Home കർണാടക ബെംഗളൂരുവിന്റെ പ്രതാപകാലം വീണ്ടെടുക്കാൻ ശാസ്ത്രീയ പരിപാടി; തടാക പുനരുദ്ധാരണത്തിന് ചട്ടക്കൂട്; ജനകീയ നീക്കവുമായി കൂട്ടായ്മ

ബെംഗളൂരുവിന്റെ പ്രതാപകാലം വീണ്ടെടുക്കാൻ ശാസ്ത്രീയ പരിപാടി; തടാക പുനരുദ്ധാരണത്തിന് ചട്ടക്കൂട്; ജനകീയ നീക്കവുമായി കൂട്ടായ്മ

by ടാർസ്യുസ്

ബെംഗളൂരു: ഒരു മുപ്പത് – നാല്‍പ്പത് വര്‍ഷം മുമ്പുള്ള ബെംഗളൂരു നഗരത്തിന്റെ പ്രതാപം നമുക്ക് കേട്ടുകേള്‍വിയാണ്.വഴിയോരങ്ങളില്‍ ധാരാളം മരങ്ങളും, വഴിയരികുകളില്‍ നിറയെ പൂന്തോട്ടങ്ങളും തടാകങ്ങളും നിറഞ്ഞിരുന്ന ബെംഗളൂരു. നഗരത്തിന്റെ ഭ്രാന്തമായ വളർച്ചയില്‍ അവ വലിയൊരളവ് നഷ്ടമായി. ബെംഗളൂരു നഗരത്തിന്റെ പ്രതാപകാലത്തെ തിരിച്ചുപിടിക്കാൻ കൂട്ടായ പരിശ്രമത്തിന് നേതൃത്വം നല്‍കുകയാണ് വെല്‍ ലാബ്സ്. നഗരത്തിലെ തടാകങ്ങളെ പുനരുദ്ധരിക്കാൻ വെല്‍ ലാബ്സ് ഒരു ശാസ്ത്രീയ, ജനകീയ പരിപാടി തയ്യാറാക്കിയിരിക്കുകയാണ് ഇതിനായി ഒരു റിപ്പോർട്ട് വെല്‍ ലാബ്സ് പുറത്തിറക്കി.നഗരത്തിലെ തടാകങ്ങളെ പുനരുജ്ജീവിപ്പിക്കാൻ ഇപ്പോള്‍ നടക്കുന്ന ശ്രമങ്ങള്‍ക്ക് ചില പോരായ്മകളുള്ളതായി പഠനം കണ്ടെത്തി. കേവലം എൻജിനീയറിങ് പ്രവർത്തനങ്ങളിലൂടെ തടാകങ്ങളെ വീണ്ടെടുക്കാം എന്നാണ് പലരും കരുതുന്നത്.

ഓരോ തടാകത്തിന്റെയും നിലവിലെ അവസ്ഥ മനസ്സിലാക്കിയുള്ള ഇടപെടലാണ് ആവശ്യം. ഓരോ തടാകത്തിനും അനുയോജ്യമായ മാതൃക രൂപകല്‍പ്പന ചെയ്യണം. തടാകം പുനരുദ്ധാരണം നടത്തിയ ശേഷവും ദീർഘകാലത്തേക്ക് അവയുടെ പരിപാവലം തുടരണം. ഇതിനായി പ്രത്യേക സംവിധാനങ്ങള്‍ ജനകീയ കൂട്ടായ്മകളുടെ സഹായത്തോടെ ഉണ്ടാകണം.ഓരോ തടാകത്തിന്റെയും പുനരുദ്ധാരണത്തിന് ഓരോ ലക്ഷ്യങ്ങളാകും ഉണ്ടാകുകയെന്ന് വെല്‍ ലാബ്സ് പറയുന്നു. ചിലത് പുനരുദ്ധരിക്കുന്നത് പ്രദേശത്തെ വെള്ളപ്പൊക്ക നിയന്ത്രണത്തിനു വേണ്ടിയായിരിക്കും. അവയ്ക്ക് അതിനനുസരിച്ചുള്ള പദ്ധതി രൂപകല്‍പ്പനയാണ് വേണ്ടി വരിക. പരിപാലനവും ആ ലക്ഷ്യത്തെ മുൻനിര്‍ത്തിയാകണം. മറ്റു ചില തടാകങ്ങളുടെ പുനരുദ്ധാരണം ഭൂഗർഭജല റീചാർജിന് വേണ്ടിയായിരിക്കും. ഇതിനായി മറ്റൊരു പദ്ധതി ഡിസൈൻ ആവശ്യമായി വരും. ഇതുപോലെ പുനരുപയോഗ ജലസംഭരണം, പാരിസ്ഥിതിക ആവശ്യം, വിനോദസഞ്ചാരം തുടങ്ങിയ പല ആവശ്യങ്ങളെ മുൻനിർത്തി തടാകങ്ങളെ പുനരുദ്ധരിക്കാം. അതതിടങ്ങളിലെ ജനങ്ങളുടെ പ്രത്യേകമായ ഇടപെടലിലൂടെ ഇതെല്ലാം സാധിക്കും.ഫ്രണ്ട്സ് ഓഫ് ലേക്സ്’, വിവിധ ഗവേഷണ സ്ഥാപനങ്ങള്‍, സിവില്‍ സൊസൈറ്റി സംഘടനകള്‍, സർക്കാർ ഏജൻസികള്‍, പൗരസമിതികള്‍ തുടങ്ങിയവരുടെ സഹകരണത്തോടെയാണ് വെല്‍ ലാബ്സ് ഈ ഫ്രെയിംവർക്ക് തയ്യാറാക്കിയത്.

