ബെംഗളൂരു: കഴിഞ്ഞ സാമ്പത്തിക വർഷം സർക്കാരിലേക്ക് 92 ലക്ഷം രൂപ ആദായനികുതിയായി അടച്ചിട്ടും തൊഴില് നഷ്ടപ്പെട്ടപ്പോള് യാതൊരുവിധ സാമൂഹിക സുരക്ഷയോ ആനുകൂല്യങ്ങളോ ലഭിച്ചില്ലെന്ന് ആരോപിച്ച് രാജ്യം വിടുകയാണെന്ന് പ്രഖ്യാപിച്ച് പ്രമുഖ ടെക് കമ്പനിയായ യൂബറിലെ മുൻ സീനിയർ സോഫ്റ്റ്വെയർ എൻജിനീയർ.റെഡ്ഡിറ്റില് യൂബര് ഓള്ഡി എന്ന അക്കൗണ്ട് പങ്കുവെച്ച കുറിപ്പിലൂടെയാണ് ഇന്ത്യൻ നികുതി വ്യവസ്ഥയ്ക്കും തൊഴില് നിയമങ്ങള്ക്കുമെതിരെ രൂക്ഷമായ വിമർശനവുമായി ഈ ടെക്കി രംഗത്തെത്തിയത്. യൂബറില് ജോലി ചെയ്യവെ കുഞ്ഞ് ജനിച്ചതിനെ തുടർന്ന് ലഭിച്ച നാല് മാസത്തെ പിതൃത്വ അവധിയിലായിരിക്കെയാണ് കമ്പനി തന്നെ അപ്രതീക്ഷിതമായി പിരിച്ചുവിട്ടതെന്ന് ഇയാള് പറയുന്നു.വീട്ടില് മറ്റാരും ഇല്ലെന്നും കുഞ്ഞിനെ നോക്കേണ്ട ഉത്തരവാദിത്വം തനിക്കാണെന്നും അതിനാല് പുതിയൊരു ജോലി കണ്ടെത്താനോ ഇന്റര്വ്യൂവിന് തയ്യാറെടുക്കാനോ സാധിക്കാത്ത കടുത്ത മാനസിക സാമ്പത്തിക പ്രതിസന്ധിയിലാണ് താനെന്നും ഇദ്ദേഹം വ്യക്തമാക്കുന്നു. മുൻപ് മികച്ച ശമ്പളമുണ്ടായിരുന്നെങ്കിലും നിലവില് താന് വര്ഷത്തില് നികുതി അടച്ച 90 ലക്ഷം രൂപ വാര്ഷിക ശമ്പളമുള്ള ജോലി പോലും കണ്ടെത്താൻ ഐടി വിപണിയില് പ്രയാസപ്പെടുകയാണെന്ന് കുറിപ്പില് പറയുന്നു.
കുടുംബം പുലർത്താൻ കമ്പനിയില് നിന്ന് ലഭിക്കുന്ന നഷ്ടപരിഹാര തുകയെആശ്രയിക്കേണ്ട അവസ്ഥയാണുള്ളത്. എന്നാല് ഈ തുകയില് നിന്ന് പോലും ഭീമമായ നികുതി ഈടാക്കി സർക്കാർ വീണ്ടും കൊള്ളയടിക്കുകയാണെന്ന് ഇയാള് കുറ്റപ്പെടുത്തുന്നു.വിദേശ രാജ്യങ്ങളിലാണ് ഇത്തരത്തില് പിതൃത്വ അവധിയിലുള്ള ജീവനക്കാരനെ അകാരണമായി പിരിച്ചുവിടുന്നതെങ്കില് ശക്തമായ തൊഴില് നിയമങ്ങളുടെ സംരക്ഷണവും തൊഴിലില്ലായ്മ വേതനവും ലഭിക്കുകയോ കമ്പനിക്കെതിരെ കോടതിയെ സമീപിക്കുകയോ ചെയ്യാമായിരുന്നു. എന്നാല് ഇന്ത്യയില് ഉയർന്ന നികുതി നല്കുന്ന ശമ്പളക്കാർക്ക് പ്രതിസന്ധി ഘട്ടങ്ങളില് യാതൊരു തൊഴില് സംരക്ഷണമോ സാമൂഹിക സുരക്ഷാ പദ്ധതികളോ ലഭിക്കുന്നില്ല. “ഞാൻ ഉടൻ തന്നെ ഇന്ത്യ വിടും, ഇനി ഒരിക്കലും ഇങ്ങോട്ട് തിരിച്ചുവരാൻ ആഗ്രഹിക്കുന്നില്ല,” എന്ന വികാരാധീനമായ വാക്കുകളോടെയാണ് ഇദ്ദേഹം റെഡ്ഡിറ്റില് കുറിപ്പ് അവസാനിപ്പിക്കുന്നത്. ലക്ഷങ്ങള് നികുതി നല്കുന്ന സാധാരണ ശമ്പളക്കാർക്ക് രാജ്യത്ത് എന്ത് സുരക്ഷയാണ് ലഭിക്കുന്നതെന്ന വലിയൊരു ഓണ്ലൈൻ ചർച്ചയ്ക്കാണ് ഈ സംഭവം തുടക്കമിട്ടിരിക്കുന്നത്.