ബിഗ്ബോസ് മലയാളം സീസൺ 8 വീക്കെൻഡ് എപ്പിസോഡിൽ മത്സരാർത്ഥിയായ താഷിക്കെതിരെ അവതാരകൻ മോഹൻലാൽ നടത്തിയ രൂക്ഷവിമർശനങ്ങൾ വലിയ രീതിയിലാണ് സമൂഹമാധ്യമങ്ങളിൽ ചർച്ചയായത്. താഷിയുടെ കളിരീതിയെയും വീട്ടിലെ മോശം പെരുമാറ്റത്തെയും മോഹൻലാൽ ചോദ്യം ചെയ്തതിനൊപ്പം, അദ്ദേഹത്തിൻ്റെ യഥാർത്ഥ പേരായ സന്തോഷ് രാജ് എന്ന പേര് പരാമർശിച്ചതും പേര് മാറ്റിയതിനെ ചൂണ്ടിക്കാട്ടിയതുമാണ് ഇപ്പോൾ പുതിയ വിവാദങ്ങൾക്ക് വഴിവെച്ചിരിക്കുന്നത്. ഇതിനെതിരെ ശക്തമായ വിയോജിപ്പുമായി രംഗത്തെത്തിയിരിക്കുകയാണ് മുൻ ബിഗ് ബോസ് മത്സരാർത്ഥിയായ ഫിറോസ് ഖാൻ.ഷോയിലെ താഷിയുടെ ഗെയിം സ്ട്രാറ്റജിയെയും തെറ്റായ പെരുമാറ്റങ്ങളെയും ആർക്കും വിമർശിക്കാം; എന്നാൽ ഒരാളുടെ പേരിനെയും വ്യക്തിത്വത്തെയും (ഐഡന്റിറ്റി) പരസ്യമായി ചോദ്യം ചെയ്യുന്നത് ശരിയല്ലെന്ന് ഫിറോസ് ഖാൻ തുറന്നടിച്ചു. ഇത്തരം ഒരു പരാമർശം ലാലേട്ടൻ്റെ ഭാഗത്തുനിന്ന് ഒരിക്കലും പ്രതീക്ഷിച്ചില്ലെന്നും അത് വളരെ മോശമായിപ്പോയെന്നും ഫിറോസ് വ്യക്തമാക്കി.
സ്വന്തം പേര് മാറ്റുന്നത് ഓരോരുത്തരുടെയും വ്യക്തിപരമായ സ്വാതന്ത്ര്യമാണെന്ന് സമർത്ഥിക്കാൻ മലയാളത്തിലെ മുൻനിര നായകന്മാരുടെ ഉദാഹരണങ്ങൾ നിരത്തിയാണ് ഫിറോസ് ഖാൻ സംസാരിച്ചത്.”മുഹമ്മദ് കുട്ടി പാണപറമ്പിൽ ഇസ്മായിൽ, ഗോപാലകൃഷ്ണണൻ പദ്മനാഭൻ പിള്ള… ഇവർ രണ്ടുപേരും ആരാണെന്ന് മനസ്സിലായോ? ആദ്യം പറഞ്ഞത് മമ്മൂട്ടിയാണ്, രണ്ടാമത് പറഞ്ഞത് ദിലീപ്. ഇങ്ങനെ കലാരംഗത്തുള്ള ഒരുപാട് പേർ തങ്ങളുടെ പേരുകൾ മാറ്റി, അവർക്ക് ഇഷ്ടമുള്ള പേരുകൾ സ്വീകരിച്ചിട്ടുണ്ട്. അതിനൊന്നും ഇവിടെ ആരും അവരെ കുറ്റം പറഞ്ഞിട്ടില്ല, പറയേണ്ട കാര്യവുമില്ല,” എന്ന് ഫിറോസ് ഖാൻ ചൂണ്ടിക്കാട്ടി.”കഴിഞ്ഞ ദിവസത്തെ എപ്പിസോഡിൽ ലാലേട്ടൻ വന്ന് താഷിയെ നിർത്തിപ്പൊരിച്ചു. സന്തോഷ് എന്ന പേര് മാറ്റി താഷി എന്നാക്കിയതിലാണ് മോഹൻലാൽ പ്രധാനമായും രോഷം കൊണ്ടത്. താഷിയുടെ കളിയിലെ പല തെറ്റുകളിലും കുറ്റം പറയാം. പക്ഷേ, ഒരാളുടെ പേരിനെയും സ്വത്വത്തെയും അധിക്ഷേപിക്കുന്ന നിലപാട് സ്വീകരിച്ചത് തീർത്തും അനുചിതമായിപ്പോയി,” ഫിറോസ് ഖാൻ കൂട്ടിച്ചേർത്തു.ബിഗ് ബോസ് മലയാളം സീസൺ 3-ൽ ഭാര്യ സജ്നയ്ക്കൊപ്പം വൈൽഡ് കാർഡ് എൻട്രിയായി എത്തി മികച്ച പ്രകടനം കാഴ്ചവെച്ച താരമാണ് ഫിറോസ് ഖാൻ.