ന്യൂഡല്‍ഹി: ഓപ്പറേഷന്‍ അജയിയുടെ ഭാഗമായി ഇസ്രായേലില്‍ നിന്ന് 212 ഇന്ത്യക്കാരെ നാട്ടിലെത്തിച്ചു. ഇന്ത്യക്കാരെയും കൊണ്ടുള്ള ആദ്യ വിമാനമാണ് മടങ്ങിയെത്തിയിരിക്കുന്നത്.
യുദ്ധത്തെ തുടര്‍ന്ന് ഇസ്രായേലില്‍ കുടുങ്ങി പോയവരെയാണ് വിദേശ കാര്യ മന്ത്രാലയം ഈ ദൗത്യത്തിലൂടെ രക്ഷപ്പെടുത്തിയത്. ഈ വിമാനം ഇന്ന് രാവിലെയാണ് ഡല്‍ഹിയില്‍ ലാന്‍ഡ് ചെയ്തത്.
അതേസമയം സംഘത്തില്‍ ഒന്‍പത് മലയാളികളുമുണ്ട്. മടങ്ങിയെത്തിയവരെ കേന്ദ്ര മന്ത്രി രാജീവ് ചന്ദ്രശേഖര്‍ സ്വീകരിച്ചു. കേരള ഹൗസ് അധികൃതരും വിമാനത്താവളത്തില്‍ എത്തിയിരുന്നു. ഡല്‍ഹി കേരള ഹൗസില്‍ തുടര്‍ പ്രവര്‍ത്തനങ്ങള്‍ക്കായി കണ്‍ട്രോള്‍ റൂമും ആരംഭിച്ചിട്ടുണ്ട്. നേരത്തെ ഇസ്രായേലില്‍ കുടുങ്ങി കിടക്കുന്നവരോട് മിഷന്റെ ഡാറ്റാ ബേസില്‍ രജിസ്റ്റര്‍ ചെയ്യാന്‍ ഇന്ത്യന്‍ എംബസി ആവശ്യപ്പെട്ടിരുന്നു.
മടങ്ങി വരുന്നതിനുള്ള ചെലവുകളെല്ലാം സര്‍ക്കാര്‍ വഹിക്കും. ഒക്ടോബര്‍ ഏഴിന് യുദ്ധം പ്രഖ്യാപിച്ചതിന് പിന്നാലെ എയര്‍ ഇന്ത്യ ഇസ്രായേലില്‍ നിന്നുള്ള സര്‍വീസുകള്‍ റദ്ദാക്കിയിരുന്നു. ഇതുവരെ അത് പുന:സ്ഥാപിച്ചിട്ടില്ല. ഇതേ തുടര്‍ന്ന് ഇന്ത്യക്കാര്‍ ഇസ്രായേലില്‍ കുടുങ്ങി പോവുകയായിരുന്നു.
ഇവരുടെ സുരക്ഷയെ മുന്‍നിര്‍ത്തി തിരിച്ചുകൊണ്ടുവരാന്‍ സര്‍ക്കാര്‍ തീരുമാനിക്കുകയായിരുന്നു. തിരിച്ചെത്തിയ മലയാളികളില്‍ വിദ്യാര്‍ത്ഥികള്‍ അടക്കമുള്ളവരുണ്ടെന്നാണ് വിവരം. അതേസമയം ഇസ്രായേലില്‍ നിന്ന് കേരളത്തിലേക്ക് തിരിച്ചെത്താന്‍ ആഗ്രഹിക്കുന്ന മലയാളികള്‍ക്ക് കേരള ഹൗസിന്റ വെബ് സൈറ്റിലും പേരുകള്‍ രജിസ്റ്റര്‍ ചെയ്യാം.
അതേസമയം യുദ്ധഭൂമിയില്‍ നിന്ന് മടങ്ങിയെത്തിയ വിദ്യാര്‍ത്ഥികളില്‍ അധികവും കുറച്ചധികം പതറിപ്പോയിരുന്നു. ഇന്ത്യക്ക് നന്ദി പറയുന്നുവെന്ന് ഇവര്‍ പറഞ്ഞു. പെട്ടെന്നാണ് നോട്ടിഫിക്കേഷന്‍ കണ്ടത്. തിരിച്ചുവരാനുള്ള വിമാനം, എംബസി വഴി ലഭ്യമാക്കിയത് എല്ലാവരുടെയും മനോവീര്യം ഉയര്‍ത്തിയതായി ഇവര്‍ പറഞ്ഞു. ഇന്ത്യന്‍ എംബസി ഞങ്ങള്‍ക്കൊപ്പമുണ്ട് എന്നത് ആശ്വാസം പകരുന്നതായിരുന്നുവെന്ന് ഇസ്രായേലില്‍ വിദ്യാര്‍ത്ഥിയായ ശുഭംകുമാര്‍ പറഞ്ഞു.
ടെല്‍ അവീവ് വിമാനത്താവളത്തില്‍ തിരിച്ചെത്താനുള്ള ഇന്ത്യക്കാരുടെ നീണ്ട നിര തന്നെയുണ്ട്. ഇതില്‍ വിദ്യാര്‍ത്ഥികള്‍ ധാരാളമുണ്ട്.ഒക്ടോബര്‍ പതിനെട്ട് വരെ ആദ്യ ഘട്ട സര്‍വീസുകള്‍ ലഭ്യമാകും. ഉത്തര്‍പ്രദേശിലെ ഇറ്റയില്‍ നിന്നുള്ള ഒരു പിതാവ് മകള്‍ തിരിച്ചെത്തിയതില്‍ മോദി സര്‍ക്കാരിനെയും വിദേശകാര്യ മന്ത്രിയെയും അഭിനന്ദിച്ചു. തനിക്ക് ഈ സര്‍ക്കാരില്‍ വിശ്വാസമുണ്ട്. മകള്‍ അടക്കമുള്ളവര്‍ക്ക് തിരിച്ചുവരാന്‍ സൗകര്യമൊരുക്കിയ സര്‍ക്കാരിന് നന്ദിയുണ്ടെന്നും ഇയാള്‍ ന്യൂസ് 18നോട് പ്രതികരിച്ചു.
ഇയാളുടെ മകള്‍ ഇസ്രായേലില്‍ പിഎച്ച്‌ഡി ചെയ്യുകയാണ്. ഒരിന്ത്യക്കാരനെയും ഉപേക്ഷിക്കില്ല. എല്ലാവരെയും സംരക്ഷിക്കുകയാണ് മോദി സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. സുരക്ഷിതമായി ഇസ്രായേലിലെ ഇന്ത്യക്കാരെ നാട്ടിലെത്തിക്കും. അതിന് വിദേശകാര്യ മന്ത്രി ജയശങ്കറിനോടാണ് നന്ദി പറയുന്നതെന്നും രാജീവ് ചന്ദ്രശേഖര്‍ പറഞ്ഞു.