ബെംഗളൂരു: ഏറെക്കാലമായി ആളുകള്‍ കാത്തിരിക്കുന്ന ബെംഗളൂരുവിനെയും ചെന്നൈയെയും തമ്മില്‍ അതിവേഗം ബന്ധിപ്പിക്കുന്ന എക്‌സ്പ്രസ് വേ പദ്ധതിക്ക് വൻ തിരിച്ചടി.ഇരു നഗരങ്ങള്‍ക്കുമിടയിലെ യാത്രാസമയം വെട്ടിച്ചുറയ്ക്കാൻ ലക്ഷ്യമിട്ട് നിർമ്മിക്കുന്ന 262 കിലോമീറ്റർ ദൈർഘ്യമുള്ള ഗ്രീൻഫീല്‍ഡ് പാതയ്ക്ക് തമിഴ്‌നാട്ടിലെ ഒരു നിർദ്ദിഷ്‌ട സ്ട്രെച്ചിലെ നിയമപരമായ തർക്കങ്ങളാണ് വലിയ തടസമായിരിക്കുന്നത്.തമിഴ്‌നാട് പരിധിയില്‍ വരുന്ന 25.5 കിലോമീറ്റർ ദൈർഘ്യമുള്ള റോഡ് നിർമ്മാണവുമായി ബന്ധപ്പെട്ട് ഉയർന്നുവന്ന തർക്കങ്ങളാണ് നിലവില്‍ ഈ വികസന പദ്ധതിയെ നിർത്തിവെപ്പിച്ചിരിക്കുന്നത്. അരക്കോണം-കാഞ്ചീപുരം ഭാഗത്തെ പാത നിർമ്മാണവുമായി ബന്ധപ്പെട്ടാണ് ഇപ്പോള്‍ തർക്കങ്ങള്‍ ഉടലെടുത്തിട്ടുള്ളത്. ഡിപി ജെയിൻ ആൻഡ് കമ്പനി ഇൻഫ്രാസ്ട്രക്ച്ചർ പ്രൈവറ്റ് ലിമിറ്റഡ് എന്ന കമ്പനിക്കാണ് ഈ ഭാഗത്തെ നിർമ്മാണ ചുമതല അനുവദിച്ചിരുന്നത്.
ഇവിടെ പണികള്‍ തടസപ്പെട്ടതോടെ 2026 പകുതിയോടെ പാത പൂർണ്ണമായും ജനങ്ങള്‍ക്ക് തുറന്നുകൊടുക്കുക എന്ന ലക്ഷ്യം സാധ്യമാകാതെ വരും. ഇതോടെ ഈ ഗ്രീൻഫീല്‍ഡ് റോഡ് പദ്ധതിയുടെ നിർമ്മാണ കാലാവധി വീണ്ടും നീണ്ടുപോകുമെന്ന് ഉറപ്പായി. പദ്ധതി വൈകിയ സാഹചര്യത്തില്‍, ബെംഗളൂരുവിനെ ചെന്നൈയുമായി ബന്ധിപ്പിക്കുന്ന ഈ പുതിയ പാത 2027 ഓടെ മാത്രമേ പൂർണ്ണമായി പ്രവർത്തനസജ്ജമാകൂഎന്നാണ് കരുതുന്നത്.കർണാടക (71.7 കിലോമീറ്റർ), ആന്ധ്രാപ്രദേശ് (85.2 കിലോമീറ്റർ), തമിഴ്‌നാട് (106 കിലോമീറ്റർ) എന്നീ മൂന്ന് സംസ്ഥാനങ്ങളിലൂടെയാണ് 262.9 കിലോമീറ്റർ ദൈർഘ്യമുള്ള ഈ പാത കടന്നുപോകുന്നത്. ഇതില്‍ തമിഴ്‌നാട് അതിർത്തിയില്‍ നേരിട്ട കടുത്ത പ്രതിസന്ധികള്‍ മാത്രമാണ് മുഴുവൻ പദ്ധതിയുടെയും പൂർത്തീകരണത്തിന് ഇപ്പോള്‍ വലിയ തടസമായി മാറിയിരിക്കുന്നത്.പദ്ധതിയുടെ ഭൂരിഭാഗം പണികളും ഇതിനകം തൃപ്‌തികരമായി തന്നെ പൂർത്തീകരിക്കാൻ കഴിഞ്ഞിട്ടുണ്ടെന്നാണ് ലഭ്യമാകുന്ന ഔദ്യോഗിക വിവരങ്ങള്‍ വ്യക്തമാക്കുന്നത്. ആകെ വിഭാവനം ചെയ്‌തതില്‍ 230 കിലോമീറ്ററിലധികം ദൂരത്തെ നിർമ്മാണം ഇതിനകം കഴിഞ്ഞിട്ടുണ്ട്.
