ബെംഗളൂരു: നമ്മ മെട്രോ ആരംഭിച്ച് 15 വർഷം പിന്നിടുമ്പോഴും പ്രതീക്ഷിച്ച നേട്ടത്തിലേക്ക് എത്താതെ യാത്രക്കാരുടെ എണ്ണം.എംജി റോഡ് മുതല്‍ ബയ്യപ്പനഹള്ളി വരെയുള്ള ഏഴ് കിലോമീറ്റർ പാതയില്‍ നിന്ന് മൂന്ന് പ്രവർത്തനക്ഷമമായ പാതകളും 83 സ്‌റ്റേഷനുകളും ഉള്‍പ്പെടുന്ന 96 കിലോമീറ്റർ ശൃംഖലയായി മെട്രോ വളർന്നെങ്കിലും അതേ വേഗത്തില്‍ യാത്രക്കാരുടെ എണ്ണം ഉയർന്നിട്ടില്ല. നിലവില്‍ പ്രതിദിനം ഏകദേശം 10 ലക്ഷം യാത്രക്കാരാണ് മെട്രോ ഉപയോഗിക്കുന്നത്.അതേസമയം നിലവില്‍ പ്രവർത്തിക്കുന്ന ഇടനാഴികള്‍ക്കായി തയ്യാറാക്കിയ വിശദമായ പദ്ധതി റിപ്പോർട്ടുകളില്‍ ഈ ഘട്ടത്തില്‍ പ്രതിദിനം ഏകദേശം 30 ലക്ഷം യാത്രക്കാരെയാണ് പ്രതീക്ഷിച്ചിരുന്നത്. നഗരത്തിലെ റോഡുകളിലെ ഗതാഗതക്കുരുക്ക് രൂക്ഷമായിക്കൊണ്ടിരിക്കുമ്പോഴും മെട്രോയിലെ യാത്രക്കാരുടെ എണ്ണം പ്രതീക്ഷിച്ചതിനേക്കാള്‍ വളരെ കുറവായിരിക്കുന്ന സാഹചര്യം അധികൃതർ വിലയിരുത്തി.

മെട്രോ സ്‌റ്റേഷനുകളിലേക്കും അവിടെ നിന്ന് യാത്രക്കാരുടെ അന്തിമ ലക്ഷ്യസ്ഥാനങ്ങളിലേക്കുമുള്ള കണക്റ്റിവിറ്റിയുടെ അപര്യാപ്‌തതയാണ് യാത്രക്കാരുടെ എണ്ണം കുറയാനുള്ള പ്രധാന കാരണങ്ങളിലൊന്നെന്ന് ഉദ്യോഗസ്ഥർ ചൂണ്ടിക്കാട്ടി. സംസ്ഥാന സർക്കാർ വിഷയം ഗൗരവമായി പരിഗണിച്ച് പരിഹാര നടപടികള്‍ ആവശ്യപ്പെട്ടതോടെ നഗര ഭൂഗതാഗത ഡയറക്‌ടറേറ്റ് സമഗ്ര ഗതാഗത പദ്ധതി തയ്യാറാക്കുകയാണ്.ആർകാഡിസും ഡല്‍ഹി ഇന്റഗ്രേറ്റഡ് മള്‍ട്ടി-മോഡല്‍ ട്രാൻസിറ്റ് സിസ്‌റ്റം ലിമിറ്റഡും ചേർന്നാണ് പദ്ധതിയുടെ കണ്‍സള്‍ട്ടന്റായി നിയമിക്കപ്പെട്ടിരിക്കുന്നത്. ജിഎസ്‌ടിക്ക് പുറമെ 4.2 കോടി രൂപയാണ് കണ്‍സള്‍ട്ടൻസി ഫീസ്. കണ്‍സള്‍ട്ടന്റ് പ്രാരംഭ റിപ്പോർട്ട് സമർപ്പിച്ചിട്ടുണ്ട്. നിലവില്‍ ഗതാഗതവും യാത്രാ രീതികളും സംബന്ധിച്ച സർവേകള്‍ നടന്നുവരികയാണ്.2020ല്‍ തയ്യാറാക്കിയ മുൻ ബെംഗളൂരു സമഗ്ര ഗതാഗത പദ്ധതിയില്‍ 2035ഓടെ പൊതുഗതാഗതത്തിന്റെ പങ്ക് 40 ശതമാനത്തില്‍ നിന്ന് 70 ശതമാനമായി ഉയർത്തുക എന്ന ലക്ഷ്യം നിശ്ചയിച്ചിരുന്നു. മെട്രോ ഉള്‍പ്പെടെയുള്ള പൊതുഗതാഗത സംവിധാനങ്ങളെ പരസ്‌പരം ബന്ധിപ്പിക്കുന്നതിനും ഗതാഗത കേന്ദ്രങ്ങള്‍ക്ക് ചുറ്റുമുള്ള കണക്റ്റിവിറ്റി മെച്ചപ്പെടുത്തുന്നതിനുമായി 2022ല്‍ സംസ്ഥാന സർക്കാർ ട്രാൻസിറ്റ് ഓറിയന്റഡ് ഡെവലപ്‌മെന്റ് നയവും അവതരിപ്പിച്ചിരുന്നു.
