ബംഗളൂരുവിലെ ഉയർന്ന വാടകയും ജീവിതച്ചെലവും അവിടെ ജോലി ചെയ്യുന്ന പ്രൊഫഷണലുകള്‍ക്ക് വലിയൊരു തലവേദനയായി മാറിക്കൊണ്ടിരിക്കുകയാണ്.ഐടി ജീവനക്കാരുടെ പ്രധാന കേന്ദ്രമായ എച്ച്‌എസ്‌ആർ ലേഔട്ട് പോലുള്ള ജനപ്രിയ സ്ഥലങ്ങളിലെ അമിത വാടകയെ കുറിച്ച് ഇപ്പോള്‍ വലിയ ചർച്ചകളാണ് സോഷ്യല്‍ മീഡിയയില്‍ നടക്കുന്നത്.ഇത്തരമൊരു അനുഭവമാണ് ബംഗളൂരുവിലെ പേപാല്‍ കമ്പനി ജീവനക്കാരൻ ഗ്രേപ്‌വൈൻ എന്ന സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമില്‍ പങ്കുവെച്ചിരിക്കുന്നത്.”ഗുഡ്‌ബൈ എച്ച്‌എസ്‌ആർ ലേഔട്ട്! ഒരു 1 ബെഡ്റൂം ഫ്ളാറ്റിന് 45000 രൂപ വാടക നല്‍കുന്നത് ശുദ്ധ ഭ്രാന്താണ്” എന്ന തലക്കെട്ടോടെയുള്ള ഈ പോസ്റ്റ് പെട്ടെന്ന് തന്നെ ആളുകളുടെ ശ്രദ്ധ പിടിച്ചുപറ്റി. തന്റെ ശമ്പളവുമായി നോക്കുമ്പോള്‍ ഈ വാടക താങ്ങാൻ കഴിയില്ലെന്ന് ബോധ്യപ്പെട്ടതോടെയാണ് അവിടെനിന്നും മാറാൻ തീരുമാനിച്ചതെന്ന് പോസ്റ്റില്‍ ഈ യുവാവ് വ്യക്തമാക്കുന്നു.
വർഷം 24 ലക്ഷം രൂപ ശമ്പളമുണ്ടായിട്ടും ഈ ഉയർന്ന വാടക കാരണം പണം ലാഭിക്കാൻ കഴിഞ്ഞിരുന്നില്ലെന്ന് യുവാവ് പറയുന്നു. കുറച്ചുകാലമായി ഈ വാടക ഭാരം കാരണം ബുദ്ധിമുട്ടുകയായിരുന്നെന്നും ഒടുവില്‍ അവിടെനിന്നും മാറാൻ കഴിഞ്ഞതില്‍ വലിയ ആശ്വാസമുണ്ടെന്നും ഇയാള്‍ പോസ്റ്റില്‍ കുറിച്ചു. “ബുദ്ധിപരമായ ഒരു തീരുമാനത്തിലൂടെ ഞാൻ ഒടുവില്‍ എച്ച്.എസ്.ആർ ലേഔട്ട് ഒഴിഞ്ഞു എന്ന് അറിയിക്കുന്നതില്‍ എനിക്ക് വലിയ ആശ്വാസമുണ്ട്. ചുമലില്‍ നിന്ന് വലിയൊരു ഭാരം ഒഴിഞ്ഞുപോയതുപോലെ തോന്നുന്നു, ഈ തിരിച്ചറിവില്‍ ഞാൻ ശരിക്കും സന്തോഷവാനാണ്,” അദ്ദേഹം എഴുതി.തുടക്കത്തില്‍ സുഹൃത്തുക്കളും സഹപ്രവർത്തകരും ഒപ്പമുള്ളവരുമെല്ലാം അവിടെ താമസിക്കുന്നത് കൊണ്ടാണ് താനും ആ സ്ഥലത്തേക്ക് മാറിയതെന്ന് ഇയാള്‍ പറയുന്നു.എന്നാല്‍ പിന്നീട് അതൊരു വലിയ സാമ്പത്തിക ബാധ്യതയായി മാറുകയായിരുന്നു.പിന്നീട് ഒരു സഹപ്രവർത്തകന്റെ നിർദ്ദേശപ്രകാരമാണ് ഇയാള്‍ ബ്രൂക്ക്ഫീല്‍ഡ് പോലുള്ള മറ്റ് സ്ഥലങ്ങളില്‍ വീട് അന്വേഷിക്കാൻ തുടങ്ങിയത്. ഒരു ബ്രോക്കറുടെ സഹായത്തോടെ തന്റെ ബജറ്റിന് ഇണങ്ങുന്ന മറ്റ് വീടുകള്‍ ഇയാള്‍ പോയി കണ്ടു. എച്ച്.എസ്.ആർ ലേഔട്ടിന് പുറത്ത് ഇതിലും നല്ലതും കുറഞ്ഞ വാടകയുള്ളതുമായ ധാരാളം വീടുകള്‍ ഉണ്ടെന്ന് ഇയാള്‍ക്ക് അപ്പോഴാണ് മനസ്സിലായത്.
