ബെംഗളൂരു നഗരത്തിലെ മെട്രോ ആർവി റോഡ്–ബൊമ്മസന്ദ്ര പാതയിലെ (യെലോ ലൈൻ) സർവീസ് പൂർണമായും ആരംഭിക്കാൻ അടുത്ത വർഷം മാർച്ച് വരെ കാത്തിരിക്കേണ്ടിവരും. പാത പൂർത്തിയായിട്ടും, ആവശ്യമായ 15 ട്രെയിനുകൾ ലഭ്യമല്ലാത്തതിനാൽ ആണ് സർവീസ് വൈകുന്നത്.ഓഗസ്റ്റിൽ ഒരു ട്രെയിൻ കൂടി ലഭിക്കുന്നതോടെ യെലോ ലൈനിൽ ആദ്യഘട്ടത്തിൽ 4 ട്രെയിനുകൾ സർവീസിന് സജ്ജമാകും. ഈ മെട്രോ ട്രെയിനുകൾ പൂർണമായും ഇന്ത്യയിൽ നിർമ്മിച്ചവയാണ്. ഓഗസ്റ്റ് അവസാനത്തോടെ 5 സ്റ്റേഷനുകളെ ബന്ധിപ്പിച്ച് സർവീസ് ആരംഭിക്കാൻ ബിഎംആർസി തയ്യാറെടുക്കുകയാണ്.
19.15 കിലോമീറ്റർ ദൂരമുള്ള ഈ പാതയിൽ, 25 മിനിറ്റ് ഇടവേളയിൽ സർവീസ് നടത്തപ്പെടും.മെട്രോ റെയിൽ സുരക്ഷാ കമ്മിഷണറുടെ അന്തിമ സുരക്ഷാ പരിശോധന 15-ന് ആരംഭിക്കുമെന്ന് പ്രതീക്ഷിക്കുന്നു. ഡ്രൈവറില്ലാ ട്രെയിനുകളുടെ പരീക്ഷണ ഓട്ടം നേരത്തേ പൂർത്തിയാക്കിയിട്ടുണ്ട്. ഇലക്ട്രോണിക് സിറ്റിയിലൂടെയുള്ള യെലോ ലൈനിന്റെ നിർമാണം 2016-ൽ ആരംഭിച്ചിരുന്നു. ബംഗാൾ ആസ്ഥാനമായ ടിറ്റാഗ റെയിൽ സിസ്റ്റം ആണ് മെട്രോ നിർമ്മിക്കുന്നത്.
ബാംഗ്ലൂരിലെ സിൽക്ക്ബോർഡിലെ ഗതാഗതക്കുരുക്കിന് പരിഹാരമാകുമെന്ന പ്രതീക്ഷയോടെയാണ് ഈ പാത നിർമ്മിച്ചിരിക്കുന്നത്. 16 സ്റ്റേഷനുകൾ ഇതിൽ ഉൾപ്പെടുന്നു. മെയ് മാസത്തിൽ ഈ റൂട്ടിൽ ഓടേണ്ട മൂന്ന് ട്രെയിനുകളുടെ സുരക്ഷാ പരിശോധന പൂർത്തിയായിരുന്നു. കഴിഞ്ഞ മാസം ആദ്യം നടത്താൻ നിശ്ചയിച്ചിരുന്ന സുരക്ഷാ പരിശോധന വൈകിയതിനാൽ റൂട്ടിൽ സർവീസ് ആരംഭിക്കുന്നതും വൈകി.ബാംഗ്ലൂരിലെ ഈ യെലോ ലൈൻ ഉദ്ഘാടനം വൈകുന്നതിനെതിരെ ബെംഗളൂരു സൗത്ത് എംപി തേജസ്വി സൂര്യയുടെ നേതൃത്വത്തിൽ ഇന്ന് പ്രതിഷേധം സംഘടിപ്പിച്ചിട്ടുണ്ട്. രാവിലെ 9.30-ന് ലാൽബാഗ് മെയിൻ ഗേറ്റിനു മുന്നിൽ നടക്കുന്ന ഈ പ്രതിഷേധത്തിൽ പങ്കെടുക്കാൻ യാത്രക്കാരോടും നാട്ടുകാരോടും എംപി ആവശ്യപ്പെട്ടു