കൊച്ചി: എറണാകുളം – ബെംഗളൂരു വന്ദേ ഭാരത് എക്സ്പ്രസ് ട്രെയിൻ ഇന്നും (ഓഗസ്റ്റ് 25) വൈകി പുറപ്പെടും. എറണാകുളം ജങ്ഷനില്‍ നിന്ന് ഉച്ചതിരിഞ്ഞ് 2.20ന് എടുക്കേണ്ട വണ്ടി, വൈകീട്ട് 5.05നാണ് യാത്ര തുടങ്ങുക.രണ്ട് മണിക്കൂർ 45 മിനിറ്റ് വൈകിയാണ് വന്ദേ ഭാരത് ഓടുന്നത്. പെയറിങ് ട്രെയിൻ വൈകുന്നതാണ് യാത്ര വൈകാൻ കാരണമെന്നാണ് അറിയുന്നത്.ഓണക്കാലത്ത് ബെംഗളൂരുവിലേക്കും തിരിച്ചുമുള്ള വന്ദേ ഭാരതുകളുടെ യാത്രാസമയം താളം തെറ്റിയത് യാത്രക്കാരെ ബുദ്ധിമുട്ടിലാക്കിയിട്ടുണ്ട്.

ട്രെയിൻ മൂന്ന് മണിക്കൂറില്‍ കൂടുതല്‍ വൈകുകയാണെങ്കില്‍ യാത്രക്കാർക്ക് ട്രെയിൻ പുറപ്പെടുന്നതിന് മുൻപായി ഓണ്‍ലൈനായി ടിക്കറ്റ് ഡെപ്പോസിറ്റ് റെസീപ്റ്റ് (TDR) ഫയല്‍ ചെയ്ത് മുഴുവൻ തുകയും റീഫണ്ട് വാങ്ങാവുന്നതാണ്. ഇന്ന് രണ്ടേമുക്കാല്‍ മണിക്കൂറാണ് വൈകുന്നത് എന്നതിനാല്‍ ഇതിന് സാധിച്ചിക്കില്ല.ഞായറാഴ്ചയാണ് ആദ്യമായി വന്ദേ ഭാരത് എക്സ്പ്രസ് വൈകിയോടിയത്. ആറര മണിക്കൂറോളം ട്രെയിൻ വൈകി. ബെംഗളൂരുവില്‍ നിന്ന് രാവിലെ 5:10-ന് പുറപ്പെടേണ്ട ട്രെയിൻ 6.30 മണിക്കൂർ വൈകി 11:45-നാണ് പുറപ്പെട്ടത്. എറണാകുളത്ത് ട്രെയിൻ എത്തിയപ്പോള്‍ രാത്രി 8 മണി കഴിഞ്ഞു. ട്രെയിനിന്റെ കോച്ചിലെ ആക്‌സിലില്‍ അമിതമായി ഘർഷണം ഉണ്ടായതിനെ തുടർന്ന് ചൂട് കൂടിയതു കാരണം സുരക്ഷ മുൻനിർത്തി പുറപ്പെടല്‍ നീട്ടി വെക്കുകയായിരുന്നു.ഈ സർവീസ് വൈകിയത് മടക്കയാത്രാ ട്രെയിനായ എറണാകുളം-ബെംഗളൂരു വന്ദേ ഭാരതിന്റെ സമയക്രമത്തെയും ബാധിച്ചു.
ആദ്യ ദിവസത്തെ ഈ വൈകലുകള്‍ തുടർന്നുള്ള ദീവസങ്ങളിലെ സമയക്രമത്തെയും ബാധിച്ചുവെന്നാണ് റിപ്പോർട്ടുകള്‍.കാരണം ഒറ്റ റേക്ക് സംവിധാനംനിലവില്‍ വന്ദേ ഭാരത് എക്സ്പ്രസ് ബെംഗളൂരുവില്‍ നിന്ന് എറണാകുളത്തേക്ക് ഓടുന്നത് ഒറ്റ റേക്കിലാണ്. ബെംഗളൂരുവില്‍ നിന്ന് എറണാകുളത്തേക്ക് ദിവസവും വെളുപ്പിന് 5.10നാണ് പുറപ്പെടുക. ഉച്ചയ്ക്ക് 11.50ന് എറണാകുളത്ത് എത്തും. ഇതേ വണ്ടി തന്നെയാണ് പിന്നീട് 2:20ന് തിരിച്ച് യാത്ര ചെയ്യേണ്ടത്. രാത്രി പതിനൊന്നിന് ബെംഗളൂരുവില്‍ എത്തിച്ചേരും. ഇതില്‍ ഒരു യാത്രയുടെ ക്രമം തെറ്റിയാല്‍ പിന്നീടത് പുനസ്ഥാപിക്കുക പ്രയാസമാണ്. കാരണം, ഒരു റേക്ക് മാത്രമാണ് ഓടുന്നത്.റേക്കുകളുടെ എണ്ണം രണ്ടാക്കണം എന്ന ആവശ്യം ദീർഘ നാളായി ഉയരുന്നതാണ്. ഇക്കാര്യത്തില്‍ റെയില്‍വേ ഇതുവരെ തീരുമാനമെടുത്തിട്ടില്ല. പുതിയ വൈകല്‍ പ്രശ്നങ്ങളുടെ സാഹചര്യത്തില്‍ ഈ ആവശ്യം വീണ്ടും ഉയർത്തുകയാണ് യാത്രക്കാർ.