ഗര്‍ഭധാരണം സംബന്ധിച്ച് അധിക്ഷേപ പരാമര്‍ശം നടത്തിയ കര്‍ണാടക എംഎല്‍എ ക്കെതിരെ കര്‍ണാടകയില്‍ പ്രതിഷേധം രൂക്ഷമാകുന്നു.കര്‍ണാടക വനംവകുപ്പിലെ ഒരു വനിതാ ഉദ്യോഗസ്ഥയെ ലക്ഷ്യമിട്ടായിരുന്നു കോണ്‍ഗ്രസ് എംഎല്‍എയുടെ പരാമര്‍ശം. ഒരു സര്‍ക്കാര്‍ യോഗത്തിലാണ് എംഎല്‍എയുടെ ഈ ലൈംഗിക ചുവയുള്ള പരാമര്‍ശം എന്നതാണ് ഗൗരവകരം.സംസ്ഥാനത്ത് ഇത് വലിയ വിവാദമായിരിക്കുകയാണ്. കര്‍ണാടക എംഎല്‍എ ശിവഗംഗ ബസവരാജിനെതിരെയാണ് രൂക്ഷവിമര്‍ശനം ഉയര്‍ന്നിരിക്കുന്നത്.
ചന്നഗിരിയില്‍ നിന്നുള്ള എംഎല്‍എ ആണ് ശിവഗംഗ ബസവരാജ്. ഗര്‍ഭിണിയായ ഫോറസ്റ്റ് റേഞ്ച് ഓഫീസര്‍ ശ്വേതാ സര്‍ക്കാര്‍ യോഗത്തില്‍ പങ്കെടുക്കാത്തതിനെ തുടര്‍ന്നാണ് എംഎല്‍എയുടെ അശ്ലീല പരാമര്‍ശം. എംഎല്‍എയുടെ പരാമര്‍ശം സംസ്ഥാനത്തുടനീളമുള്ള വനിതാ അവകാശ പ്രവര്‍ത്തകരില്‍ നിന്നും പ്രതിപക്ഷ കക്ഷികളില്‍ നിന്നും രൂക്ഷ വിമര്‍ശനം ഏറ്റുവാങ്ങിയിരിക്കുകയാണ്.സംസ്ഥാന സര്‍ക്കാര്‍ ശമ്ബളത്തോടുകൂടി ആര്‍ത്തവ അവധി പ്രഖ്യാപിച്ചതിനു പിന്നാലെയാണ് സര്‍ക്കാരിനെ നാണം കെടുത്തുന്ന ഈ സംഭവം ഉണ്ടായത്.
സ്ത്രീകള്‍ക്ക് വേണ്ടി പുരോഗമനപരമായ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നുവെന്ന് സര്‍ക്കാര്‍ അവകാശപ്പെടുന്നതിനിടയാണ് കല്ലുകടിയായി ഈ സംഭവം ഉണ്ടാകുന്നത്.യോഗത്തിനിടെ ഫോറസ്റ്റ് റേഞ്ച് ഓഫീസര്‍ ശ്വേത പങ്കെടുക്കാത്തതിനെക്കുറിച്ച് ബസവരാജ് പരസ്യമായി ചോദ്യം ചെയ്തിരുന്നു. ‘അവര്‍ ഗര്‍ഭിണിയാണെങ്കില്‍ അവധി എടുക്കണം എന്തിനാണ് ജോലി ചെയ്യുന്നത്. അവള്‍ക്ക് പണം വേണം താനും. എന്നാല്‍ യോഗങ്ങള്‍ക്ക് വിളിക്കുമ്ബോള്‍ വരാനും കഴിയില്ല. ശമ്ബളം മേടിച്ച് അവധി എടുക്കാന്‍ നാണമില്ലേ എന്നായിരുന്നു എംഎല്‍എയുടെ ചോദ്യം.
‘സ്ത്രീകള്‍ക്ക് പ്രസവ അവധിയുണ്ട്. പ്രസവത്തിന് അവസാന തീയതി വരെ ശമ്ബളവും അധിക വേതനയും വേണം. എന്നാല്‍ എന്തെങ്കിലും ജോലി ചെയ്യാന്‍ പറഞ്ഞാല്‍ വരാന്‍ കഴിയില്ല. ഗര്‍ഭധാരണം നല്ലൊരു എക്‌സ്‌ക്യൂസ് ആണ്. ഒരാള്‍ക്ക് സ്വയം ലജ്ജ തോന്നണം. എപ്പോഴും ഒരേ എക്‌സ്‌ക്യൂസ് ആണ് – ഞാന്‍ ഗര്‍ഭിണിയായതു കൊണ്ട് ഡോക്ടര്‍ അടുത്തേക്ക് പോകുന്നു’ – ഇതായിരുന്നു ബസവരാജയുടെ വാക്കുകള്‍നിരവധി സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തില്‍ ആയിരുന്നു എംഎല്‍എയുടെ ഈ പരസ്യ അധിക്ഷേപം.
എംഎല്‍എയുടെ പരാമര്‍ശം സോഷ്യല്‍ മീഡിയയിലും വൈറല്‍ ആയിട്ടുണ്ട്. സ്ത്രീ സംഘടനകള്‍ ഈ ദൃശ്യങ്ങള്‍ പങ്കുവെച്ച് വലിയ വിമര്‍ശനമാണ് നടത്തുന്നത്. പലരും ഇതിനെ വിവേകശൂന്യവും ലൈംഗിക ചുവയുള്ളതും എന്നാണ് വിശേഷിപ്പിച്ചത്.ജോലിചെയ്യുന്ന സ്ത്രീകളെ കുറിച്ചുള്ള സമൂഹത്തിന്റെ മുന്‍ധാരണകളെ ശക്തിപ്പെടുത്തുന്നതാണ് ഈ പരാമര്‍ശമെന്ന് വനിതാ അവകാശ പ്രവര്‍ത്തകര്‍ പറയുന്നു.
എംഎല്‍എയുടെ പരാമര്‍ശങ്ങള്‍ ഗര്‍ഭധാരണത്തെയും സ്ത്രീകളുടെ തൊഴില്‍ പ്രതിബദ്ധതയും നിസാരവല്‍ക്കരിക്കുകയാണ്. എംഎല്‍എ മാപ്പ് പറയണമെന്നും അദ്ദേഹത്തിന് എതിരെ നടപടിയെടുക്കണമെന്നും സ്ത്രീ സംഘടനകള്‍ ആവശ്യപ്പെട്ടു.സംഭവം വിവാദമായെങ്കിലും മാപ്പ് പറയാനോ അധിക്ഷേപ പരാമര്‍ശത്തില്‍ വിശദീകരണം നല്‍കാനോ എംഎല്‍എ ഇതുവരെ തയ്യാറായിട്ടില്ല. അതേസമയം പ്രതിപക്ഷമായ ബിജെപി കോണ്‍ഗ്രസ് സര്‍ക്കാരിനെതിരെയുള്ള ആയുധമായി എംഎല്‍എയുടെ ഈ പരാമര്‍ശത്തെ ഉപയോഗപ്പെടുത്താനുള്ള ഒരുക്കത്തിലാണ്.