ബെംഗളൂരുവിലെ തടാകങ്ങള്‍ക്ക് സവിശേഷമായ ഒരു ചരിത്രമുണ്ട്. നഗരത്തിലൂടെ പ്രധാനപ്പെട്ട നദികളൊന്നും ഒഴുകുന്നില്ലാ എന്നതിനാല്‍ പതിനാറാം നൂറ്റാണ്ടില്‍ കെംപെഗൗഡയുടെ കാലം മുതല്‍ക്കേ മഴവെള്ള സംഭരണത്തിനായി വലിയ തടാക ശൃംഖല പടുത്തുയർത്തിയിരുന്നു. ബെംഗളൂരു തടാകങ്ങളുടെ നഗരമെന്നും പൂന്തോട്ടങ്ങളുടെ നഗരമെന്നുമെല്ലാം അറിയപ്പെടുന്നതിന് ഇത് വഴിയൊരുക്കി. നഗരത്തിലും പരിസരത്തുമായി നൂറ്റാണ്ടുകള്‍ക്ക് മുൻപ് ആയിരത്തിലധികം തടാകങ്ങളും കുളങ്ങളും ഉണ്ടായിരുന്നു. 1960-കളില്‍ പോലും അഞ്ഞൂറോളം തടാകങ്ങളുണ്ടായിരുന്നു.1980-കള്‍ക്ക് ശേഷം ഐ.ടി വ്യവസായം വളർന്നു. നഗരവല്‍ക്കരണം ശക്തമായി. ഇതോടെ നഗരത്തിലെ ഭൂരിഭാഗം തടാകങ്ങളും കൈയേറ്റങ്ങള്‍ക്ക് ഇരയായി. തടാകങ്ങളുടെ വിസ്തൃതി വൻതോതില്‍ കുറഞ്ഞു. ഇന്ന് മജസ്റ്റിക് ബസ് സ്റ്റാൻഡ് നില്‍ക്കുന്നതു പോലും ഒരു തടാകം മണ്ണിട്ട് നികത്തിയാണ് എന്നത് വിശ്വസിക്കുമോ? ധർമ്മാംബുധി തടാകം നികത്തിയാണ് ഈ ബസ് സ്റ്റാൻഡ് നിർമിച്ചത്. കാവേരി നദിയില്‍ നിന്നും മറ്റ് റിസർവോയറുകളില്‍ നിന്നും പൈപ്പ് മാർഗ്ഗം കുടിവെള്ളം എത്തിയതോടെ തടാകങ്ങളോടുള്ള ജനങ്ങളുടെ ആശ്രിതത്വം കുറഞ്ഞു. തടാകങ്ങള്‍ മൂടുമ്പോള്‍ അധികമാരും ചോദിക്കാനുണ്ടായില്ല. ഇന്ന് നഗരം ചുട്ടുപൊള്ളാൻ തുടങ്ങുകയും, നദികളില്‍ നിന്നുള്ള ജലത്തിനും പരിമിതികളുണ്ടെന്ന് മനസ്സിലാകുകയും ചെയ്യുന്ന ഘട്ടത്തിലാണ് ജനങ്ങള്‍ തടാകങ്ങളെക്കുറിച്ച്‌ അന്വേഷിക്കാൻ തുടങ്ങിയിരിക്കുന്നത്.

You may also like

error: Content is protected !!
Join Our WhatsApp Group