ബെംഗളൂരു: ബെംഗളൂരുവില്‍ വൻ മയക്കുമരുന്ന് വേട്ട. ചുരിദാർ പാക്കറ്റുകള്‍ക്കിടയില്‍ ഒളിപ്പിച്ച് കടത്തിയ 26 കോടി രൂപ വിലവരുന്ന എംഡിഎംഎ ആണ് പൊലീസ് പിടികൂടിയത്.സംഭവത്തില്‍ നാലുപേരെ അറസ്റ്റ് ചെയ്തു. മറ്റ് രണ്ട് സംഭവങ്ങളില്‍ നഗരത്തില്‍ വില്‍പനയ്ക്കായി എത്തിച്ച ഓപ്പിയവും 34 ലക്ഷം രൂപ വില വരുന്ന ഹെറോയിനും പൊലീസ് പിടികൂടി.ദില്ലിയില്‍ നിന്നെത്തിച്ച എംഡിഎംഎയും രാജസ്ഥാനില്‍ നിന്നെത്തിച്ച ഓപ്പിയവും ഉള്‍പ്പെടെ വലിയ മയക്കുമരുന്ന് വേട്ടയാണ് ബെംഗളൂരുവില്‍ പൊലീസ് നടത്തിയത്. കർണാടക പൊലീസിന്റെ സിസിബി വിഭാഗമാണ് ഒരു മാസത്തിനിടയില്‍ രണ്ടാമത്തെ വലിയ മയക്കുമരുന്ന് ശേഖരം കണ്ടെത്തിയത്. വില്‍പനയ്ക്കുള്ള ചുരിദാറുകള്‍ എന്ന വ്യാജേനയാണ് സംഘം ദില്ലിയില്‍ നിന്ന് എംഡിഎംഎ എത്തിച്ചത് എന്ന് പൊലീസ് വ്യക്തമാക്കി. വിശദമായ പരിശോധനയില്‍ വസ്ത്രങ്ങള്‍ക്കിടയില്‍ ഒളിപ്പിച്ച നിലയില്‍ 12 കിലോ 925 ഗ്രാം എംഡിഎംഎ കണ്ടെത്തുകയായിരുന്നു. സംഭവത്തില്‍ നാല് പേരെ പിടികൂടിയിട്ടുണ്ട്. ദില്ലിയില്‍ നൈജീരിയൻ സ്വദേശിയില്‍ നിന്നാണ് എംഡിഎംഎ ശേഖരിച്ചതെന്ന് പിടിയിലായവർ മൊഴി നല്‍കിയിട്ടുണ്ട്.ബെംഗളൂരുവില്‍ ടെക്കികള്‍ക്കും വിദ്യാർത്ഥികള്‍ക്കും ഇടയില്‍ വിതരണത്തിനായി എത്തിച്ചതായിരുന്നു എംഡിഎംഎ. മറ്റൊരിടത്ത് സിസിബി ഉദ്യോഗസ്ഥർ നടത്തിയ പരിശോധനയിലാണ് രാജസ്ഥാനില്‍ നിന്നെത്തിച്ച 7 കിലോ ഓപ്പിയം പിടിച്ചെടുത്തത്. ഈ സംഭവത്തില്‍ രണ്ട് പേരെ അറസ്റ്റ് ചെയ്തതായി സിസിബി ഉദ്യോഗസ്ഥർ വ്യക്തമാക്കി. 225 ഗ്രാം എംഡിഎംഎയും ഇവരില്‍ നിന്ന് കണ്ടെടുത്തിട്ടുണ്ട്. കോറമംഗലയില്‍ പൊലീസ് നടത്തിയ പരിശോധനയിലാണ് അസമീസ് സ്വദേശിയായ മയക്കുമരുന്ന് കാരിയർ, സാഹിദ് ഹുസൈൻ പിടിയിലായത്. 34 ലക്ഷം രൂപ വില വരുന്ന 157 ഗ്രാം ഹെറോയിനാണ് ഇയാളില്‍ നിന്ന് കണ്ടെടുത്തത്. സംഭവത്തില്‍ വിശദമായ അന്വേഷണം നടക്കുകയാണെന്ന് പൊലീസ് വ്യക്തമാക്കി.