കർണാടക മുഖ്യമന്ത്രി ഡി.കെ. ശിവകുമാറിന്റെ ഔദ്യോഗിക വസതിയില്‍ കുടുംബസമേതം സന്ദർശനം നടത്തി നടൻ ആസിഫ് അലി.കുടുംബസമേതമാണ് ആസിഫ് അലി മുഖ്യമന്ത്രിയുടെ വസതിയിലെത്തിയത്. ബംഗളൂരുവില്‍ നടന്ന ഓണാഘോഷ പരിപാടിയില്‍ പങ്കെടുക്കാനെത്തിയ താരത്തെ ഡി.കെ. ശിവകുമാർ പ്രത്യേകമായി ക്ഷണിക്കുകയായിരുന്നു. മുഖ്യമന്ത്രിയുടെ വസതിയില്‍ ഒരുക്കിയ വിരുന്നിലും ആസിഫ് അലിയും കുടുംബവും പങ്കെടുത്തു.സെപ്റ്റംബർ 5ന് ബംഗളൂരുവില്‍ സംഘടിപ്പിച്ച ഇസിഎ ഓണോത്സവം 2026-ന്റെ ഗസ്റ്റ് ഓഫ് ഓണർ ആയിരുന്നു ആസിഫ് അലി.

ബംഗളൂരുവിലെ മലയാളി സമൂഹത്തിന്റെ ഓണാഘോഷത്തിന്റെ ഭാഗമായി സംഘടിപ്പിച്ച പരിപാടിയില്‍ മലയാള സിനിമയിലെ ശ്രദ്ധേയ സാന്നിധ്യമായ താരത്തെ ആദരവോടെയാണ് സ്വീകരിച്ചത്. നടൻ എന്ന നിലയിലും നിർമാതാവ് എന്ന നിലയിലും ആസിഫ് അലിയുടെ സിനിമാ യാത്രയെ പരിചയപ്പെടുത്തിക്കൊണ്ടായിരുന്നു അവർ അദ്ദേഹത്തെ പരിപാടിയിലേക്ക് ക്ഷണിച്ചത്.ഓണാഘോഷ പരിപാടിയിലെ സാന്നിധ്യത്തിന് പിന്നാലെയാണ് ആസിഫ് അലി കുടുംബസമേതം കർണാടക മുഖ്യമന്ത്രിയുടെ വസതിയിലെത്തിയത്. മലയാളികള്‍ക്കൊപ്പമുള്ള ഓണാഘോഷവും മുഖ്യമന്ത്രിയുമായുള്ള കൂടിക്കാഴ്ചയും താരത്തിന്റെ ബംഗളൂരു സന്ദർശനത്തിലെ ശ്രദ്ധേയ നിമിഷങ്ങളായി.