ബെംഗളൂരുവിലെ മല്ലേശ്വരത്ത് മന്ത്രി മാളിന് പിന്നിലുള്ള റെയിൽവേ ട്രാക്കിന് സമീപം വ്യാഴാഴ്ച ഉച്ചകഴിഞ്ഞ് 20 വയസ്സുള്ള ബി.ഫാർമ വിദ്യാർത്ഥിനിയെ ഒന്നിലധികം പരിക്കുകളോടെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി.ശ്രീരാംപുര സ്വദേശിയായ യാമിനി പ്രിയയാണ് മരിച്ചതെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്. കോളേജിൽ പരീക്ഷ എഴുതിയ ശേഷം വീട്ടിലേക്ക് മടങ്ങുകയായിരുന്നു അവർ.ആക്രമണകാരി പ്രിയയെ പിന്തുടർന്ന് മാരകായുധം ഉപയോഗിച്ച് ആക്രമിച്ച് കഴുത്തിലും പുറകിലും പലതവണ കുത്തി പരിക്കേൽപ്പിച്ച ശേഷം ഓടി രക്ഷപ്പെടുകയായിരുന്നുവെന്ന് പ്രാഥമിക അന്വേഷണത്തിൽ കണ്ടെത്തി. അമിത രക്തസ്രാവം മൂലമാണ് യുവതി മരിച്ചത്.വഴിയാത്രക്കാർ ഇരയെ റോഡരികിൽ മരിച്ചുകിടക്കുന്നത് കണ്ട് പോലീസിൽ അറിയിച്ചപ്പോഴാണ് കൊലപാതകം പുറത്തറിഞ്ഞത്.ശ്രീരാംപുര പോലീസ് സ്ഥലത്തെത്തി അന്വേഷണം നടത്തി, മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി മാറ്റി. അക്രമിയെ തിരിച്ചറിയാൻ പ്രദേശത്തും പരിസരത്തുമുള്ള സിസിടിവി ദൃശ്യങ്ങൾ അധികൃതർ പരിശോധിച്ചുവരികയാണ്. പ്രിയയുടെ പ്രണയാഭ്യർത്ഥന നിരസിച്ചതിനെത്തുടർന്ന് കൊലപ്പെടുത്തിയതാകാൻ സാധ്യതയുള്ള ആളിലേക്കാണ് പ്രാഥമിക അന്വേഷണത്തിൽ വിരൽ ചൂണ്ടുന്നതെന്ന് പോലീസ് പറഞ്ഞു.പ്രിയയുടെ കോൾ റെക്കോർഡ് വിശദാംശങ്ങളും പരിശോധിച്ചുവരികയാണ്. “ഞങ്ങൾക്ക് ചില സൂചനകൾ ലഭിച്ചു, അതിനായി പ്രവർത്തിക്കുന്നു,” ഒരു പോലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു.