ന്യൂഡല്‍ഹി : രാജ്യത്ത് സ്ത്രീധനപീഡനത്തെത്തുടർന്നുള്ള മരണങ്ങള് ഭീതിജനകമാംവിധം വർധിക്കുന്നതായി നാഷണല്‍ ക്രൈം റെക്കോഡ്സ് ബ്യൂറോയുടെ (എൻ.സി.ആർ.ബി) പുതിയ റിപ്പോർട്ട്.2024-ല്‍ മാത്രം 5,737 സ്ത്രീധന മരണങ്ങളാണ് രാജ്യത്ത് രജിസ്റ്റർ ചെയ്തത്. അതായത്, പ്രതിദിനം ശരാശരി 16 സ്ത്രീകള്‍ വീതം സ്ത്രീധന-ഗാർഹിക പീഡനങ്ങളും വിവാഹശേഷമുള്ള ദുരൂഹ മരണങ്ങളും കാരണം കൊല്ലപ്പെടുന്നുണ്ടെന്ന് കണക്കുകള്‍ വ്യക്തമാക്കുന്നു.സംസ്ഥാനങ്ങളില്‍ ഉത്തർപ്രദേശാണ് ഏറ്റവും മുന്നില്‍; 7,151 കേസുകളാണ് ഇവിടെ റിപ്പോർട്ട് ചെയ്തത്. തൊട്ടുപിന്നാലെ ബിഹാറും (3,665) കർണാടകയുമുണ്ട് (2,322). മെട്രോപൊളിറ്റൻ നഗരങ്ങളില്‍ തുടർച്ചയായ അഞ്ചാം വർഷവും ഡല്‍ഹി തന്നെയാണ് ഒന്നാമത്. നഗരങ്ങളില്‍ കാണ്‍പുരില്‍ 54 കേസുകളും ബെംഗളൂരുവില്‍ 25 കേസുകളും കഴിഞ്ഞവർഷം റിപ്പോർട്ട് ചെയ്യപ്പെട്ടു.എന്നാല്‍, ദക്ഷിണേന്ത്യൻ നഗരങ്ങളായ കൊച്ചി, ചെന്നൈ എന്നിവിടങ്ങളില്‍ 2024-ല്‍ ഒരൊറ്റ സ്ത്രീധന മരണം പോലും റിപ്പോർട്ട് ചെയ്തിട്ടില്ല എന്നത് ആശ്വാസകരമാണ്. 2023-ല്‍ രാജ്യത്താകെ 6,156 പേർ സ്ത്രീധന പീഡനം മൂലം കൊല്ലപ്പെട്ടിരുന്നു. ഇതിലും ഭൂരിഭാഗം മരണങ്ങളും ഉത്തർപ്രദേശ്, ബിഹാർ സംസ്ഥാനങ്ങളിലായിരുന്നു. സ്ത്രീധനവുമായി ബന്ധപ്പെട്ട കുറ്റകൃത്യങ്ങളില്‍ രാജ്യം നേരിടുന്ന ഗുരുതരമായ സാഹചര്യത്തിലേക്കാണ് ഈ കണക്കുകള്‍ വിരല്‍ ചൂണ്ടുന്നത്.