ബെംഗളൂരു: ബെംഗളൂരു മെട്രോയുടെ പർപ്പിള്‍ ലൈൻ സർവീസുകള്‍ മെയ് 31 ഞയാറാഴ്ച രണ്ട് മണിക്കൂർ നിർത്തിവയ്ക്കും. ആട്ടിഗുപ്പെ, വിജയനഗർ സ്റ്റേഷനുകള്‍ക്കിടയിലുള്ള അറ്റകുറ്റപ്പണികള്‍ക്കായിട്ടാണ് ഞായറാഴ്ച പർപ്പിള്‍ ലൈനിന്റെ ഒരു ഭാഗത്ത് മെട്രോ സർവീസുകള്‍ താല്‍ക്കാലികമായി നിർത്തിവെക്കുകയെന്ന് ബാംഗ്ലൂർ മെട്രോ റെയില്‍ കോർപ്പറേഷൻ ലിമിറ്റഡ് (ബിഎംആർസിഎല്‍) അറിയിച്ചു.ദീപാഞ്ജലിനഗര, ക്രാന്തിവീര സങ്കൊള്ളി രായണ്ണ സ്റ്റേഷൻ എന്നിവയ്ക്കിടയിലുള്ള മെട്രോ സർവീസുകള്‍ ഞായറാഴ്ച രാവിലെ 7 മുതല്‍ 9 വരെ നിർത്തിവയ്ക്കുമെന്ന് ബിഎംആർസിഎല്‍ അറിയിച്ചു. അതേസമയം, ചല്ലഘട്ട മുതല്‍ മൈസൂരു റോഡ്, കെമ്പെഗൗഡ (മജസ്റ്റിക്) മുതല്‍ വൈറ്റ്ഫീല്‍ഡ് (കഡുഗോഡി), മാധവറ മുതല്‍ സില്‍ക്ക് ഇൻസ്റ്റിറ്റ്യൂട്ട്, ആർവി റോഡ് മുതല്‍ ബൊമ്മസാന്ദ്ര വരെയുള്ള മറ്റ് ഭാഗങ്ങളില്‍ മെട്രോ സർവീസുകള്‍ ഷെഡ്യൂള്‍ പ്രകാരം തുടരും.
അതാത് ടെർമിനല്‍ സ്റ്റേഷനുകളില്‍ നിന്ന് രാവിലെ 7 മണിക്ക് ട്രെയിനുകള്‍ സർവീസ് ആരംഭിക്കുമെന്ന് ബിഎംആർസിഎല്‍ അറിയിച്ചു. പർപ്പിള്‍ ലൈനിലുടനീളം മുഴുവൻ സർവീസുകളും രാവിലെ 9 മുതല്‍ പുനരാരംഭിക്കും. ഐടി ജീവനക്കാർ ഉള്‍പ്പെടെയുള്ളവർ കൂടുതലായി ആശ്രയിക്കുന്ന മെട്രോ ലൈനാണ് ബെംഗളൂരു മെട്രോയുടെ പർപ്പിള്‍ ലൈൻ.താല്‍ക്കാലിക തടസ്സം ശ്രദ്ധിക്കണമെന്നും അറ്റകുറ്റപ്പണി കാലയളവില്‍ ആവശ്യമെങ്കില്‍ ബദല്‍ യാത്രാ ക്രമീകരണങ്ങള്‍ നടത്തുകയും ചെയ്യണമെന്ന് ബിഎംആർസിഎല്‍ യാത്രക്കാർക്ക് നിർദേശം നല്‍കി. അറ്റകുറ്റപ്പണികള്‍ അതിവേഗത്തില്‍ പൂർത്തിയാക്കാനുള്ള നിർദേശമാണ് അധികൃതർ നല്‍കുന്നത്. പർപ്പിള്‍ ലൈനിലെ തകരാർ സംബന്ധിച്ച വിവരങ്ങളൊന്നും അധികൃതർ പങ്കുവച്ചിട്ടില്ല. സ്വാഭാവിക അറ്റകുറ്റപ്പണികള്‍ മാത്രമാണിതെന്നാണ് ലഭിക്കുന്ന സൂചന.
പർപ്പിള്‍ ലൈനിലെ അറ്റകുറ്റപ്പണികളുടെ ഭാഗമായി സർവീസ് നിർത്തിവെക്കുന്ന സാഹചര്യത്തില്‍ പ്രധാന റെയില്‍വേ സ്റ്റേഷനിലേക്കോ കെമ്പെഗൗഡ ബസ് സ്റ്റേഷനിലേക്കോ (കെബിഎസ്) പോകുന്ന യാത്രക്കാർ കൂടുതല്‍ തിരക്ക് പ്രതീക്ഷിക്കണം. സർവീസുകള്‍ പുനരാരംഭിച്ചുകഴിഞ്ഞാല്‍ നാദപ്രഭു കെമ്പെഗൗഡ സ്റ്റേഷൻ – മജസ്റ്റിക് (മജസ്റ്റിക്) യില്‍ തിരക്ക് വർധിക്കാൻ സാധ്യതയുണ്ട്.യാത്രകളിലെ താമസ്സം ഒഴിവാക്കാൻ യാത്രക്കാർ മൈസൂർ റോഡിലൂടെ ഓടുന്ന ബാംഗ്ലൂർ മെട്രോപൊളിറ്റൻ ട്രാൻസ്പോർട്ട് കോർപറേഷൻ (ബിഎംടിസി) ബസുകള്‍ ഉപയോഗിക്കാം. കെഎസ്‌ആർ റെയില്‍വേ ലിങ്ക് വഴി വിമാനത്താവളത്തിലേക്ക് യാത്ര ചെയ്യുന്ന യാത്രക്കാർ ഷെഡ്യൂളുകള്‍ പരിശോധിക്കണം. കെഎസ്‌ആർ സ്റ്റേഷനില്‍ നേരത്തെ എത്തുന്ന ഇന്റർ – സിറ്റി റെയില്‍ യാത്രക്കാർക്ക് ഈ പ്രഭാത സമയം നിർണായകമാണ്.