ബംഗളൂരു: കർണാടകയില്‍ ബീഡി വ്യവസായിയുടെ വീട്ടില്‍ എൻഫോഴ്സ്മെന്റ് ഡയരക്ടറേറ്റ്(ഇഡി) ചമഞ്ഞ് റെയ്ഡ് നടത്തി ലക്ഷങ്ങള്‍ തട്ടി ആറംഗ സംഘം.ദക്ഷിണ കന്നഡയിലെ ബന്ത്വാള് താലൂക്കിലുള്ള കൊളനാട് സ്വദേശി ഹാജി എൻ സുലൈമാന്റെ വീട്ടിലാണ് കഴിഞ്ഞ ദിവസം തട്ടിപ്പുസംഘം എത്തിയത്. സ്ഥലത്ത് റെയ്ഡ് എന്ന പേരില്‍ രണ്ടര മണിക്കൂറോളം തങ്ങിയ സംഘം ഒരു മുറിയില്‍നിന്ന് കണ്ടെത്തിയ 30 ലക്ഷം രൂപയുമായി കടന്നുകളയുകയായിരുന്നു. സംഭവത്തില്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ജനുവരി മൂന്നിനാണ് കേസിനാസ്പദമായ സംഭവം. മംഗളൂരു സിംഗാരി ബീഡി വർക്ക്സ് എന്ന സ്ഥാപനത്തിന്റെ ഉടമയാണ് ഹാജി സുലൈമാൻ.
വെള്ളിയാഴ്ച രാവിലെ 8.10ഓടെയാണ് ആറംഗ സംഘം ഒരു മാരുതി സുസികി എർട്ടിഗയില്‍ വീട്ടിലെത്തിയത്. കൂട്ടത്തില്‍ ഒരാള്‍ ഇഡി ഉദ്യോഗസ്ഥരാണെന്നു പരിചയപ്പെടുത്തി സെർച്ച് വാറന്റ് കാണിച്ചു. തുടർന്ന് വീട്ടിലുണ്ടായിരുന്ന അഞ്ച് മൊബൈല്‍ ഫോണുകള്‍ പിടിച്ചെടുക്കുകയും ചെയ്തു. വീടിന്റെ മുൻവാതിലും പിൻവാതിലുമെല്ലാം അടയ്ക്കുകയും വീട്ടുകാർ പുറത്തിറങ്ങുന്നതു തടയുകയും ചെയ്തു. സുലൈമാന്റെ മുറിയില്‍ കടന്നും പരിശോധന തുടർന്ന സംഘം അലമാരയില്‍ സൂക്ഷിച്ചിരുന്ന 30 ലക്ഷം രൂപ പിടിച്ചെടുത്തു. ഇത്രയും തുക കൈയില്‍ വയ്ക്കുന്നതു നിയമവിരുദ്ധമാണെന്ന് അറിയിച്ചു. ഇക്കാര്യം ചൂണ്ടിക്കാട്ടി സുലൈമാനെ കസ്റ്റഡിയിലെടുത്ത് ചോദ്യംചെയ്യുമെന്നും പറഞ്ഞു. മുറിയില്‍നിന്ന് സ്വർണാഭരണങ്ങളും ലഭിച്ചെങ്കിലും അല്പ നേരം ചർച്ച ചെയ്ത ശേഷം ഇവ തിരികെ നല്‍കുകയായിരുന്നു.
2.30 മണിക്കൂർ നീണ്ട ‘റെയ്ഡ്’ പൂർത്തിയാക്കി വീട്ടില്‍നിന്ന് ഇറങ്ങുമ്ബോള്‍ പണത്തിന്റെ രേഖകള്‍ ഹാജരാക്കാൻ ഹാജി സുലൈമാനോട് സംഘം ആവശ്യപ്പെട്ടു. ബംഗളൂരുവിലെ ഇഡി ഓഫീസിലെത്തി രേഖകള്‍ നല്‍കാനായിരുന്നു ഇവർ നിർദേശിച്ചത്. 30 ലക്ഷം രൂപയും നേരത്തെ പിടിച്ചെടുത്ത മൊബൈല്‍ ഫോണുകളുമായി സംഘം 11 മണിയോടെ സ്ഥലം കാലിയാക്കുകയും ചെയ്തു. ഇവരെ ഹാജി സുലൈമാൻ കാറിലും മകൻ മുഹമ്മദ് ഇഖ്ബാല്‍ ബൈക്കിലും പിന്തുടർന്നെങ്കിലും അല്പദൂരം കഴിഞ്ഞ് ഇവർ മറ്റൊരു വഴിയിലൂടെ വെട്ടിച്ചു രക്ഷപ്പെടുകയായിരുന്നു.
ഇതോടെയാണ് തങ്ങള്‍ കബളിപ്പിക്കപ്പെടുകയായിരുന്നുവെന്ന് ഇവർ തിരിച്ചറിയുന്നത്. പിന്നാലെ മകൻ മുഹമ്മദ് ഇഖ്ബാല്‍ വിട്ടല്‍ പൊലീസ് സ്റ്റേഷനിലെത്തി പരാതി നല്‍കുകയായിരുന്നു. സംഭവത്തില്‍ പൊലീസ് കേസെടുത്ത് അന്വേഷണമാരംഭിച്ചു. ബിഎൻഎസ് 319(2)(ആള്‍മാറാട്ടത്തിലൂടെയുള്ള തട്ടിപ്പ്), 318(കബളിപ്പിക്കല്‍), ഉള്‍പ്പെടെയുള്ള വകുപ്പുകളാണു ചുമത്തിയിരിക്കുന്നത്. ദക്ഷിണ കന്നഡ എസ്പി യതീഷ് എന്നിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം ഹാജി സുലൈമാന്റെ വീട്ടിലെത്തി പരിശോധന നടത്തുകയും ചെയ്തിട്ടുണ്ട്.