ബെംഗളൂരുവിലെ ഹസ്കൂർ റോഡ് മെട്രോ സ്റ്റേഷനില്‍ ഓടിക്കൊണ്ടിരുന്ന ട്രെയിനിന് മുന്നിലേക്ക് ചാടി 37കാരൻ ജീവനൊടുക്കി.സംഭവത്തെ തുടർന്ന് യെല്ലോ ലൈനിലെ മെട്രോ സർവീസുകള്‍ ഏകദേശം രണ്ട് മണിക്കൂറോളം തടസ്സപ്പെട്ടു.രാജേഷ് (37) എന്നയാളാണ് മരിച്ചത്. ഓണ്‍ലൈൻ വാർത്താ പോർട്ടലില്‍ മാധ്യമപ്രവർത്തകനായി പ്രവർത്തിച്ചിരുന്ന രാജേഷ്, പിന്നീട് കണ്ടന്റ് ക്രിയേഷൻ രംഗത്തും സജീവമായിരുന്നു. നിലവില്‍ തൊഴില്രഹിതനായിരുന്നുവെന്നാണ് പൊലീസ് നല്കിയ വിവരം. ആത്മഹത്യയിലേക്ക് നയിച്ച സാഹചര്യങ്ങള്‍ സംബന്ധിച്ച് അന്വേഷണം പുരോഗമിക്കുകയാണെന്നും പൊലീസ് വ്യക്തമാക്കി.ബെംഗളൂരു മെട്രോ റെയില്‍ കോർപ്പറേഷൻ (BMRCL) നല്കിയ വിവരമനുസരിച്ച്, തിങ്കളാഴ്ച വൈകിട്ട് 5.50ഓടെയാണ് സംഭവം.
ട്രാക്കില്‍ ഒരാളെ കണ്ടതിനെ തുടർന്ന് ട്രെയിൻ ഓപ്പറേറ്റർ ഉടൻ എമർജൻസി ബ്രേക്ക് പ്രയോഗിച്ചെങ്കിലും, ഇയാള്‍ ട്രെയിനിനടിയില്പ്പെടുകയായിരുന്നു. തുടർന്ന് ഓപ്പറേറ്റർ ഓപ്പറേഷൻസ് കണ്ട്രോള് സെന്ററിനെ വിവരം അറിയിച്ചു.സംഭവത്തെ തുടർന്ന് സ്റ്റേഷൻ കണ്ട്രോളറും സുരക്ഷാ ഉദ്യോഗസ്ഥരും അടിയന്തര സുരക്ഷാ നടപടികള്‍ സ്വീകരിച്ചു. മുൻകരുതല്‍ നടപടിയുടെ ഭാഗമായി ട്രാക്ഷൻ പവർ വിച്ഛേദിച്ചതായും BMRCL അറിയിച്ചു. മെട്രോ ജീവനക്കാരും സുരക്ഷാ ഉദ്യോഗസ്ഥരും പൊലീസും സ്ഥലത്തെത്തി രക്ഷാപ്രവർത്തനങ്ങളും തുടർനടപടികളും ഏകോപിപ്പിച്ചു.വൈകിട്ട് 5.55 മുതല്‍ രാത്രി 8 മണിവരെ യെല്ലോ ലൈനിലെ മെട്രോ സർവീസുകള്‍ തടസ്സപ്പെട്ടു. ഈ സമയത്ത് ഇലക്ട്രോണിക് സിറ്റിയെയും രാഷ്ട്രീയ വിദ്യാലയ റോഡ് (ആർ.വി. റോഡ്) മെട്രോ സ്റ്റേഷനെയും ബന്ധിപ്പിച്ചാണ് ട്രെയിനുകള്‍ സർവീസ് നടത്തിയത്. ആർ.വി. റോഡിനെയും ബൊമ്മസാന്ദ്രയെയും ബന്ധിപ്പിക്കുന്ന പാതയാണ് യെല്ലോ ലൈൻ.
രക്ഷാപ്രവർത്തനവും നിയമനടപടികളും ട്രാക്ക് ശുചീകരണവും സുരക്ഷാ പരിശോധനകളും പൂർത്തിയായതിനെ തുടർന്ന് വൈകിട്ട് 7.42ഓടെ ട്രാക്ഷൻ പവർ പുനഃസ്ഥാപിച്ചു. തുടർന്ന് രാത്രി 7.57ഓടെ ട്രെയിൻ സർവീസുകളും യാത്രക്കാരുടെ ഗതാഗതവും പൂർണമായും സാധാരണ നിലയിലായതായി ബെംഗളൂരു മെട്രോ റെയില്‍ കോർപ്പറേഷൻ (BMRCL) അറിയിച്ചു.സർവീസ് തടസ്സപ്പെട്ട സമയമുടനീളം പൊതുജന അറിയിപ്പ് സംവിധാനവും യാത്രാവിവര പ്രദർശന സംവിധാനവും തുടർച്ചയായി പുതുക്കിയിരുന്നു. ബദല്‍ യാത്രാ ക്രമീകരണങ്ങള്‍ സംബന്ധിച്ച് സ്റ്റേഷൻ ജീവനക്കാർ യാത്രക്കാർക്ക് ആവശ്യമായ സഹായവും നല്കി.സർവീസ് തടസ്സത്തെ തുടർന്ന് യാത്ര മുടങ്ങിയ യാത്രക്കാർക്ക് ടിക്കറ്റ് നിരക്ക് തിരികെ നല്‍കിയതായി BMRCL അറിയിച്ചു. യാത്ര പൂർത്തിയാക്കാൻ സാധിക്കാത്ത ഓണ്‍ലൈൻ ടിക്കറ്റ് ബുക്കിംഗുകളുടെ തുക മടക്കിനല്‍കുന്ന നടപടികള്‍ ചൊവ്വാഴ്ച പൂർത്തിയാക്കുമെന്നും അധികൃതർ വ്യക്തമാക്കി.