വിജയവാഡ: ആന്ധ്രാപ്രദേശിൽമൂന്നാമതും നാലാമതും ജനിക്കുന്ന കുഞ്ഞുങ്ങൾക്ക് സാമ്പത്തിക പ്രോത്സാഹനം പ്രഖ്യാപിച്ച് മുഖ്യമന്ത്രി എൻ. ചന്ദ്രബാബു നായിഡു. മൂന്നാമത് ജനിക്കുന്ന കുഞ്ഞിന് 30,000 രൂപയും നാലാമത് ജനിക്കുന്ന കുഞ്ഞിന് 40,000 രൂപയുമാണ് നൽകുക.സംസ്ഥാനത്തെ ജനസംഖ്യാ കുറവ് പരിഹരിക്കുക ലക്ഷ്യമിട്ടാണ് നടപടി. ശ്രീകാക്കുളം ജില്ലയിലെ നരസന്നപേട്ടയിൽ നടന്ന ഒരു ചടങ്ങിൽ സംസാരിക്കുന്നതിനിടെയാണ് പ്രഖ്യാപനം. കഴിഞ്ഞ മാർച്ചിൽ രണ്ടാമത്തെ കുട്ടിക്ക് 25,000 രൂപ പ്രോത്സാഹനമായി പ്രഖ്യാപിച്ചിരുന്നു.അതിന് പിന്നാലെയാണ് ഈ പ്രഖ്യാപനം.
കുഞ്ഞുങ്ങൾ ജനിച്ച ഉടൻ തന്നെ ഈ പണം കുടുംബങ്ങൾക്ക് കൈമാറുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഒരു മാസത്തിനകം ഇക്കാര്യത്തിൽ കൂടുതൽ വിശദാംശങ്ങൾ നൽകും. മുൻപ് ജനസംഖ്യാ നിയന്ത്രണ നടപടികളെ പിന്തുണച്ചിരുന്നില്ലെങ്കിലും ഇപ്പോൾ ജനനനിരക്ക് വർധിപ്പിക്കാൻ സമൂഹം ഒരുമിച്ച് പ്രവർത്തിക്കേണ്ട സമയമാണെന്നും അദ്ദേഹം പറഞ്ഞു.ആന്ധ്രാപ്രദേശിലെ ജനസംഖ്യ കുറയുന്നതിൽ അദ്ദേഹം ആശങ്ക പ്രകടിപ്പിച്ചു, കുട്ടികളെ ഒരു ഭാരമായി കാണുന്നതിനുപകരം രാജ്യത്തിന്റെ സമ്പത്തായി കാണണമെന്ന് അദ്ദേഹം ഊന്നിപ്പറഞ്ഞു.ജനസംഖ്യാ വളർച്ചയെ പ്രോത്സാഹിപ്പിക്കുന്നതിനുള്ള സംസ്ഥാന സർക്കാരിൻ്റെ പദ്ധതിയുടെ ഭാഗമാണ് ഈ പദ്ധതിയെന്ന് അദ്ദേഹം പറഞ്ഞു.