Home കർണാടക ബെംഗളൂരു ടണല്‍ റോഡ്; പദ്ധതിക്കെതിരെ എതിര്‍പ്പ് ശക്തമാവുന്നു, ചര്‍ച്ചയായി ലാല്‍ബാഗിന്റെ നിലനില്‍പ്പ്

ബെംഗളൂരു ടണല്‍ റോഡ്; പദ്ധതിക്കെതിരെ എതിര്‍പ്പ് ശക്തമാവുന്നു, ചര്‍ച്ചയായി ലാല്‍ബാഗിന്റെ നിലനില്‍പ്പ്

by ടാർസ്യുസ്

ബെംഗളൂരു: നഗരത്തിലെ അടിസ്ഥാന സൗകര്യ വികസന പദ്ധതികളിലെ നിർണായകമായ ടണല്‍ റോഡിനെതിരെ എതിർപ്പ് ശക്തമാവുന്നു. ഇപ്പോഴിതാ ബെംഗളൂരുവിലെ ലാല്‍ബാഗിന്റെ പച്ചപ്പിനും പരിസ്ഥിതിക്കും ഭീഷണിയാകുമെന്ന് ചൂണ്ടിക്കാട്ടി ലാല്‍ബാഗ് വാക്കേഴ്‌സ് അസോസിയേഷൻ നിർദ്ദിഷ്‌ട ടണല്‍ റോഡ് പദ്ധതി ഉപേക്ഷിക്കണമെന്ന് സർക്കാരിനോട് ആവശ്യപ്പെട്ടു രംഗത്ത് വന്നിരിക്കുകയാണ്.പദ്ധതിക്ക് എതിരായ എതിർപ്പ് ശക്തമായ സാഹചര്യത്തിലാണ് ഇത്.ലാല്‍ബാഗ് തടാകത്തിന് സമീപം നടന്ന ബോധവത്കരണ പരിപാടിയിലാണ് അസോസിയേഷൻ ഇക്കാര്യം ആവശ്യപ്പെട്ടത്. ടണല്‍ റോഡ് നിർമ്മാണം ലാല്‍ബാഗിന്റെ പ്രകൃതിക്കും ചരിത്രപരമായ പ്രാധാന്യത്തിനും വലിയ നാശമുണ്ടാക്കുമെന്ന് അംഗങ്ങള്‍ പറഞ്ഞു.

പദ്ധതിക്കായി ലാല്‍ബാഗിലെ അഞ്ച് ഏക്കറിലധികം സ്ഥലം ഏറ്റെടുക്കാനുള്ള സാധ്യതയാണ് പ്രധാന ആശങ്കകളിലൊന്ന്. ഇതിലൂടെ നൂറുകണക്കിന് വലിയ മരങ്ങളും അപൂർവ സസ്യങ്ങളും നശിക്കാനിടയുണ്ടെന്നാണ് അസോസിയേഷന്റെ ആശങ്ക.ടണല്‍ നിർമാണത്തിന് വലിയ തോതില്‍ പാറ പൊട്ടിക്കേണ്ടിവരാം. ഇത് ദശലക്ഷക്കണക്കിന് വർഷം പഴക്കമുള്ള ലാല്‍ബാഗിലെ പുരാതന പാറയ്ക്ക് കേടുപാടുകള്‍ വരുത്താൻ സാധ്യതയുണ്ടെന്നും അംഗങ്ങള്‍ ചൂണ്ടിക്കാട്ടി. നിർമ്മാണ പ്രവർത്തനങ്ങളും മരങ്ങളും പ്രകൃതിദത്ത ആവാസവ്യവസ്ഥയും നഷ്‌ടപ്പെടുന്നതും ലാല്‍ബാഗിലെ പക്ഷികളെയും ചെറിയ ജീവികളെയും ബാധിക്കുമെന്ന് അസോസിയേഷൻ മുന്നറിയിപ്പ് നല്‍കി.ലാല്‍ബാഗിനുള്ളില്‍ വാണിജ്യ കെട്ടിടങ്ങള്‍ നിർമിക്കുന്നതിനെയും അംഗങ്ങള്‍ എതിർത്തു. ഇത്തരം നിർമ്മാണങ്ങള്‍ ലാല്‍ബാഗിന്റെ പ്രകൃതി ഭംഗിയും ചരിത്രപരമായ സ്വഭാവവും മാറ്റിമറിക്കുമെന്ന് അവർ പറഞ്ഞു.

ലാല്‍ബാഗ് ഒരു പാർക്ക് മാത്രമല്ല. ബെംഗളൂരുവിന്റെ ശ്വാസകോശവും ചരിത്രവുമാണ്. കോടിക്കണക്കിന് വർഷം പഴക്കമുള്ള ഭൂമിശാസ്ത്ര പൈതൃകവും നൂറ്റാണ്ടുകള്‍ പഴക്കമുള്ള സസ്യ പൈതൃകവും കോണ്‍ക്രീറ്റ് നിർമ്മാണത്തിനായി നശിപ്പിക്കുന്നത് അംഗീകരിക്കാനാകില്ലെന്ന് അസോസിയേഷൻ ചൂണ്ടിക്കാട്ടി.ടണല്‍ റോഡ് പദ്ധതി പൂർണമായും ഉപേക്ഷിക്കണമെന്നും ബെംഗളൂരുവിലെ ഹരിത പ്രദേശങ്ങളും പ്രകൃതി പൈതൃകവും സംരക്ഷിക്കുന്നതിന് സർക്കാർ മുൻഗണന നല്‍കണമെന്നും അസോസിയേഷൻ ആവശ്യപ്പെട്ടു. നേരത്തെ ഇവിടെ പദ്ധതിയെ എതിർക്കുന്നവർ വിവിധ തരത്തിലുള്ള പ്രതിഷേധങ്ങള്‍ സംഘടിപ്പിച്ചിരുന്നു. അതിന് പിന്നാലെയാണ് ഇപ്പോള്‍ അസോസിയേഷൻ നേരിട്ട് രംഗത്ത് വന്നിരിക്കുന്നത്.

ബെംഗളൂരുവില്‍ സംസ്ഥാന സർക്കാർ നടപ്പാക്കാൻ ഉദ്ദേശിക്കുന്ന 17,698 കോടി രൂപയുടെ ടണല്‍ റോഡ് പദ്ധതി കർണാടകയിലെ ഏറ്റവും പഴയ ഹരിത ഇടങ്ങളിലൊന്നായ ലാല്‍ബാഗിന്റെ സൗന്ദര്യത്തെ തന്നെ ബാധിക്കുമെന്നാണ് ആശങ്ക. പദ്ധതിയുടെ ഭാഗമായി ഭൂമിക്കടിയില്‍ തുരങ്കം നിർമിക്കുമ്പോള്‍ ലാല്‍ബാഗ് പാറയ്ക്കും കേടുപാടുകള്‍ സംഭവിക്കാനിടയുണ്ട്.ലാല്‍ബാഗ് പാറയ്ക്ക് ഏകദേശം 320 മുതല്‍ 350 കോടി വർഷം പഴക്കമുണ്ടെന്നാണ് പറയപ്പെടുന്നത്. ലോകത്തിലെ ഏറ്റവും പഴക്കമുള്ള പാറക്കൂട്ടങ്ങളില്‍ ഒന്നായ ധാർവാർ ക്രാറ്റോണിന്റെ ഭാഗമാണിത്. കോലാർ മുതല്‍ മംഗളൂരു വരെയും വടക്ക് ബെല്ലാരി വരെയും ഈ പുരാതന പാറക്കൂട്ടം വ്യാപിച്ചുകിടക്കുന്നു. ഈ സാഹചര്യത്തില്‍ കടുത്ത എതിർപ്പാണ് പരിസ്ഥിതി പ്രവർത്തകർക്ക് ഇടയില്‍ നിന്നും പദ്ധതിക്കെതിരെ ഉയരുന്നത്.

You may also like

error: Content is protected !!
Join Our WhatsApp Group