ബംഗളൂരു: ഓണ്‍ലൈനിലൂടെ വിഷാംശമുള്ള ഉമ്മത്തിൻ കായ് വില്‍പ്പന നടത്തിയെന്ന കണ്ടെത്തലിനെത്തുടർന്ന് ആമസോണ്‍, സ്വിഗ്ഗി ഇൻസ്റ്റാമാർട്ട്, ബിഗ്ബാസ്കറ്റ് എന്നിവയുടെ ഭക്ഷ്യ ലൈസൻസുകള്‍ കർണാടക സർക്കാർ താല്‍ക്കാലികമായി സസ്പെൻഡ് ചെയ്തു.കർണാടക ഫുഡ് സേഫ്റ്റി ആൻഡ് ഡ്രഗ്സ് അഡ്മിനിസ്ട്രേഷൻ വകുപ്പാണ് ഓണ്‍ലൈൻ പ്ളാറ്റ്ഫോമുകള്‍ക്കെതിരെ നടപടി സ്വീകരിച്ചത്.ഉമ്മത്തിൻ കായ്, അവയുടെ വിത്തുകള്‍ (ഡാറ്റുറ/ധത്തൂര) എന്നിവ ഓണ്‍ലൈനിലൂടെ വില്‍ക്കുന്നുവെന്ന പരാതി ലഭിച്ചതിനെത്തുടർന്ന് അധികൃതർ അന്വേഷണം നടത്തുകയായിരുന്നു.

അന്വേഷണത്തില്‍ വിഷാംശമുള്ള പഴങ്ങളും വിത്തുകളും വിവിധ ഇ-കൊമേഴ്സ് പ്ലാറ്റ്ഫോമുകളില്‍ ഭക്ഷ്യവസ്തുക്കളെന്ന നിലയില്‍ വില്പനയ്ക്ക് പ്രദർശിപ്പിച്ചിരുന്നതായി കണ്ടെത്തി. ചില പായ്ക്കറ്റുകളില്‍ ഭക്ഷ്യ ലൈസൻസ് അല്ലെങ്കില്‍ രജിസ്ട്രേഷൻ നമ്പറുകളും രേഖപ്പെടുത്തിയിരുന്നു. മനുഷ്യർ കഴിച്ചാല്‍ ഗുരുതര ആരോഗ്യപ്രശ്നങ്ങള്‍ക്ക് ഇടയാക്കാവുന്ന ഉല്‍പ്പന്നമാണ് ഉമ്മത്തിൻ കായ് എന്ന് അധികൃതർ വ്യക്തമാക്കി.അന്വേഷണത്തിന്റെ ഭാഗമായി കമ്പനിയുടെ പ്രതിനിധികളെ ഭക്ഷ്യസുരക്ഷാ വിഭാഗം വിളിച്ചുവരുത്തിയെങ്കിലും ആമസോണ്‍ അധികൃതർ മറുപടി സമർപ്പിച്ചില്ലെന്നാണ് റിപ്പോർട്ട്. അതേസമയം, സ്വിഗ്ഗി ഇൻസ്റ്റാമാർട്ട് മറുപടി നല്‍കുന്നതിനായി കൂടുതല്‍ സമയം ആവശ്യപ്പെട്ടിട്ടുണ്ട്. വിഷാംശമുള്ള പഴങ്ങളുടെ ഓണ്‍ലൈൻ വില്‍പ്പന നിർത്തിയതായി ബിഗ്ബാസ്കറ്റ് സ്ഥിരീകരിച്ചു.
ഭാവിയില്‍ ഇത്തരം ഉല്‍പ്പന്നങ്ങളുടെ ലേബലില്‍ ‘മനുഷ്യ ഉപഭോഗത്തിനല്ല’ എന്ന് വ്യക്തമായി രേഖപ്പെടുത്തുമെന്നും കമ്പനി അറിയിച്ചു.ഓണ്‍ലൈൻ പ്ളാറ്റ്ഫോമുകള്‍ നല്കിയ വിശദീകരണങ്ങള്‍ തൃപ്തികരമല്ലെന്നാണ് ഭക്ഷ്യസുരക്ഷാ വിഭാഗത്തിന്റെ വിലയിരുത്തല്‍. വിഷമുള്ള പഴങ്ങളും വിത്തുകളും ഭക്ഷ്യവസ്തുവായി സംഭരിക്കുകയോ വില്ക്കുകയോ വിതരണം ചെയ്യുകയോ ചെയ്യാൻ അനുമതിയില്ലെന്നും അധികൃതർ വ്യക്തമാക്കി. ഇതിനെത്തുടർന്നാണ് ആമസോണ്‍, സ്വിഗ്ഗി ഇൻസ്റ്റാമാർട്ട്, ബിഗ്ബാസ്കറ്റ് എന്നിവയുടെ ഭക്ഷ്യ ലൈസൻസുകള്‍ തുടർ ഉത്തരവുണ്ടാകുന്നതുവരെ സസ്പെൻഡ് ചെയ്യാൻ നിർദേശം നല്‍കിയത്.