ന്യൂഡല്‍ഹി: വോട്ട് മോഷണ ആരോപണവുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ ഉന്നയിക്കാൻ കൂടിക്കാഴ്ചയ്ക്ക് സമയം തേടി ലോക്സയിലെയും രാജ്യസഭയിലെയും പ്രതിപക്ഷ നേതാക്കള്‍ അയച്ച കത്തിനോട് സുപ്രീം കോടതി ചീഫ് ജസ്റ്റിസ് സൂര്യകാന്ത് പ്രതികൂലമായി പ്രതികരിച്ചുവെന്ന് റിപ്പോർട്ട്.കൂടിക്കാഴ്ചയ്ക്ക് സമ്മതം അല്ലെന്ന് അറിയിച്ചതായാണ് റിപ്പോർട്ട്. ഞായറാഴ്ച രാത്രിയാണ് ഇതുസംബന്ധിച്ച വിവരം പുറത്തുവന്നത്.ലോക്സഭയിലെ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിയും രാജ്യസഭയിലെ പ്രതിപക്ഷ നേതാവ് മല്ലികാർജുൻ ഖാർഗെയും തിങ്കളാഴ്ച വൈകിട്ട് നാല് മുതല്‍ അഞ്ച് വരെയുള്ള സമയത്ത് ചീഫ് ജസ്റ്റിസിനെ കാണാനാണ് അനുമതി തേടിയത്. വോട്ട് മോഷണം അവസാനിപ്പിക്കുക, മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാർ രാജിവയ്ക്കുക, വോട്ടർ പട്ടികയുടെ പ്രത്യേക തീവ്ര പരിശോധന നിർത്തിവയ്ക്കുക, ബാലറ്റ് പേപ്പർ സംവിധാനം പുനഃസ്ഥാപിക്കുക തുടങ്ങിയ ആവശ്യങ്ങളടങ്ങിയ നിവേദനം കൈമാറുകയായിരുന്നു ലക്ഷ്യം.
പ്രതിപക്ഷ നേതാക്കളുടെ കത്തിന് ചീഫ് ജസ്റ്റിസിന്റെ മറുപടി അവരുടെ ഔദ്യോഗിക ഇമെയില്‍ വിലാസങ്ങളിലേക്ക് അയച്ചിട്ടുണ്ടെന്ന് ബന്ധപ്പെട്ട വൃത്തങ്ങള്‍ അറിയിച്ചു. എന്നാല്‍ കൂടിക്കാഴ്ചയ്ക്ക് അനുമതി നല്‍കാത്തതിന്റെ കാരണം സംബന്ധിച്ച് കൂടുതല്‍ വിശദീകരണം നല്‍കിയിട്ടില്ല.ആവശ്യങ്ങള്‍ ഉന്നയിച്ച് തിങ്കളാഴ്ച സുപ്രീംകോടതിയിലേക്ക് പ്രതിഷേധ മാർച്ച് നടത്തുമെന്ന് പ്രതിപക്ഷ പാർട്ടികള്‍ പ്രഖ്യാപിച്ചിട്ടുണ്ട്. ഉച്ചയ്ക്ക് 1.30ന് കനോട്ട് പ്ലേസ് ബരാഖംബ റോഡ് ജങ്ഷനില്‍ ഒത്തുചേരാനാണ് തീരുമാനിച്ചിരിക്കുന്നത്. പാർട്ടി, ലിംഗം, ജാതി, സമുദായം, സംസ്ഥാനം എന്നിവയുടെ അതിർവരമ്പുകള്‍ക്കപ്പുറം ഇന്ത്യക്കാർ ഒറ്റക്കെട്ടായി സുപ്രീംകോടതിയിലേക്ക് മാർച്ച് നടത്തുമെന്ന് രാഹുല്‍ ഗാന്ധി സാമൂഹികമാധ്യമമായ എക്സില്‍ കുറിച്ചു.ശനിയാഴ്ച ഡല്‍ഹിയില്‍ സമാധാനപരമായി പ്രതിഷേധിച്ച യുവാക്കള്‍ വിദ്വേഷമോ ദേഷ്യമോ അല്ല, സ്നേഹമാണ് മനസില്‍ കരുതിയെത്തിയതെന്നും അവരെ പോലീസും ബിജെപി പ്രവർത്തകരും മർദിച്ചെന്നും രാഹുല്‍ ഗാന്ധി ആരോപിച്ചു. തങ്ങള്‍ ആഗ്രഹിക്കുന്ന ഇന്ത്യ ഇതല്ലെന്നും രാഹുല്‍ ഗാന്ധി പ്രതികരിച്ചു.തിങ്കളാഴ്ച നടക്കുന്ന മാർച്ചില്‍ യുവാക്കളും പ്രതിപക്ഷ പാർട്ടികളും സിവില്‍ സമൂഹ സംഘടനകളും ഇന്ത്യൻ ഭരണഘടനയിലും ജനാധിപത്യത്തിലും വിശ്വസിക്കുന്നവരും പങ്കെടുക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി.
