പേരിടല്‍ ചടങ്ങിനിടെ 11 മാസം പ്രായമായ പെണ്‍കുഞ്ഞിനെ പിതാവ് വലിച്ചെറിഞ്ഞ സംഭവത്തില്‍ കുഞ്ഞിന്റെ തലയോട്ടിക്ക് പൊട്ടല്‍.ചികിത്സയിലായിരുന്ന കുഞ്ഞ് നിലവില്‍ അപകടനില തരണം ചെയ്തതായി അധികൃതർ അറിയിച്ചു. ജൂലൈ പകുതിയോടെ തെക്കൻ ബെംഗളൂരുവിലെ ഒരു ഹോട്ടലില്‍ വച്ചാണ് സംഭവം.സംഭവത്തിന് മുമ്പ് ഭാര്യയെയും ഭാര്യാപിതാവിനെയും ഇയാള്‍ ആക്രമിക്കുകയും അധിക്ഷേപിക്കുകയും ചെയ്തതായും പരാതിയുണ്ട്. നിലവില്‍ തൊഴില്‍രഹിതനായ പ്രതി, നാമകരണച്ചടങ്ങിനായി ഭാര്യയും കുടുംബാംഗങ്ങളും എത്താൻ വൈകിയതിനെ തുടർന്ന് അസ്വസ്ഥനായിരുന്നുവെന്നാണ് അന്വേഷണത്തില്‍ ലഭിച്ച വിവരം.വടക്കൻ ബെംഗളൂരുവിലെ ഹെസറഘട്ട സ്വദേശിനിയായ ശ്രേയ (പേര് മാറ്റിയിരിക്കുന്നു) നല്കിയ പരാതിയുടെ അടിസ്ഥാനത്തില്‍, ജൂലൈ 17ന് രാവിലെ 10നും 10.30നും ഇടയിലാണ് ബനശങ്കരിയിലെ പത്മനാഭനഗറിലുള്ള ഹോട്ടലില്‍ സംഭവം നടന്നത്.
പരാതി പ്രകാരം, കോരമംഗലയിലെ ഒരു ഹോട്ടലില്‍ സുഹൃത്തുക്കള്‍ക്കൊപ്പം രാത്രി ചെലവഴിച്ച ഭർത്താവിനെ, പേരിടല്‍ സമയത്ത് പാർട്ടി ഹാളിലെത്തണമെന്ന് ശ്രേയ രാവിലെ ഫോണ്‍വിളിച്ച് അറിയിച്ചിരുന്നു. രാവിലെ 9.30 മുതല്‍ 10.30 വരെയായിരുന്നു ചടങ്ങ് നിശ്ചയിച്ചിരുന്നത്.എന്നാല്‍, ആഘോഷമായി നടക്കേണ്ടിയിരുന്ന ചടങ്ങ് ആക്രമണത്തിലേക്ക് വഴിമാറിയെന്നാണ് പരാതി. ശ്രേയയും കുടുംബാംഗങ്ങളും എത്തുന്നതിന് മുമ്പേ വേദിയിലെത്തിയ പ്രതി, ഭാര്യ വൈകിയെത്തിയതിനെ പരസ്യമായി ചോദ്യം ചെയ്യുകയും, തന്നെ അപമാനിക്കാൻ ശ്രമിച്ചുവെന്ന് ആരോപിച്ച് ഭാര്യയെയും കുടുംബാംഗങ്ങളെയും കുറ്റപ്പെടുത്തുകയും അതിഥികള്‍ക്ക് മുന്നില്‍ ബഹളമുണ്ടാക്കുകയും ചെയ്തതായി പരാതിയില്‍ പറയുന്നു.പ്രതി ഭാര്യയെ മർദിക്കുകയും ചവിട്ടുകയും അസഭ്യം പറയുകയും ചെയ്തു എന്നാണ് പരാതി. ഇത് തടയാൻ ശ്രമിച്ച ഭാര്യാപിതാവിനെ തള്ളിയിട്ട ശേഷം ക്രൂരമായി മർദിച്ചതായും പരാതിയില്‍ പറയുന്നു.
തുടർന്ന് മുത്തച്ഛന്റെ കൈകളിലുണ്ടായിരുന്ന 11 മാസം പ്രായമുള്ള കുഞ്ഞിനെ ബലമായി പിടിച്ചുവാങ്ങി അദ്ദേഹത്തിന് നേരെ എറിയുകയായിരുന്നുവെന്നാണ് ആരോപണം. ഇതോടെ കുഞ്ഞിന്റെ തലയോട്ടിയുടെ ഇടതുഭാഗത്ത് പൊട്ടലേറ്റതായി ആശുപത്രി അധികൃതർ സ്ഥിരീകരിച്ചു.സംഭവത്തില്‍ ഇടപെട്ട് മർദനം തടയാൻ ശ്രമിച്ച ഹോട്ടല്‍ ജീവനക്കാരനെയും പ്രതി കടിച്ച് പരിക്കേല്‍പ്പിച്ചതായി പരാതിയില്‍ പറയുന്നു.പരിക്കേറ്റ കുഞ്ഞിനെ ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും തലയോട്ടിക്ക് പൊട്ടലേറ്റതായി പരിശോധനയില്‍ കണ്ടെത്തി. കുഞ്ഞ് തുടർചികിത്സയില്‍ തുടരുകയാണെന്നും പതിവായി ആശുപത്രിയില്‍ എത്തിക്കേണ്ട സാഹചര്യമുണ്ടെന്നും പരാതിക്കാരി പൊലീസിനെ അറിയിച്ചു.സംഭവത്തില്‍ ബനശങ്കരി പൊലീസ് ജുവനൈല്‍ ജസ്റ്റിസ് നിയമപ്രകാരം കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു.