ബംഗളൂരു: ഹ്യൂമൻ മെറ്റാന്യൂമോ വൈറസ് (എച്ച്.എം.പി.വി) കേസുകളുടെ എണ്ണത്തിൽ കാര്യമായ വർധന ഉണ്ടായിട്ടില്ലെന്ന് കർണാടക ആരോഗ്യ വകുപ്പ് അറിയിച്ചു. എന്നാൽ സംസ്ഥാനങ്ങൾ ജാഗ്രത പാലിക്കണം. കടുത്ത ശ്വാസകോശ സംബന്ധമായ അസുഖങ്ങൾക്കും ഇൻഫ്ലുവൻസ പോലുള്ള രോഗങ്ങൾക്കും നിരീക്ഷണം ശക്തമാക്കാൻ കേന്ദ്രം എല്ലാ സംസ്ഥാനങ്ങളോടും ആവശ്യപ്പെട്ടിട്ടുണ്ട്.ചൈനയിൽ എച്ച്.എം.പി.വി പടരുന്നതിൻ്റെ പശ്ചാത്തലത്തിലാണ് എല്ലാ സംസ്ഥാനങ്ങൾക്കും കേന്ദ്രം നിർദേശം നൽകിയത്. ഇൻ്റഗ്രേറ്റഡ് ഡിസീസ് സർവൈലൻസ് പ്രോഗ്രാമിന്റെ യോഗത്തിൽ ജാഗ്രത ശക്തമാക്കാൻ കേന്ദ്ര ആരോഗ്യ മന്ത്രാലയ ഉദ്യോഗസ്ഥർ നിർദേശം നൽകിയതായി കർണാടക ആരോഗ്യ ഉദ്യോഗസ്ഥൻ പറഞ്ഞു.
കർണാടക ആരോഗ്യ കുടുംബക്ഷേമ വകുപ്പ് സംസ്ഥാനത്ത് നിലവിലുള്ള ശ്വാസകോശ സംബന്ധമായ അണുബാധകളുടെ ഡാറ്റ വിശകലനം ചെയ്തിട്ടുണ്ട്. സംശയാസ്പദമായ 714 കേസുകൾ പരിശോധിച്ചതിൽ 2024 ഡിസംബറിൽ രാജ്യത്ത് എച്ച്.എം.പി.വിയുടെ 1.3 ശതമാനം സുകളാണ് റിപ്പോർട്ട് ചെയ്തത്. ഡിസംബറിൽ റിപ്പോർട്ട് ചെയ്ത ഒമ്പത് കേസുകളിൽ പുതുച്ചേരിയിൽ നാല്, ഒഡിഷയിൽ രണ്ട്, ത്രിപുര, ഉത്തർപ്രദേശ്, ഡൽഹി എന്നിവിടങ്ങളിൽ നിന്ന് ഓരോന്നും ഉൾപ്പെടുന്നു.
എല്ലാ രോഗികളും സുഖം പ്രാപിച്ചതായും ആരോഗ്യ മന്ത്രാലയം അറിയിച്ചു. ജനുവരിയിൽ ഇതുവരെ റിപ്പോർട്ട് ചെയ്യപ്പെട്ട മൂന്ന് കേസുകളിൽ ബംഗളൂരുവിൽ മൂന്നു മാസം പ്രായമുള്ള കുഞ്ഞിനെ ഡിസ്ചാർജ് ചെയ്യുകയും എട്ടു മാസം പ്രായമുള്ള കുട്ടി സുഖം പ്രാപിക്കുകയും ചെയ്തു. അഹമ്മദാബാദ് കേസിൽ രോഗി സുഖം പ്രാപിക്കുകയും ഡിസ്ചാർജ് ചെയ്യുകയും ചെയ്തിട്ടുണ്ട്.