ഇതില്‍ കർണാടകയിലെ 71.7 കിലോമീറ്റർ പൂർണമായും തീർത്തു. ആന്ധ്രാപ്രദേശില്‍ ലക്ഷ്യമിട്ട 85.2 കിലോമീറ്ററില്‍ 78.5 കിലോമീറ്ററും, തമിഴ്‌നാട്ടിലെ 106 കിലോമീറ്ററില്‍ 80 കിലോമീറ്ററിലധികവും ജോലികള്‍ കഴിഞ്ഞിട്ടുണ്ട്.നിർമ്മാണം ഊർജ്ജിതമാക്കാനായി മുഴുവൻ ഹൈവേ പ്രൊജക്റ്റിനെയും മൂന്ന് ഘട്ടങ്ങളിലായി പത്ത് വ്യത്യസ്‌ത പാക്കേജുകളായാണ് വേർതിരിച്ചിരുന്നത്. ഇതില്‍ കർണാടകത്തിലും ആന്ധ്രാപ്രദേശിലും മൂന്ന് വീതം പാക്കേജുകളാണുള്ളത്. തമിഴ്‌നാട്ടില്‍ ആകെ നാല് പാക്കേജുകളാണുള്ളത്. എൻഎച്ച്‌എഐയുടെ കീഴിലുള്ള ഈ പാക്കേജുകളില്‍ തമിഴ്‌നാട്ടില്‍ പെടുന്ന ഒരു നിശ്ചിത പാക്കേജ് മാത്രമാണ് ഇപ്പോള്‍ കനത്ത നിയമയുദ്ധത്തിലേക്ക് വഴിമാറിയിരിക്കുന്നത്.’ഒരു പാക്കേജുമായി (അരക്കോണം-കാഞ്ചീപുരം) ബന്ധപ്പെട്ട തർക്കം കോടതിയുടെ പരിഗണനയിലിരിക്കുന്ന സാഹചര്യത്തില്‍, പദ്ധതി എപ്പോള്‍ പൂർത്തിയാക്കാനാകും എന്ന് പറയാൻ സാധിക്കില്ല. എങ്കിലും ആന്ധ്രയിലുള്ള ഒരു പാക്കേജിലെയും ചെന്നൈയിലുള്ള മറ്റൊരു പാക്കേജിലെയും നിർമ്മാണ പ്രവർത്തനങ്ങള്‍ ഈ വർഷം അതായത് 2026 ഒക്ടോബറോടെ തന്നെ വേഗത്തില്‍ പൂർത്തിയാക്കാൻ സാധിക്കുമെന്നാണ് വിലയിരുത്തുന്നത്’ പദ്ധതിയുടെ ഭാഗമായി ഉന്നത ഉദ്യോഗസ്ഥ അറിയിച്ചു.കോടതിയിലെ കേസുകള്‍ക്ക് ആധാരമായ അരക്കോണം-കാഞ്ചീപുരം പാക്കേജിലെ നിർമ്മാണം 2025 മെയ് മാസത്തോടെ പാതിവഴിയില്‍ പൂർണമായും നിർത്തിവെക്കേണ്ടി വന്നതാണ് ഇതിന് കാരണം.