ബെംഗളൂരുവില്‍ നേരത്തേ നടത്തിയ പ്രതികരണത്തില്‍, വോട്ട് മോഷണ വിഷയത്തില്‍ ഇടപെടണമെന്ന് ആവശ്യപ്പെട്ട് താനും രാഹുല്‍ ഗാന്ധിയും ചീഫ് ജസ്റ്റിസിനോട് കൂടിക്കാഴ്ചയ്ക്ക് സമയം തേടിയതായി മല്ലികാർജുൻ ഖാർഗെ പറഞ്ഞിരുന്നു.ചീഫ് ജസ്റ്റിസിനോട് ആവശ്യപ്പെടുകയല്ല, വിനയത്തോടെ അഭ്യർഥിക്കുകയാണ് ചെയ്യുകയെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു. വെള്ളിയാഴ്ച ഇന്ത്യ സഖ്യത്തിലെ വിവിധ പ്രതിപക്ഷ പാർട്ടികളുടെ നേതാക്കള്‍ പാർലമെന്റില്‍നിന്ന് വിജയ് ചൗക്കിലേക്ക് മാർച്ച് നടത്തിയിരുന്നു. തുടർന്ന് രാഷ്ട്രപതി ദ്രൗപദി മുർമുവിന് നിവേദനവും കൈമാറി.കഴിഞ്ഞ ദിവസം പ്രതിഷേധത്തിനിടെ വൻതോതില്‍ പോലീസിനെ വിന്യസിക്കുകയും ആളുകളെ കസ്റ്റഡിയിലെടുക്കുകയും ചെയ്തത് യുവജന പ്രതിഷേധത്തെക്കുറിച്ചുള്ള സർക്കാരിന്റെ ഭയമാണ് വ്യക്തമാക്കുന്നതെന്ന് ഖാർഗെ ആരോപിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദിയും ആഭ്യന്തരമന്ത്രി അമിത് ഷായും രാജ്യത്ത് അരാജകാവസ്ഥ സൃഷ്ടിക്കുകയാണെന്നും പലയിടങ്ങളിലും അപ്രഖ്യാപിത അടിയന്തരാവസ്ഥ നിലനില്‍ക്കുകയാണെന്നും അദ്ദേഹം വിമർശിച്ചിരുന്നു.
അതേസമയം, നിലവില്‍ സുപ്രീം കോടതിയുടെ തന്നെ പരിഗണനയില്‍ ഇരിക്കുന്ന വിഷയം ആയതിനാലാണ് പ്രതിപക്ഷ നേതാക്കളുടെ ആവശ്യത്തോട് ചീഫ് ജസ്റ്റിസ് പ്രതികൂലമായി പ്രതികരിച്ചതെന്നാണ് വിവരം. അത്തരത്തിലൊരു വിഷയത്തില്‍ ചർച്ച നടത്തുന്നത് വരാനിരിക്കുന്നത് വിധിയുടെ വിശ്വാസ്യതയില്‍ ചോദ്യമുയർത്തുമെന്നും റിപ്പോർട്ടുകള്‍ ചൂണ്ടിക്കാണിക്കുന്നു.അതിനിടെ ഡല്‍ഹിയില്‍ സിജെപി ഉള്‍പ്പെടെയുള്ള കക്ഷികളുടെ പ്രതിഷേധം തുടരുകയാണ്. ജന്തർ മന്തറില്‍ സമാധാനപരമായ പ്രതിഷേധം നടത്തുന്നതിനുള്ള തീയതി നിശ്ചയിക്കുന്നതിനായി സിജെപി നേതാക്കള്‍ തിങ്കളാഴ്ച രാവിലെ 10-ന് പാർലമെന്റ് സ്ട്രീറ്റ് പോലീസ് സ്റ്റേഷനിലെത്തുമെന്നാണ് സിജെപി നേതാവ് അശുതോഷ് റാങ്ക അറിയിച്ചിരിക്കുന്നത്. പ്രതിഷേധം സംഘടിപ്പിക്കാൻ 24 മണിക്കൂറിനുള്ളില്‍ സമയം അനുവദിക്കണമെന്നാണ് ആവശ്യം.