ദില്ലി: ഇൻസ്റ്റഗ്രാമില്‍ ഏറ്റവും കൂടുതല്‍ ഫോളോവേഴ്‌സുള്ള രാഷ്ട്രീയ നേതാവായി പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇൻസ്റ്റഗ്രാമില്‍ നരേന്ദ്ര മോദിയുടെ ഫോളോവേഴ്‌സിന്റെ എണ്ണം നിലവില്‍ 105 മില്യണ്‍ പിന്നിട്ടു.ഇതോടെ ഇൻസ്റ്റഗ്രാമില്‍ 100 മില്യണ്‍ ഫോളോവേഴ്‌സ് കൈവരിക്കുന്ന ലോകത്തിലെ ആദ്യത്തെ നേതാവായിരിക്കുകയാണ് മോദി. സമീപദിവസങ്ങളില്‍ വിദ്യാർത്ഥികളെ അഭിസംബോധന ചെയ്ത് പ്രധാനമന്ത്രി പങ്കുവെച്ച റീല്‍സ് വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൻതോതില്‍ വൈറലായതോടെയാണ് വെറും ഒരാഴ്ചയ്ക്കുള്ളില്‍ 40 ലക്ഷത്തിലധികം പുതിയ ഫോളോവേഴ്‌സ് അദ്ദേഹത്തിന്‍റെ അക്കൗണ്ടിലേക്ക് എത്തിയത്.ഇൻസ്റ്റഗ്രാമില്‍ രണ്ടാം സ്ഥാനത്തുള്ള യു.എസ്. പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന് 43.2 മില്യണ്‍ ഫോളോവേഴ്‌സാണുള്ളത്. ട്രംപിനേക്കാള്‍ രണ്ടിരട്ടിയിലധികം ഫോളോവേഴ്‌സാണ് മോദിക്ക് നിലവില്‍. ഇന്ത്യയിലെ മറ്റ് മുൻനിര രാഷ്ട്രീയ നേതാക്കളേക്കാളും ബഹുദൂരം മുന്നിലാണ് മോദി. ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന് 16.1 മില്യണും കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിക്ക് 12.6 മില്യണും ഫോളോവേഴ്‌സാണുള്ളത്.