തിരുവനന്തപുരം: സംസ്ഥാനത്ത് ഇരട്ട ചക്രവാതച്ചുഴിയുടെ സ്വാധീനഫലമായി വരും ദിവസങ്ങളിലും ശക്തമായ മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്.ഞായറാഴ്ച വരെ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോടു കൂടിയ കനത്ത മഴയ്ക്കും മണിക്കൂറില്‍ 40 മുതല്‍ 50 കിലോമീറ്റർ വരെ വേഗത്തില്‍ വീശിയടിക്കാവുന്ന ശക്തമായ കാറ്റിനും സാധ്യതയുണ്ട്. പൊതുജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് അധികൃതർ നിർദേശിച്ചു.മഴ മുന്നറിയിപ്പിന്റെ പശ്ചാത്തലത്തില്‍ വിവിധ ജില്ലകളില്‍ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്:ഇന്ന് (ശനിയാഴ്ച): കോഴിക്കോട്, കണ്ണൂർ, കാസർകോട്.നാളെ (ഞായറാഴ്ച): പത്തനംതിട്ട, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂർ.
എന്താണ് യെല്ലോ അലർട്ട്?
24 മണിക്കൂറില്‍ 64.5 മില്ലിമീറ്റർ മുതല്‍ 115.5 മില്ലിമീറ്റർ വരെ ലഭിക്കുന്ന ശക്തമായ മഴയുടെ സാഹചര്യത്തെയാണ് കേന്ദ്ര കാലാവസ്ഥ വകുപ്പ് യെല്ലോ അലർട്ട് കൊണ്ട് അർത്ഥമാക്കുന്നത്.നിലവില്‍ രണ്ട് ചക്രവാതച്ചുഴികളാണ് ദക്ഷിണേന്ത്യൻ തീരങ്ങളില്‍ സജീവമായിരിക്കുന്നത്. വടക്കൻ തമിഴ്നാട് തീരത്തിന് മുകളിലുണ്ടായിരുന്ന ചക്രവാതച്ചുഴി ഇപ്പോള്‍ വടക്കൻ തീരദേശ തമിഴ്നാടിന് മുകളിലായി സ്ഥിതി ചെയ്യുന്നു.ഇതിനുപുറമെ, തമിഴ്നാട് തീരത്തെ ചക്രവാതച്ചുഴി കടന്നുപോകുന്ന ഒരു ന്യൂനമർദപാത്തി ഭൂമധ്യരേഖയ്ക്ക് വടക്ക് 11 ഡിഗ്രി അക്ഷാംശത്തിന് സമീപത്തായി രൂപപ്പെട്ടിട്ടുണ്ട്. തെക്കൻ തീരദേശ ആന്ധ്രാപ്രദേശിനും സമീപ പ്രദേശങ്ങള്‍ക്കും മുകളിലായി മറ്റൊരു ചക്രവാതച്ചുഴിയും നിലനില്‍ക്കുന്നുണ്ട്.ഈ അന്തരീക്ഷ വ്യതിയാനങ്ങളുടെ സംയുക്ത സ്വാധീനമാണ് കേരളത്തില്‍ ഇപ്പോഴത്തെ ശക്തമായ മഴയ്ക്ക് കാരണമാകുന്നതെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം വ്യക്തമാക്കി.