പണികള്‍ പുനരാരംഭിക്കാൻ കരാറുകാർ തയ്യാറാകാതിരുന്നതോടെ, നാഷണല്‍ ഹൈവേ അതോറിറ്റി ഓഫ് ഇന്ത്യ 2025 നവംബറില്‍ ഇവർക്ക് നോട്ടീസ് നല്‍കി. കരാർ റദ്ദാക്കുന്ന തരത്തിലുള്ള ടെർമിനേഷൻ നോട്ടീസിനെതിരെ ഡിപി ജെയിൻ കമ്പനി ഉടൻ തന്നെ മദ്രാസ് ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു.കരാർ പൂർണമായി റദ്ദാക്കുന്നതിന് പകരം പദ്ധതിയുടെ നിർമ്മാണ ചുമതല മറ്റേതെങ്കിലും താല്‍പര്യമുള്ള ഗ്രൂപ്പിന് കൈമാറാൻ അനുവദിക്കണമെന്നാണ് കരാർ സ്ഥാപനം ഹൈക്കോടതിയില്‍ അഭ്യർത്ഥിച്ചിട്ടുള്ളത്. കരാർ പാതിവഴിയില്‍ റദ്ദാക്കപ്പെട്ടാല്‍ അത് വലിയ തോതിലുള്ള സാമ്പത്തിക തിരിച്ചടികള്‍ക്കും, കമ്പനിയെ കരിമ്പട്ടികയില്‍ പെടുത്തുന്നതിനും കാരണമാകും. ഇതോടൊപ്പം ഇതിനകം പണികള്‍ക്കായി ചെലവഴിച്ച വൻ തുകയുടെ നഷ്‌ടവും വായ്‌പ തിരിച്ചടവ് മുടങ്ങുന്ന സാഹചര്യവും ഉണ്ടായേക്കുമെന്ന് കമ്പനി വാദിക്കുന്നു.നിർമ്മാണത്തിന് ആവശ്യമായി വരുന്ന ഫ്ലൈ ആഷിന് അടിക്കടിയുണ്ടായ വിലക്കയറ്റമാണ് നിർമ്മാണ വൈകലിന് കാരണമായതെന്ന് കമ്പനി കോടതിയില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.
എങ്കിലും, അതോറിറ്റിയുമായുള്ള ഔദ്യോഗിക കരാറുകളില്‍ ഫ്ലൈ ആഷ് പോലെയുള്ള വസ്‌തുക്കളുടെ വില വ്യതിയാനങ്ങള്‍ ഉള്‍പ്പെടുന്നില്ല എന്നാണ് ദേശീയപാത അതോറിറ്റിയുടെ പ്രധാന വാദം. നിർമ്മാണ സാമഗ്രികള്‍ വിപണിയില്‍ നിന്നും നിയമാനുസൃതമായി സംഘടിപ്പിക്കേണ്ടത് മുഴുവനായും കമ്പനിയുടെ ഉത്തരവാദിത്തമാണെന്ന് അധികൃതർ വ്യക്തമാക്കിയിട്ടുണ്ട്.തർക്കത്തില്‍ ആദ്യഘട്ടത്തില്‍ ഹൈക്കോടതി സിംഗിള്‍ ബെഞ്ച് നാഷണല്‍ ഹൈവേ അതോറിറ്റിക്ക് അനുകൂലമായ വിധിയാണ് പ്രഖ്യാപിച്ചത്. എന്നാല്‍ ഈ വിധിക്കെതിരെ ഡിപി ജെയിൻ കമ്പനി തമിഴ്‌നാട് ഹൈക്കോടതിയിലെ ഡിവിഷൻ ബെഞ്ചില്‍ മറ്റൊരു അപ്പീല്‍ ഹർജി ഫയല്‍ ചെയ്‌തു. നിലവില്‍ ഈ കേസില്‍ അന്തിമ തീരുമാനം വരാത്തതിനാലാണ് പ്രസ്‌തുത ഹൈവേ മേഖലയിലെ നിർമ്മാണ പ്രവർത്തനങ്ങള്‍ നിലച്ചത്. ഇത് ഇനിയും എത്ര നാള്‍ തുടരുമെന്നാണ് ഉയരുന്ന ചോദ്യം. എങ്കിലും വൈകാതെ തന്നെ പരിഹാരം ഉണ്ടാവുമെന്ന പ്രതീക്ഷയിലാണ് അധികൃതരും യാത്രക്കാരും.