ഏറെ നാളത്തെ കാത്തിരിപ്പിനൊടുവില്‍ ബെംഗളൂരു മെട്രോ യെല്ലോ ലൈനിലേക്കുള്ള അവസാനത്തെ ട്രെയിൻസെറ്റ് കൈമാറി. യെല്ലോ ലൈൻ ഉദ്ഘാടനം കഴിഞ്ഞ് ഏകദേശം ഒരു വർഷത്തിന് ശേഷമാണ് ടിറ്റാഗഡ് റെയില്‍ സിസ്റ്റംസ് ലിമിറ്റഡ് (ടി ആർ എസ് എല്‍) വിതരണം ചെയ്ത അവസാനത്തെ ട്രെയിൻ ബെംഗളൂരിലെ ഹെബ്ബഗോഡി ഡിപ്പോയിലെത്തിയത്.കൊല്‍ക്കത്തയ്ക്ക് സമീപത്തുള്ള നിർമ്മാണശാലയിലാണ് ടി ആർ എസ് എല്‍ ആറ് കോച്ചുകളുള്ള ഈ ട്രെയിൻ സെറ്റുകള്‍ നർമ്മിച്ചത്.കപ്ലറുകളും ഗാങ്വേകളും ഘടിപ്പിക്കുന്നതിന് മുന്നോടിയായി ട്രെയിൻ ട്രാക്കിലേക്ക് ഇറക്കിയതായി ബെംഗളൂരു മെട്രോ റെയില്‍ കോർപറേഷൻ അറിയിച്ചു.
വിശദമായ പരിശോധനയ്ക്കും ടെസ്റ്റിഹ്ങിനുമായി ട്രെയിൻ ഉടൻ തന്നെ ഇൻസ്പെക്ഷൻ ബേലൈനിലേക്ക് മാറ്റുമെന്നും ഉദ്യോഗസ്ഥർ പറഞ്ഞു.അസംബ്ലിങ് നടപടികള്‍ പൂർത്തിയക്കിയാല് ട്രെയിനിനെ സ്റ്റാറ്റിക് പരിശോധനയ്ക്ക് വിധേയമാക്കും. അതുകഴിഞ്ഞ് മാത്രമായിരിക്കും 750 കിമി ഡയനാമിക് ടെസ്റ്റിംഗ് നടപടികളിലേക്ക് കടക്കുക. ട്രെയിൻ സർവ്വീസുകള്‍ വാണിജ്യപരമായ യാത്രക്ക് ഉപയോഗിക്കണമെങ്കില്‍ ഈ പരിശോധനകളെല്ലാം പൂർത്തിയാക്കേണ്ടത് അനിവാര്യമാണെന്ന് ഉജ്യോഗസ്ഥരെ ഉദ്ധരിച്ചുള്ള ദി ഹിന്ദു റിപ്പോർട്ടില്‍ പറഞ്ഞു.19.75 കിമിയാണ് യെല്ലോ ലൈൻ ദൈർഘ്യം. നിലവില്‍ 10 ട്രെയിനുകളാണ് ഈ റൂട്ടില്‍ സർവ്വീസ് നടത്തുന്നത്. തിരക്കുള്ള സമയങ്ങളില്‍ 7 മിനിറ്റ് ഇടവിട്ടാണ് ട്രെയിനുകള്‍ ഓടുന്നത്. തിരക്ക് കുറഞ്ഞ സമയങ്ങളില്‍ 10 മിനിറ്റും. 15 ട്രെയിനുകളാണ് യെല്ലോ ലൈനില്‍ നിശ്ചയിച്ചിട്ടുള്ളത്.
മുഴുവൻ ട്രെയിനുകളും എത്തുന്നതോടെ തിരക്കുള്ള സമയങ്ങളിലെ ട്രെയിനുകളുടെ ഇടവേള 5 മിനിറ്റ് ആയി കുറയുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.13 ട്രെയിനുകളായിരിക്കും സാധാരണ സർവ്വീസുകള്‍ക്കായി ഉപയോഗിക്കുക. സാങ്കേതിക തടസങ്ങളോ അല്ലെങ്കില്‍ അറ്റകുറ്റപ്പണികളോ പോലുള്ള അടിയന്തര ആവശ്യങ്ങള്‍ നേരിടുന്നതിനായി രണ്ട് ട്രെയിനുകള്‍ റിസർവ്വ് സൂക്ഷിക്കുമെന്നും ഉദ്യോഗസ്ഥർ പറഞ്ഞു. പരിശോധനകള്‍ എത്രയും പെട്ടെന്ന് പൂർത്തിയാക്കി ഓഗസ്റ്റ് അവസാനത്തോടെ തന്നെ മുഴുവൻ ട്രെയിനുകളും എത്തിക്കാനാകുമെന്ന പ്രതീക്ഷയും ബി എം ആർ സി എല്‍ ഉദ്യോഗസ്ഥർ പങ്കുെവച്ചു. അതേസമയം യെല്ലോ ലൈനിലേക്ക് ആവശ്യമായ ട്രെയിനുകള്‍ ലഭ്യമാക്കി കഴിഞ്ഞാല്‍ ടി ആർ എസ് എല്‍ പിങ്ക്, ഗ്രീൻ ലൈനിലേക്കുള്ള ട്രെയിൻ സെറ്റുകളുടെ നിർമ്മാണ പ്രവർത്തനങ്ങളിലേക്ക് കടക്കും. 18 ട്രെയിനുകളാണ് ഈ ഇടനാഴികളിലേക്കായി തയ്യാറാക്കുക.