Home കർണാടക ബെംഗളൂരു മെട്രോ യാത്രക്കാരുടെ ശ്രദ്ധയ്ക്ക്; ഇനി നിയമം ലംഘിച്ചാല്‍ പിടിവീഴും, 20000 രൂപ അടയ്‌ക്കേണ്ടി വരും

ബെംഗളൂരു മെട്രോ യാത്രക്കാരുടെ ശ്രദ്ധയ്ക്ക്; ഇനി നിയമം ലംഘിച്ചാല്‍ പിടിവീഴും, 20000 രൂപ അടയ്‌ക്കേണ്ടി വരും

by ടാർസ്യുസ്

ബെംഗളൂരു: നമ്മ മെട്രോ യാത്രക്കാർ നിയമങ്ങള്‍ ലംