Home Featured ബെംഗളൂരു:ശ്രീരാമ നവമി; നാളെ മാംസ വില്‍പ്പന ശാലകള്‍ക്ക് നിരോധനം

ബെംഗളൂരു:ശ്രീരാമ നവമി; നാളെ മാംസ വില്‍പ്പന ശാലകള്‍ക്ക് നിരോധനം

ബെംഗളൂരു: ശ്രീരാമ നവമിയോട് അനുബന്ധിച്ച്‌ നാളെ മാംസ വില്‍പ്പന ശാലകള്‍ക്ക് നിരോധനം.ശ്രീരാമ നവമി ആഘോഷിക്കുന്ന മാര്‍ച്ച്‌ 30ന് മാംസ വില്‍പ്പന ശാലകള്‍ അടച്ചിടാന്‍ ബെംഗളൂരു കോര്‍പ്പറേഷന്‍ നിര്‍ദേശം നല്‍കി. കോര്‍പ്പറേഷന്‍ പരിധിയില്‍ മൃഗങ്ങളെ കൊല്ലുന്നതിനും ഇറച്ചി വില്‍പനയ്ക്കും നിരോധനം ബാധകമാണ്.തിങ്കളാഴ്ച്ചയാണ് ഇത് സംബന്ധിച്ച ഉത്തരവ് പുറപ്പെടുവിച്ചത്.

ബിബിഎംപി ഡാറ്റ അനുസരിച്ച്‌ കോര്‍പ്പറേഷന്‍ പരിധിയില്‍ ഏകദേശം 3000ത്തോളം ലൈസന്‍സുള്ള മാംസ വില്‍പ്പന ശാലകളും മൂന്ന് ലൈസന്‍സുള്ള അറവുശാലകളും ഉണ്ട്. കഴിഞ്ഞ ശിവരാത്രിക്കും ഗാന്ധി ജയന്തിക്കും ബെംഗളൂരു കോര്‍പ്പറേഷന്‍ മാംസ വില്‍പ്പനയ്ക്ക് നിരോധനം ഏര്‍പ്പെടുത്തിയിരുന്നു.

മഹാ വിഷ്ണുവിന്റെ ഏഴാമത്തെ അവതാരമായാണ് ശ്രീരാമനെ കണക്കാക്കുന്നത്. ചൈത്ര മാസത്തിലെ ശുക്ലപക്ഷ നവമിയിലാണ് സൂര്യവംശ രാജാവായിരുന്ന ദശരഥന്റെയും കൗസല്യയുടേയും പുത്രനായി ശ്രീരാമന്‍ ജനിച്ചത്. അതുകൊണ്ട് ഈ ദിവസം ശ്രീരാമനവമി എന്ന് അറിയപ്പെടുന്നു.

ഗുണനിലവാരമില്ല, രാജ്യത്തെ 18 ഫാര്‍മസ്യൂട്ടിക്കല്‍ കമ്ബനികളുടെ ലൈസന്‍സ് റദ്ദാക്കി ഡിസിജിഐ

ന്യൂഡല്‍ഹി: രാജ്യത്തെ 18 ഫാര്‍മസ്യൂട്ടിക്കല്‍ കമ്ബനികളുടെ ലൈസന്‍സ് ഡ്രഗ്സ് കണ്‍ട്രോളര്‍ ഓഫ് ഇന്ത്യ (ഡിസിജിഐ) റദ്ദാക്കി.ഗുണനിലവാരമില്ലാത്ത മരുന്നുകള്‍ ഉല്‍പാദപ്പിച്ചതിനാണ് ഇവയുടെ ലൈസന്‍സ് റദ്ദാക്കിയത്. ഈ കമ്ബനികളോട് നിര്‍മ്മാണം നിര്‍ത്തിവയ്ക്കാനും ഡിസിജിഐ ആവശ്യപ്പെട്ടു. കൂടാതെ 26 കമ്ബനികള്‍ക്ക് കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയിട്ടുണ്ടെന്നും കേന്ദ്ര ആരോഗ്യമന്ത്രാലയ വൃത്തങ്ങളെ ഉദ്ധരിച്ച്‌ ദേശീയ മാധ്യമം റിപ്പോര്‍ട്ട് ചെയ്തു.

