്ടാണ് ഓടിയത്. എല്ലാം തകര്‍ന്നെന്ന് മനസിലാക്കി ഓടിരക്ഷപ്പെടാന്‍ നോക്കുമ്പോഴേക്ക് പിന്നിലുള്ള ഷെഡുകള്‍ ഒന്നൊന്നായി പൊട്ടുകയായിരുന്നു. എവിടെയും നില്‍ക്കാതെ ഓടുകയാണ് ചെയ്തത്’.
വില്‍സണ്‍ പ്രതികരിച്ചു.’മലയാളികളല്ലാതെ പുറത്ത് നിന്നാരും പണിക്ക് വന്നിരുന്നില്ല. നിയമവിരുദ്ധമായതോ, അല്ലെങ്കില്‍ ഉപയോഗിക്കാന്‍ പാടില്ലാത്തതോ ആയ യാതൊന്നും ഉപയോഗിച്ചിരുന്നില്ല. എന്നിട്ടും, ഇതെങ്ങനെ പൊട്ടിത്തെറിച്ചെന്ന് മനസിലാവുന്നില്ല. മിക്കവാറും തിരിയിലോ കരിമരുന്നിലോ ചൂട് തട്ടിയതായിരിക്കാം കാരണം’. വില്‍സണ്‍ കൂട്ടിച്ചേര്‍ത്തു.വൈകുന്നേരത്തോടെ തൃശൂര്‍ മുണ്ടത്തിക്കോട് വെടിക്കെട്ട് പുരയിലുണ്ടായ സ്‌ഫോടനത്തില്‍ 13 പേർ മരിച്ചതായാണ് വിവരം. തൃശൂര്‍ പൂരത്തിന്റെ ഭാഗമായി തിരുവമ്പാടിക്ക് വേണ്ടി വെടിക്കെട്ട് സാമഗ്രികള്‍ നിര്‍മിക്കുന്നിടത്താണ് സ്‌ഫോടനം ഉണ്ടായത്. പരിക്ക് പറ്റിയവരെ മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. എട്ട് പേരുടെ നില അതീവ ഗുരുതരമെന്നാണ് വിവരം. സ്ഥലത്തുണ്ടായ 12 വെടിപ്പുരയില്‍ 11ഉം കത്തിയതായാണ് സൂചന. ആളുകള്‍ കുടുങ്ങിക്കിടക്കുന്നുണ്ടോയെന്ന് ഡ്രോണ്‍ ഉപയോഗിച്ചുള്ള പരിശോധന തുടരുകയാണ്.