ബിഗ് ബോസ് മലയാളം സീസണ് 8 വേദിയില് നിന്ന് പുറത്തായതിന് പിന്നാലെ മാതൃകാപരമായ ഒരു പ്രഖ്യാപനവുമായി കയ്യടി നേടുകയാണ് കോമണർ മത്സരാർത്ഥിയായി എത്തിയ എല്ദോ ജോർജ്.ഷോയില് പങ്കെടുത്തതിലൂടെ തനിക്ക് ലഭിച്ച മുഴുവൻ പ്രതിഫലവും സ്വന്തമായി ഒരു സംരംഭം തുടങ്ങാൻ ആഗ്രഹിക്കുന്ന അർഹനായ ഒരാള്ക്ക് കൈമാറുമെന്നാണ് എല്ദോ വ്യക്തമാക്കിയത്. അഞ്ചാം വാരത്തില് ഷോയില് നിന്ന് എവിക്റ്റായതിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കവെയാണ് എല്ദോ ഈ സുപ്രധാന തീരുമാനം വെളിപ്പെടുത്തിയത്.സ്വന്തം പിതാവിന്റെ പേരിലായിരിക്കും ഈ ധനസഹായം നല്കുകയെന്നും, പ്രതിസന്ധികള്ക്കിടയിലും സംരംഭകത്വ സ്വപ്നങ്ങള് താലോലിക്കുന്ന സാധാരണക്കാരനായ ഒരാള്ക്ക് ഇതൊരു പുതിയ തുടക്കമാകട്ടെ എന്നും എല്ദോ കൂട്ടിച്ചേർത്തു.
ബിഗ് ബോസ് ഹൗസിലേക്ക് മത്സരാർത്ഥികളെ തെരഞ്ഞെടുക്കാനായി നടത്തിയ ‘അഗ്നിപരീക്ഷ’ എന്ന കടമ്പ വിജയകരമായി മറികടന്നാണ് എല്ദോ ഷോയിലെത്തിയത്. തുടക്കത്തില് ഹൗസിലെ സജീവ സാന്നിധ്യമായി മാറിയ എല്ദോ, വ്യക്തമായ നിലപാടുകളിലൂടെയും പ്രസംഗങ്ങളിലൂടെയും പ്രേക്ഷകരുടെ പ്രശംസ പിടിച്ചുപറ്റി.ഹൗസിനകത്തും പുറത്തും ‘പ്രതിപക്ഷ നേതാവ്’ എന്നൊരു വിശേഷണവും ചുരുങ്ങിയ സമയം കൊണ്ട് എല്ദോ സ്വന്തമാക്കിയിരുന്നു. ആദ്യ ആഴ്ചകളില് മികച്ച പ്രകടനം പുറത്തെടുത്തെങ്കിലും പിന്നീടുള്ള ദിവസങ്ങളില് കളിയില് പഴയ സ്വാധീനം ചെലുത്താൻ കഴിഞ്ഞില്ലെന്ന വിലയിരുത്തലുകള്ക്കിടെയാണ് അഞ്ചാം വാരത്തില് എല്ദോ പുറത്താകുന്നത്.എറണാകുളം ജില്ലയിലെ പെരുമ്പാവൂർ സ്വദേശിയായ എല്ദോ ജോർജ് നേരത്തെ തന്നെ സാമൂഹിക-പൊതുപ്രവർത്തന രംഗങ്ങളില് സജീവമാണ്. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില് പെരുമ്പാവൂർ മണ്ഡലത്തില് നിന്നും സ്വതന്ത്ര സ്ഥാനാർത്ഥിയായി മത്സരിച്ച് ശ്രദ്ധ നേടിയിരുന്നു.