Home കർണാടക ആമസോണ്‍, സ്വിഗ്ഗി ഇൻസ്റ്റാമാര്‍ട്ട് സ്റ്റോറുകളില്‍ റെയ്‌ഡ് ; പിടിച്ചെടുത്തത് 1.38 കോടിയുടെ പഴകിയ ഉല്‍പ്പന്നങ്ങള്‍

ആമസോണ്‍, സ്വിഗ്ഗി ഇൻസ്റ്റാമാര്‍ട്ട് സ്റ്റോറുകളില്‍ റെയ്‌ഡ് ; പിടിച്ചെടുത്തത് 1.38 കോടിയുടെ പഴകിയ ഉല്‍പ്പന്നങ്ങള്‍

by ടാർസ്യുസ്

മുൻനിര ഓണ്‍ലൈൻ പലചരക്ക് വിതരണ ശൃംഖലകളുടെയും ഇ-കൊമേഴ്‌സ് ഭീമന്മാരുടെയും സംഭരണ കേന്ദ്രങ്ങളില്‍ കർണാടക ഭക്ഷ്യസുരക്ഷാ വകുപ്പ് നടത്തിയ വ്യാപക പരിശോധനയില്‍ ഗുരുതര നിയമലംഘനങ്ങളും കൃത്രിമങ്ങളും കണ്ടെത്തി.അതിവേഗ ഡെലിവറി വാഗ്ദാനം ചെയ്യുന്ന സെപ്‌റ്റോ, സ്വിഗ്ഗി ഇൻസ്റ്റാമാർട്ട്, ആമസോണ്‍ എന്നിവയുടെ ബെംഗളൂരു നഗരത്തിലും പ്രാന്തപ്രദേശങ്ങളിലുമുള്ള വെയർഹൗസുകളിലും ഡാർക്ക് സ്റ്റോറുകളിലും ഒരേസമയം നടത്തിയ റെയ്ഡില്‍ കാലാവധി കഴിഞ്ഞതും ഭക്ഷ്യയോഗ്യമല്ലാത്തതുമായ 1.38 കോടി രൂപയുടെ ഭക്ഷ്യസാധനങ്ങള്‍ പിടിച്ചെടുത്തു.

ഓണ്‍ലൈൻ പ്ലാറ്റ്ഫോമുകള്‍ വഴി ഓർഡർ ചെയ്യുന്ന സാധനങ്ങള്‍ മിനിറ്റുകള്‍ക്കകം വീട്ടുപടിക്കല്‍ എത്തിക്കുന്ന ക്വിക്ക് കൊമേഴ്‌സ് കമ്പനികള്‍ ഗുണനിലവാരവും ശുചിത്വവും കാറ്റില്‍പ്പറത്തിയാണ് പ്രവർത്തിക്കുന്നതെന്ന വ്യാപക പരാതികളെത്തുടർന്നാണ് സംസ്ഥാന ഭക്ഷ്യസുരക്ഷാ വകുപ്പ് കർശന നടപടികളിലേക്ക് കടന്നത്. വെയർഹൗസുകളില്‍ അശാസ്ത്രീയമായി തരംതിരിക്കാതെ സൂക്ഷിച്ച ഉല്‍പ്പന്നങ്ങള്‍, ദുർഗന്ധം വമിക്കുന്ന സാഹചര്യങ്ങള്‍, കൃത്യമായ ലൈസൻസുകളോ രേഖകളോ ഇല്ലാതെ പ്രവർത്തിക്കുന്ന ഡാർക്ക് സ്റ്റോറുകള്‍ എന്നിവയെല്ലാം പരിശോധനയില്‍ ഉദ്യോഗസ്ഥർ കണ്ടെത്തിയതായി ‘ഇന്ത്യ ടുഡേ’ റിപ്പോർട്ട് ചെയ്തു.ബെംഗളൂരു റൂറല്‍ ജില്ലയിലെ ഹൊസ്‌കോട്ടെയില്‍ പ്രവർത്തിക്കുന്ന സെപ്‌റ്റോയുടെ പ്രധാന വിതരണ കേന്ദ്രത്തില്‍ ഭക്ഷ്യസുരക്ഷാ വകുപ്പ് ഉദ്യോഗസ്ഥർ നടത്തിയ പരിശോധനയില്‍ ഗുരുതരമായ വീഴ്ചകളാണ് ശ്രദ്ധയില്‍പ്പെട്ടത്.

പാക്കിങ് തീയതിയും ഉപയോഗ കാലാവധിയും കഴിഞ്ഞ മാസങ്ങള്‍ പിന്നിട്ട പായ്ക്കറ്റ് ഭക്ഷണങ്ങള്‍, ഭക്ഷ്യ എണ്ണകള്‍, പാല്‍ ഉല്‍പ്പന്നങ്ങള്‍, സുഗന്ധവ്യഞ്ജനങ്ങള്‍, ബേക്കറി പലഹാരങ്ങള്‍ എന്നിവ സാധാരണ സാധനങ്ങള്‍ക്കൊപ്പം യാതൊരു വേർതിരിവുമില്ലാതെയാണ് റാക്കുകളില്‍ സൂക്ഷിച്ചിരുന്നത്.സെപ്‌റ്റോയില്‍ മാത്രമല്ല, രാജ്യത്തെ പ്രമുഖ ഓണ്‍ലൈൻ വ്യാപാര പ്ലാറ്റ്ഫോമായ ആമസോണിന്റെയും സ്വിഗ്ഗിയുടെ കീഴിലുള്ള ഇൻസ്റ്റാമാർട്ടിന്റെയും പ്രധാന സംഭരണ കേന്ദ്രങ്ങളിലും സമാനമായ രീതിയില്‍ വൻ ക്രമക്കേടുകളാണ് എഫ്‌എസ്‌എസ്‌എ കണ്ടെത്തിയത്. ബെംഗളൂരു നഗരത്തിലെ വിവിധയിടങ്ങളിലായി പ്രവർത്തിക്കുന്ന ആമസോണ്‍, ഇൻസ്റ്റാമാർട്ട് കേന്ദ്രങ്ങളില്‍ നടത്തിയ പരിശോധനയില്‍ വില്‍പനയ്ക്കായി തയ്യാറാക്കി വെച്ചിരുന്ന കോടിക്കണക്കിന് രൂപയുടെ കാലാവധി കഴിഞ്ഞ ഭക്ഷ്യവസ്തുക്കള്‍ ഉദ്യോഗസ്ഥർ കണ്ടെടുത്തു. കുട്ടികള്‍ക്ക് നല്‍കുന്ന ടിൻ ഫുഡുകള്‍, ബിസ്‌കറ്റുകള്‍, ശീതളപാനീയങ്ങള്‍, ചോക്ലേറ്റുകള്‍, റെഡി-ടു-ഈറ്റ് ഭക്ഷ്യവസ്തുക്കള്‍ എന്നിവ ഇതില്‍ ഉള്‍പ്പെടുന്നു.

You may also like

error: Content is protected !!
Join Our WhatsApp Group