ഇന്ത്യയില്‍ നിന്നുള്ള വ്യാജ മരുന്നുകള്‍ വിദേശത്തേക്ക് വിറ്റഴിക്കുന്നുവെന്ന റിപ്പോര്‍ട്ടുകള്‍ക്കിടെ ഫാര്‍മ കമ്ബനികള്‍ക്കെതിരെ തുടരുന്ന നടപടിയുടെ ഭാഗമായാണിത്.മരുന്നുകളുടെ ഗുണനി‌ലവാരം പാലിക്കുന്നുണ്ടോ എന്ന് ഉറപ്പാക്കാന്‍ 76 ഫാര്‍മസ്യൂട്ടിക്കല്‍ കമ്ബനികളില്‍ ഡ്രഗ്‌സ് കണ്‍ട്രോളര്‍ ജനറല്‍ ഓഫ് ഇന്ത്യ പരിശോധന നടത്തിയിരുന്നു. പരിശോധനയില്‍ 20 സംസ്ഥാനങ്ങളില്‍ നടപടി സ്വീകരിച്ചു.

കേന്ദ്ര – സംസ്ഥാന സംഘങ്ങള്‍ സംയുക്തമായാണ് ഫാര്‍മസ്യൂട്ടിക്കല്‍ കമ്ബനികളില്‍ നടന്ന പരിശോധനയില്‍ പങ്കെടുത്തത്. കഴിഞ്ഞ 15 ദിവസത്തോളമായി പരിശോധന നടന്നുവരുന്നു.ഇന്ത്യയില്‍ നിര്‍മ്മിക്കുന്ന മരുന്നുകള്‍ കഴിച്ച്‌ മറ്റ് രാജ്യങ്ങലില്‍ മരണവും ഗുരുതര രോഗങ്ങളും റിപ്പോര്‍ട്ട് ചെയ്ത പശ്ചാത്തലത്തിലാണ് പരിശോധന നടത്തിയത്. കഴിഞ്ഞ മാസം ഗുജറാത്ത് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഫാര്‍മ കമ്ബനിയായ സൈഡസ് ലൈഫ് സയന്‍സസ് സന്ധിവാതത്തിന് ഉപയോഗിക്കുന്ന 55,000 മരുന്നുകള്‍ യുഎസ് വിപണിയില്‍നിന്ന് തിരിച്ചു വിളിച്ചിരുന്നു.

ഗുണനിലവാര പരിശോധനയില്‍ പരാജയപ്പെട്ടതിനെ തുടര്‍ന്നായിരുന്നു നടപടി.തമിഴ്നാട് ആസ്ഥാനമായുള്ള ഗ്ലോബല്‍ ഫാര്‍മ ഹെല്‍ത്ത് കെയര്‍ ഉല്‍പാദിപ്പിച്ച കണ്ണിലൊഴിക്കുന്ന മരുന്നും ഇത്തരത്തില്‍ മുഴുവനും തിരിച്ചുവിളിച്ചിരുന്നു. ഇതില്‍ അടങ്ങിയ ബാക്ടീരിയ കാഴ്ച നഷ്ടപ്പെടാന്‍‌ കാരണമാകുന്നുവെന്ന യുഎസ് ആരോഗ്യ വിഭാഗത്തിന്റെ റിപ്പോര്‍ട്ടിന് പിന്നാലെയായിരുന്നു തിരിച്ചുവിളിച്ചത്.

കഴിഞ്ഞ വര്‍ഷം ഉസ്ബെക്കിസ്ഥാനില്‍ 18 കുട്ടികളുടെ മരണത്തിന് ഇടയാക്കിയത് ഇന്ത്യയില്‍ ഉത്പാദിപ്പിച്ച ചുമയ്ക്കുള്ള സിറപ്പാണെന്ന് ആരോപിച്ച്‌ നോയിഡയില്‍ ഒരു ഫാര്‍മസ്യൂട്ടിക്കല്‍ സ്ഥാപനത്തിലെ മൂന്ന് ജീവനക്കാരെ അറസ്റ്റ് ചെയ്തിരുന്നു. മായം കലര്‍ന്ന മയക്കുമരുന്ന് നിര്‍മ്മിച്ച്‌ വില്‍പന നടത്തിയെന്നാണ് ഇവര്‍ക്കെതിരെയുള്ള ആരോപണം.

You may also like

error: Content is protected !!
Join Our WhatsApp Group