തമിഴ്നാട്ടില് ആര്എസ്എസ് മാര്ച്ചിന് അനുമതി നല്കാതെ പോലീസ്. മൂന്ന് ദിവസം മാര്ച്ചും പൊതുസമ്മേളനവും നടത്താന് അനുമതി വേണം എന്ന ആവശ്യമാണ് പോലീസ് തള്ളിയത്.ഇതിനെതിരെ ആര്എസ്എസ് മദ്രാസ് ഹൈക്കോടതിയെ സമീപിച്ചു. ഭീകരരുടെ സാന്നിധ്യമുള്ള ജമ്മു കശ്മീരില് വരെ ആര്എസ്എസ് മാര്ച്ച് നടക്കുന്നുണ്ടല്ലോ, എന്തുകൊണ്ട് തമിഴ്നാട്ടില് പറ്റുന്നില്ല എന്ന് ജസ്റ്റിസ് വി ലക്ഷ്മിനാരായണന് ചോദിച്ചു.ഡിഎംകെ സര്ക്കാരിന്റെ കാലത്തും സമാനമായ രീതിയില് ആര്എസ്എസ് മാര്ച്ചിന് അനുമതി നിഷേധിച്ചിരുന്നു. പിന്നീട് ആര്എസ്എസ് കോടതിയെ സമീപിച്ച് അനുമതി നേടിയെടുക്കുകയാണ് ചെയ്തത്. വിജയ് സര്ക്കാര് അധികാരത്തിലെത്തിയപ്പോഴും സമാനമായ സാഹചര്യമുണ്ടായിരിക്കുകയാണ്. ആര്എസ്എസ് മാര്ച്ചിന് അഡ്വക്കേറ്റ് ജനറല് വിജയ് നാരായണന് തടസവാദം ഉന്നയിച്ചു.
ഒക്ടോബര് 18, 25, നവംബര് 1 എന്നീ തിയ്യതികളില് തമിഴ്നാട്ടിലെ വിവിധ നഗരങ്ങളില് യൂണിഫോം ധരിച്ച വോളണ്ടിയര് മാര്ച്ചും പൊതുസമ്മേളനവും നടത്താനാണ് ആര്എസ്എസ് അനുമതി ചോദിച്ചത്. ഇത് തടഞ്ഞതിനെതിരെ ആര്എസ്എസ് നോര്ത്ത് തമിഴ്നാട് സെക്രട്ടറി വിജി ജഗദീശന് കോടതിയില് റിട്ട് ഹര്ജി സമര്പ്പിക്കുകയായിരുന്നു. വി ചന്ദ്രശേഖരനും കെ ശ്രീനിവാസ മൂര്ത്തിയുമാണ് ജഗദീശന് വേണ്ടി ഹാജരായത്.തമിഴ്നാട്ടില് ഏത് സര്ക്കാര് അധികാരത്തില് വന്നാലും ആര്എസ്എസിന്റെയും ദ്രാവിഡര് കഴകത്തിന്റെയും റാലിക്ക് അനുമതി നല്കാത്തത് എന്താണ് എന്ന് കോടതി ചോദിച്ചു. രാഷ്ട്രീയ പാര്ട്ടികളുടെ മാര്ച്ചിന് പോലും അനുമതി നല്കുന്നില്ലെന്നും കോടതി നിരീക്ഷിച്ചു. 1925ല് രൂപീകൃതമായതു മുതല് എല്ലാ വര്ഷവും ആര്എസ്എസ് മാര്ച്ച് നടത്താറുണ്ടെന്ന് ഹര്ജിക്കാരന് വാദിച്ചു. ന്യൂയോര്ക്ക്, ലണ്ടന്, സിഡ്നി, ഓക്ലാന്റ്, പാരിസ്, ഒട്ടാവ തുടങ്ങിയ വിദേശ നഗരങ്ങളിലും പരിപാടികള് സംഘടിപ്പിക്കാറുണ്ടെന്നും അവര് ബോധിപ്പിച്ചു.
ഇതിന് ശേഷമാണ് കോടതി ചില ചോദ്യങ്ങള് ഉന്നയിച്ചത്. ഭീകരര് കൂടുതലുള്ള ജമ്മു കശ്മീര് പോലുള്ള സ്ഥലങ്ങളില് വരെ ആര്എസ്എസ് മാര്ച്ച് നടത്തുന്നുണ്ട്. തമിഴ്നാട്ടില് സാധിക്കുന്നില്ല. ഇത്തരം മാര്ച്ചുകള്ക്ക് അനുമതി നല്കാതിരിക്കുന്നതിലൂടെ മോശം പ്രതിഛായ പോലീസ് ക്ഷണിച്ചുവരുത്തുകയാണെന്നും ജഡ്ജി പറഞ്ഞു.അതേസമയം, മാര്ച്ചിന് അനുമതി ചോദിച്ച സ്ഥലങ്ങളും മാര്ച്ച് കടന്നുപോകുന്ന വഴികളും പരിപാടി നടത്താന് അനിയോജ്യമല്ലെന്ന് അഡ്വക്കേറ്റ് ജനറല് വിജയ് നാരായണ് കോടതിയെ അറിയിച്ചു. ആഘോഷ വേളകളില് ഇത്തരം സ്ഥലങ്ങളിലൂടെ മാര്ച്ച് കടന്നുപോയാല് ജനങ്ങള്ക്ക് ബുദ്ധിമുട്ടാകുമെന്നും അദ്ദേഹം വാദിച്ചു. ഇരുഭാഗത്തിന്റെയും വാദം കേട്ട കോടതി പരാതിക്കാരന്റെ അഭിഭാഷകനോട് സ്റ്റേറ്റ് പബ്ലിക് പ്രോസിക്യൂട്ടര് ആര് ജോണ് സത്യനുമായി ചര്ച്ച നടത്തി സമയവും തിയ്യതിയും സംബന്ധിച്ച് ധാരണയിലെത്താന് നിര്ദേശിച്ചു. ഇക്കാര്യം വ്യാഴാഴ്ച കോടതിയെ അറിയിക്കാനും നിര്ദേശം നല്കി.