ബെംഗളൂരു: പ്രമുഖ ശാസ്ത്രജ്ഞനും ഭാരതരത്‌ന പുരസ്‌കാര ജേതാവുമായ പ്രഫ. സി.എന്‍.ആര്‍ റാവുവിന് എസ്‌ഐആര്‍ നോട്ടീസ്.റാവുവിന്റെ പേരിലെ അക്ഷര വ്യത്യാസത്തെ തുടര്‍ന്ന് കര്‍ണാടകയിലെ എസ്‌ഐആര്‍ നടപടിയില്‍ നോട്ടീസ് ലഭിച്ചതായാണ് റിപ്പോര്‍ട്ട്. 92കാരനായ റാവുവിന്റെ പേര് വോട്ടര്‍പട്ടികയിലെ പേരുമായി പൊരുത്തപ്പെടുന്നില്ലെന്ന കാരണമാണ് ചൂണ്ടിക്കാട്ടിയത്.പഴയ വോട്ടര്‍പട്ടികയില്‍ അദ്ദേഹത്തിന്റെ പേര് ‘Prof CNR Rao’ എന്നാണുള്ളത്. എന്നാല്‍ നിലവിലെ പട്ടികയില്‍ ‘Prof’ എന്നതിന് പകരം ‘Proff CNR Rao’ എന്നാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ‘Prof’ എന്നതിലെ അധികമായി ചേര്‍ന്ന ഒരു ‘f’ ആണ് പേരിലെ പൊരുത്തക്കേടിന് കാരണമായത്.

ഇതിനെ ‘self-name mismatch’ എന്നാണ് നോട്ടീസില്‍ കാണിച്ചിരിക്കുന്നത്.പേരിലെ പൊരുത്തക്കേട് പരിശോധിച്ച് വ്യക്തിയെ സ്ഥിരീകരിക്കുന്നതിനായി ബെംഗളൂരുവിലെ മല്ലേശ്വരത്ത്, ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയന്‍സിന് സമീപം നടക്കുന്ന ഹിയറിങ്ങില്‍ ഹാജരാകാനാണ് റാവുവിനോട് ആവശ്യപ്പെട്ടതെന്നാണ് റിപ്പോര്‍ട്ട്. നേരിട്ടുള്ള നോട്ടീസ് ലഭിച്ചിട്ടില്ലെന്നും തെരഞ്ഞെടുപ്പ് കമ്മിഷന്റെ വെബ്സൈറ്റിലാണ് ഇക്കാര്യം കണ്ടതെന്നും റാവുവിന്റെ ഓഫീസിലെ പ്രതിനിധി പ്രതികരിച്ചു.സി.എന്‍.ആര്‍ റാവുവിന് നോട്ടീസ് നല്‍കിയിട്ടില്ലെന്ന് ഗ്രേറ്റര്‍ ബെംഗളൂരു അതോറിറ്റി ചീഫ് കമ്മിഷണര്‍ എം. മഹേശ്വര റാവു പറഞ്ഞു.
എസ്‌ഐആര്‍ നടപടിക്കിടെ പേരിലെ വ്യത്യാസം ശ്രദ്ധയില്‍പ്പെട്ടെങ്കിലും, റാവുവിനെതിരെ ഔദ്യോഗിക നോട്ടീസ് നല്‍കിയിട്ടില്ലെന്നാണ് അദ്ദേഹത്തിന്റെ വിശദീകരണം.രാജ്യത്തെ പ്രമുഖ ശാസ്ത്രജ്ഞരില്‍ ഒരാളായ സി.എന്‍.ആര്‍ റാവുവിന് 2014ലാണ് രാജ്യത്തെ പരമോന്നത സിവിലിയന്‍ ബഹുമതിയായ ഭാരതരത്‌ന ലഭിച്ചത്. സോളിഡ്-സ്റ്റേറ്റ്, സ്ട്രക്ചറല്‍ കെമിസ്ട്രി മേഖലകളിലെ ഗവേഷണങ്ങളിലൂടെയാണ് അദ്ദേഹം അന്താരാഷ്ട്ര തലത്തില്‍ ശ്രദ്ധേയനായത്. ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയന്‍സിന്റെ ഡയറക്ടറായും പ്രധാനമന്ത്രിയുടെ ശാസ്ത്ര ഉപദേശക സമിതികളുടെ അധ്യക്ഷനായും അദ്ദേഹം പ്രവര്‍ത്തിച്ചിട്ടുണ്ട്.