Home തിരഞ്ഞെടുത്ത വാർത്തകൾ വിദ്യാര്‍ത്ഥികളുടെ ശ്രദ്ധയ്ക്ക്, പാഠ്യപദ്ധതിയില്‍ വൻ മാറ്റം; 9, 10 ക്ലാസുകളില്‍ 3 ഭാഷകള്‍ നിര്‍ബന്ധമാക്കി സിബിഎസ്‌ഇ, വ്യവസ്ഥകള്‍ ഇങ്ങനെ

വിദ്യാര്‍ത്ഥികളുടെ ശ്രദ്ധയ്ക്ക്, പാഠ്യപദ്ധതിയില്‍ വൻ മാറ്റം; 9, 10 ക്ലാസുകളില്‍ 3 ഭാഷകള്‍ നിര്‍ബന്ധമാക്കി സിബിഎസ്‌ഇ, വ്യവസ്ഥകള്‍ ഇങ്ങനെ

ന്യൂഡല്‍ഹി: സെൻട്രല്‍ ബോർഡ് ഓഫ് സെക്കൻഡറി എജ്യുക്കേഷൻ (സിബിഎസ്‌ഇ) ഒൻപത്, പത്ത് ക്ലാസുകളിലെ ഭാഷാ നയത്തില്‍ ചരിത്രപരമായ മാറ്റം പ്രഖ്യാപിച്ചു.വരാനിരിക്കുന്ന ജൂലൈ ഒന്ന് മുതല്‍ വിദ്യാർത്ഥികള്‍ തങ്ങളുടെ പാഠ്യപദ്ധതിയുടെ ഭാഗമായി മൂന്ന് ഭാഷകള്‍ പഠിക്കണമെന്ന് ബോർഡ് പുറത്തിറക്കിയ സർക്കുലറില്‍ വ്യക്തമാക്കുന്നു. എന്നാല്‍ വിദ്യാർത്ഥികള്‍ക്ക് ആശ്വാസമായി ഈ മൂന്നാമത്തെ ഭാഷയ്ക്ക് ബോർഡ് പരീക്ഷ ഉണ്ടായിരിക്കുന്നതല്ല. നിലവില്‍ ഏപ്രിലില്‍ ആരംഭിച്ച അധ്യയന വർഷത്തില്‍ തന്നെ ഈ മാറ്റം വരുത്തുന്നതിനാല്‍ സ്കൂളുകള്‍ക്ക് ആവശ്യമായ മുൻകരുതലുകളോടെ ഇത് നടപ്പിലാക്കാനുള്ള സൗകര്യം ബോർഡ് ഒരുക്കിയിട്ടുണ്ട്.