എച്ച്.എസ്.ആർ ലേഔട്ടില്‍ തന്നെ 15 ഓളം ഫ്ലാറ്റുകള്‍ കണ്ടിരുന്നെങ്കിലും അതില്‍ ചിലത് മാത്രമാണ് നല്ല നിലയിലുണ്ടായിരുന്നത്, കൃത്യമായി വെള്ളം ലഭിച്ചിരുന്നതാകട്ടെ ഒരൊറ്റ ഫ്ലാറ്റില്‍ മാത്രമായിരുന്നു.തുടർന്ന് ഓഫീസ് കേന്ദ്രങ്ങളില്‍ നിന്നും അല്പം ദൂരെയുള്ള ശാന്തമായ ഒരു റെസിഡൻഷ്യല്‍ ഏരിയയിലേക്ക് മാറാൻ ഇയാള്‍ തീരുമാനിച്ചു. പെട്ടെന്ന് സാധനങ്ങള്‍ പാക്ക് ചെയ്ത് മാറുക എന്നത് എളുപ്പമായിരുന്നില്ലെങ്കിലും ഈ തീരുമാനം എടുത്തതില്‍ ഒട്ടും ഖേദമില്ലെന്നും യുവാവ് വ്യക്തമാക്കുന്നു. പുറമെ കാണുന്ന ഭംഗി മാത്രമാണ് പല പ്രമുഖ ഏരിയകള്‍ക്കുമുള്ളതെന്നും യഥാർത്ഥ ജീവിതച്ചെലവ് വളരെ കൂടുതലാണെന്നും ഇയാള്‍ ഓർമ്മിപ്പിക്കുന്നു.”പുറമെയുള്ള ഈ വ്യാജമായ ഭംഗി കണ്ട് ഞാൻ പൂർണ്ണമായും മടുത്തു. ഞാൻ കഷ്ടപ്പെട്ട് സമ്പാദിച്ച 24 ലക്ഷം രൂപയുടെ വരുമാനമാണ് ഇത് ചോർത്തിക്കളഞ്ഞത്.
വിട എച്ച്.എസ്.ആർ, ഇവിടുത്തെ ഭയങ്കരമായ ട്രാഫിക്കിനും വിട. ഈ കഠിനമായ ട്രാഫിക് കാരണമാണ് ഇവിടുന്ന് മാറാനുള്ള തീരുമാനം ഇത്ര എളുപ്പമായത്,” യുവാവ് പോസ്റ്റില്‍ കൂട്ടിച്ചേർത്തു.ഈ പോസ്റ്റ് വൈറലായതോടെ ബംഗളൂരുവില്‍ താമസിക്കുന്ന നിരവധി ആളുകള്‍ തങ്ങളുടെ അനുഭവങ്ങളുമായി രംഗത്തെത്തി. തങ്ങളും ഇത്തരം വിലകൂടിയ സ്ഥലങ്ങളില്‍ നിന്നും മാറി കുറഞ്ഞ ചെലവില്‍ മെച്ചപ്പെട്ട സൗകര്യങ്ങളുള്ള വീടുകളിലേക്ക് മാറിയതായി ചിലർ കമന്റ് ചെയ്തു. ജെ.പി നഗറില്‍ നിന്നും യെലഹങ്കയിലേക്ക് മാറിയപ്പോള്‍ കുറഞ്ഞ ചെലവില്‍ ഇതിലും അഞ്ചിരട്ടി നല്ല ഫ്ലാറ്റ് കിട്ടിയെന്ന് ഒരാള്‍ കുറിച്ചപ്പോള്‍, 24 ലക്ഷം വരുമാനമുണ്ടായിട്ട് എന്തിനാണ് 45,000 രൂപ വാടക കൊടുക്കാൻ പോയതെന്നായിരുന്നു മറ്റൊരു ഉപയോക്താവിന്റെ ചോദ്യം. എന്നാല്‍ ഓഫീസിന് അടുത്ത് താമസിക്കുന്നതാണ് ട്രാഫിക് ബ്ലോക്കും ആരോഗ്യപ്രശ്നങ്ങളും ഒഴിവാക്കാൻ നല്ലതെന്ന അഭിപ്രായവും ചിലർ പങ്കുവെച്ചു.