ബെംഗളൂരു: ബിസിനസ് അഭിവൃദ്ധി വാഗ്ദാനം ചെയ്ത് ബ്യൂട്ടീഷ്യനെ പീഡിപ്പിക്കുകയും കുടുംബത്തെ ദുർമന്ത്രവാദത്തിലൂടെ നശിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്ത ജ്യോത്സ്യനെതിരെ ചന്നമനക്കരെ അച്ചുകാട്ട് പോലീസ് കേസെടുത്തു.കുമ്പല്‍ഗോഡു സ്വദേശിയായ മോഹൻകുമാർ (38) ആണ് ഈ കേസിലെ പ്രതി.യുവതി നടത്തുന്ന ബ്യൂട്ടീഷ്യൻ അക്കാദമിയില്‍ സഹോദരിക്ക് പ്രവേശനത്തിനെന്ന പേരിലെത്തി പരിചയപ്പെട്ട മോഹൻ കുമാർ പിന്നീട് കൂടുതല്‍ അടുപ്പം സ്ഥാപിക്കുകയായിരുന്നു.. താനൊരു ജ്യോതിഷിയും രോഗശാന്തിക്കാരനുമാണെന്ന് വിശ്വസിപ്പിച്ച് ബിസിനസ് വളർച്ചയ്ക്കായി പ്രത്യേക പൂജകള്‍ നടത്താമെന്ന് പറഞ്ഞ് ഇയാള്‍ യുവതിയുടെ വിശ്വാസം പിടിച്ചുപറ്റി.പൂജകള്‍ക്കായി യുവതിയുടെ വീട്ടിലെത്തിയ സമയത്ത് ആചാരത്തിന്റെ ഭാഗമെന്ന് തെറ്റിദ്ധരിപ്പിച്ച് ഭർത്താവിനെയും മകനെയും ഒരു മണിക്കൂർ മരത്തിന് ചുറ്റും വലംവെക്കാനായി ഇയാള്‍ പുറത്തേക്ക് പറഞ്ഞയച്ചു. വീട്ടില്‍ മറ്റാരുമില്ലാത്ത ഈ സമയം നോക്കി ഇയാള്‍ യുവതിയെ പീഡിപ്പിക്കാൻ ശ്രമിക്കുകയും, യുവതി എതിർത്തപ്പോള്‍ ദുർമന്ത്രവാദം ഉപയോഗിച്ച് കുടുംബത്തെ നശിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി ലൈംഗികമായി പീഡിപ്പിക്കുകയും ചെയ്തു.ഭീഷണി ഭയന്ന് വിവരം പുറത്തു പറയാതിരുന്ന യുവതി മാനസിക വിഷമത്തെ തുടർന്ന് അടുത്തിടെ ജീവനൊടുക്കാനും ശ്രമം നടത്തി. ഇതിനുശേഷമാണ് വീട്ടുകാരോട് കാര്യങ്ങള്‍ വെളിപ്പെടുത്തിയതും പോലീസില്‍ പരാതി നല്‍കിയതും. നിലവില്‍ ഒളിവില്‍ പോയ പ്രതിയെ കണ്ടെത്താനുള്ള അന്വേഷണം പോലീസ് ഊർജിതമാക്കിയിട്ടുണ്ട്.