പുതിയ പരിഷ്കാരപ്രകാരം ആകെ പഠിക്കുന്ന മൂന്ന് ഭാഷകളില്‍ രണ്ടെണ്ണം നിർബന്ധമായും ഇന്ത്യൻ ഭാഷകള്‍ ആയിരിക്കണം. വിദേശ ഭാഷകള്‍ പഠിക്കാൻ താല്പര്യമുള്ളവർക്ക് മറ്റ് രണ്ട് ഭാഷകള്‍ ഇന്ത്യൻ ഭാഷകളാണെന്ന് ഉറപ്പുവരുത്തിക്കൊണ്ട് മൂന്നാം ഭാഷയായി അത് തിരഞ്ഞെടുക്കാം, അല്ലെങ്കില്‍ നാലാമതൊരു അധിക വിഷയമായി വിദേശ ഭാഷ പഠിക്കാനുള്ള അവസരവും ഉണ്ടായിരിക്കും. മൂന്നാം ഭാഷയ്ക്ക് ബോർഡ് പരീക്ഷയുടെ സമ്മർദ്ദം ഉണ്ടാകില്ല എന്നത് ഈ പരിഷ്കാരത്തിന്‍റെ പ്രധാന സവിശേഷതയാണ്. പത്താം ക്ലാസിലെ ഈ ഭാഷയുടെ മൂല്യനിർണ്ണയം പൂർണ്ണമായും സ്കൂളുകളില്‍ മാത്രമായിരിക്കും നടത്തുക.ഇതിന്‍റെ മാർക്കുകള്‍ ഫൈനല്‍ സർട്ടിഫിക്കറ്റില്‍ രേഖപ്പെടുത്തുമെങ്കിലും, ഈ വിഷയത്തിന്‍റെ പേരില്‍ ഒരു വിദ്യാർത്ഥിക്കും പത്താം ക്ലാസ് ബോർഡ് പരീക്ഷ എഴുതാനുള്ള അവസരം നഷ്ടമാകില്ല. അധ്യയന വർഷം ഇതിനകം ആരംഭിച്ചതിനാല്‍ ഇതൊരു പെട്ടെന്നുള്ള മാറ്റമായി അടിച്ചേല്‍പ്പിക്കാതെ, സ്കൂളുകള്‍ക്കും കുട്ടികള്‍ക്കും പൊരുത്തപ്പെടാനുള്ള സമയം അനുവദിച്ചുകൊണ്ട് വളരെ അയവുള്ള രീതിയിലാണ് സിബിഎസ്‌ഇ ഇത് നടപ്പിലാക്കുന്നത്.

അധ്യാപകരുടെ കുറവ് ഉള്‍പ്പെടെ സ്കൂളുകള്‍ നേരിടാൻ സാധ്യതയുള്ള പ്രായോഗിക ബുദ്ധിമുട്ടുകള്‍ പരിഹരിക്കാൻ പകരമുള്ള സംവിധാനങ്ങളും ബോർഡ് നിർദ്ദേശിച്ചിട്ടുണ്ട്. സ്കൂളുകള്‍ക്ക് ഹൈബ്രിഡ് അധ്യാപന രീതികള്‍ ഉപയോഗിക്കാനും, സഹോദയ സ്കൂള്‍ ക്ലസ്റ്ററുകള്‍ വഴി വിഭവങ്ങള്‍ പങ്കുവെക്കാനും, വിരമിച്ച അധ്യാപകരുടെ സേവനം തേടാനും അനുവാദമുണ്ട്. ജൂണ്‍ മുപ്പതിനകം സ്കൂളുകള്‍ ലഭ്യമാക്കുന്ന ഭാഷകളുടെ വിവരങ്ങള്‍ ഔദ്യോഗിക പോർട്ടലില്‍ അപ്ഡേറ്റ് ചെയ്യണം.പുതിയ പാഠപുസ്തകങ്ങള്‍ വരുന്നതുവരെ താല്‍ക്കാലികമായി ആറാം ക്ലാസ് നിലവാരത്തിലുള്ള പുസ്തകങ്ങളും പ്രാദേശിക സാഹിത്യകൃതികളും ഉപയോഗിച്ചായിരിക്കും പഠനം. അതേസമയം, ഭിന്നശേഷിയുള്ള കുട്ടികള്‍ക്കും വിദേശത്തുനിന്ന് തിരിച്ചെത്തുന്ന വിദ്യാർത്ഥികള്‍ക്കും നിബന്ധനകളില്‍ ഇളവുകള്‍ അനുവദിച്ചിട്ടുണ്ട്. മാതൃഭാഷാ പഠനത്തെ പ്രോത്സാഹിപ്പിക്കുന്നതോടൊപ്പം കുട്ടികളുടെ പരീക്ഷാ സമ്മർദ്ദം കുറയ്ക്കുക എന്ന ലക്ഷ്യത്തോടെയുമാണ് സിബിഎസ്‌ഇ ഈ വലിയ ചുവടുവെപ്പ് നടത്തിയിരിക്കുന്നത്.

You may also like

error: Content is protected !!
Join Our WhatsApp Group