ബെംഗളൂരു: ഐടി നഗരമായ ബെംഗളൂരുവിൻ്റെ ഗതാഗതം സുഗമമാക്കുന്നതിനായുള്ള ഹെബ്ബാളിലെ ചെറിയ തുരങ്കത്തിന്റെ നിർമാണം ആരംഭിച്ചു.ഹെബ്ബാള്‍ ജങ്ഷനെയും കർണാടക വെറ്ററിനറി, അനിമല്‍ ആൻഡ് ഫിഷറീസ് സയൻസസ് യൂണിവേഴ്സിറ്റിയെയും (KVAFSU) ബന്ധിപ്പിക്കുന്ന കർണാടക സർക്കാരിന്റെ സ്വപ്‌നമായ പദ്ധതികളിലൊന്നായ ചെറിയ തുരങ്കത്തിന്റെ നിർമാണമാണ് ആരംഭിച്ചത്.ബെംഗളൂരുവിലെ ഏറെ തിരക്കുള്ള ഭാഗങ്ങളിലൊന്നായ ഹെബ്ബാളിലെ തിരക്ക് കുറയ്ക്കാനും നഗരത്തിലേക്കും പുറത്തേക്കുമുള്ള യാത്ര സുഗമമാക്കുന്നതിനുമാണ് ടണല്‍ റോഡ് പദ്ധതി ആസൂത്രണം ചെയ്തിരിക്കുന്നത്. 2.2 കിലോമീറ്റർ ദൈർഘ്യമുള്ള മൂന്ന് വരി പാതകളുള്ള ഇരട്ട തുരങ്കത്തിൻ്റെ നിർമാണത്തിന് 1,130 കോടിയിലധികം രൂപ ചെലവ് വരും. രണ്ട് വർഷത്തിനുള്ളില്‍ പദ്ധതി പൂർത്തിയാക്കാനാണ് ലക്ഷ്യമിടുന്നത്. കട്ട് -ആൻഡ് – കവർ രീതി ഉപയോഗിച്ചാണ് ടണല്‍ നിർമാണം നടപ്പിലാക്കുക.
ബാംഗ്ലൂർ വികസന അതോറിറ്റി പൂർണമായും പദ്ധതിക്ക് സാമ്പത്തിക സഹായം നല്‍കും. തുരങ്കപാതയില്‍ ടോള്‍ ഈടാക്കില്ല.പദ്ധതിയുടെ നിർമാണ പ്രവർത്തനങ്ങള്‍ ആരംഭിച്ചതായി ബാംഗ്ലൂർ വികസന അതോറിറ്റി (ബിഡിഎ) ഉദ്യോഗസ്ഥർ പറഞ്ഞു. മെയ് മാസത്തില്‍ ഹൈദരാബാദ് ആസ്ഥാനമായുള്ള റിത്വിക് പ്രോജക്‌ട്സ് പ്രൈവറ്റ് ലിമിറ്റഡിന് ബിഡിഎ നിർമാണ കരാർ നല്‍കിയിരുന്നു.ശക്തമായ വിമർശനവും ആരോപണവും രൂക്ഷമായതോടെയാണ് ഹെബ്ബാള്‍ ജങ്ഷനെയും കർണാടക വെറ്ററിനറി, അനിമല്‍ ആൻഡ് ഫിഷറീസ് സയൻസസ് യൂണിവേഴ്സിറ്റിയെയും (KVAFSU) ബന്ധിപ്പിക്കുന്ന തുരങ്കപാതയുടെ നിർമാണം ആരംഭിച്ചത്. നഗരത്തിലെയും സംസ്ഥാനത്തെയും പൗര സംഘടനകളില്‍ നിന്നും നഗരാസൂത്രണ പ്രവർത്തകരില്‍ നിന്നും പദ്ധതിക്കെതിരെ വിമർശനം ശക്തമായിരുന്നു. പദ്ധതി അനാവശ്യമാണെന്നും, അനാവശ്യ ചെലവ് ഉണ്ടാക്കുന്നതാണെന്നും പൗര സംഘടനകള്‍ ആരോപിച്ചു.
പദ്ധതി ബെംഗളൂരു നഗരത്തിൻ്റെ ദീർഘകാലാടിസ്ഥാനത്തിലുള്ള പ്രശ്നങ്ങള്‍ പരിഹരിക്കാൻ സാധ്യതയില്ലെന്നും ആരോപണം ഉയർന്നു. അതേസമയം, പദ്ധതിയുമായി ബന്ധപ്പെട്ട് സ്വകാര്യ ട്രാഫിക് കണ്‍സള്‍ട്ടന്റുമായും ബെംഗളൂരു ട്രാഫിക് പോലീസുമായും (ബിടിപി) കൂടിയാലോചിച്ചതായി സംസ്ഥാന സർക്കാർ പറഞ്ഞു.കർണാടക ടാങ്ക് കണ്‍സർവേഷൻ ആൻഡ് ഡെവലപ്‌മെന്റ് അതോറിറ്റി (കെടിസിഡിഎ) ഹെബ്ബാള്‍ തടാകത്തിനുള്ളിലെ 13,944 ചതുരശ്ര മീറ്റർ (3.45 ഏക്കർ) ഭൂമി പദ്ധതിക്കായി കൈമാറാൻ അംഗീകാരം നല്‍കിയതിനെ തുടർന്നാണ് വികസനം. ഹെബ്ബാള്‍ ജങ്ഷനെയും കാർഷിക ശാസ്ത്ര സർവകലാശാലയുടെ സ്റ്റാഫ് ക്വാർട്ടേഴ്‌സിനും ഇടയില്‍ നിർദിഷ്ട തുരങ്കത്തിന്റെ ഒരു ഭാഗം നിർമിക്കുന്നതിന് ഈ ഭൂമി ഉപയോഗിക്കും. തുരങ്കം തടാകത്തിന്റെ ജലസംഭരണ ശേഷി കുറയ്ക്കില്ലെന്ന പദ്ധതിയുടെ വിലയിരുത്തല്‍ അതോറിറ്റി അംഗീകരിച്ചു. തടാകത്തിന്റെ സംഭരണത്തിലോ ജലശാസ്ത്രത്തിലോ പ്രതികൂലമായ പ്രത്യാഘാതങ്ങള്‍ ഉണ്ടാകാതിരിക്കാൻ നിർമാണ സമയത്ത് എൻജിനീയറിങ് നടപടികള്‍ സ്വീകരിക്കുമെന്ന് ചൂണ്ടിക്കാട്ടി.