എന്നാല്‍ ഈ നയങ്ങള്‍ അവതരിപ്പിച്ച് വർഷങ്ങള്‍ കഴിഞ്ഞിട്ടും പ്രതീക്ഷിച്ച ഫലം ലഭിച്ചിട്ടില്ലെന്നാണ് നിലവിലെ സ്ഥിതി വ്യക്തമാക്കുന്നത്. മെട്രോ സ്‌റ്റേഷനുകളിലേക്കുള്ള പ്രവേശനം മെച്ചപ്പെടുത്തുന്നതിനായി നടപ്പാതകള്‍, സൈക്കിള്‍ സൗകര്യങ്ങള്‍, പങ്കിട്ട ഗതാഗത സംവിധാനങ്ങള്‍ എന്നിവ മെച്ചപ്പെടുത്താനാണ് നഗര ഭൂഗതാഗത ഡയറക്‌ടറേറ്റിന്റെ പദ്ധതി. ഇതിനൊപ്പം ബസ് ബേകള്‍, യാത്രക്കാരെ കയറ്റാനും ഇറക്കാനുമുള്ള പ്രത്യേക മേഖലകള്‍ എന്നിവയും ഒരുക്കും.ആദ്യ ഘട്ടത്തില്‍ ഗ്രീൻ ലൈനിലെ 11 സ്‌റ്റേഷനുകളും പർപ്പിള്‍ ലൈനിലെ എട്ട് സ്‌റ്റേഷനുകളും ഉള്‍പ്പെടെ 19 മെട്രോ സ്‌റ്റേഷനുകള്‍ക്കായി 30.2 കോടി രൂപ ചെലവില്‍ പദ്ധതികള്‍ തയ്യാറാക്കിയിട്ടുണ്ട്. യാത്രക്കാരുടെ ആവശ്യകത കണക്കിലെടുത്ത് നിലവിലുള്ള ബെംഗളൂരു മെട്രോപൊളിറ്റൻ ട്രാൻസ്‌പോർട്ട് കോർപ്പറേഷൻ ബസ് റൂട്ടുകളിലെ പോരായ്‌മകള്‍ കണ്ടെത്താനും പുതിയ റൂട്ടുകളും ഫീഡർ സർവീസുകളും ശുപാർശ ചെയ്യാനും ജിഐഎസ് അടിസ്ഥാനമാക്കിയുള്ള പഠനവും നടക്കുകയാണ്.
മെട്രോ ഫീഡർ സർവീസുകള്‍ക്കായി ആറ് മീറ്ററോ അതില്‍ താഴെയോ നീളമുള്ള ചെറിയ ബസുകള്‍ വാങ്ങാൻ ബിഎംടിസിക്ക് നിർദേശം നല്‍കിയിട്ടുണ്ട്. ഐടി പാർക്കുകളിലേക്ക് പ്രീമിയം ബസ് സർവീസുകള്‍ ആരംഭിക്കുന്നതിനുള്ള സാധ്യതയും ബിഎംടിസി പരിശോധിക്കും. ഇതിനായി പാർക്കുകളുടെ അസോസിയേഷനുകളുമായി കൂടിയാലോചിച്ചായിരിക്കും നടപടി.ഇതിനുപുറമെ, മെട്രോ സ്‌റ്റേഷനുകളിലേക്കുള്ള ഫീഡർ സർവീസുകളായി ബിഎംടിസി സർവീസ് നടത്തുന്നതിനായി 500 മിനി ബസുകള്‍ ഉള്‍പ്പെടുത്തുന്നതിന് 125 കോടി രൂപ നല്‍കാമെന്ന് ബെംഗളൂരു മെട്രോ റെയില്‍ കോർപ്പറേഷൻ ഗ്രേറ്റർ ബെംഗളൂരു അതോറിറ്റിയെ അറിയിച്ചിട്ടുണ്ട്. ഇതിലൂടെ യാത്രക്കാരുടെ എണ്ണം വർധിപ്പിക്കാൻ കഴിയുമെന്നാണ് പ്രതീക്ഷ.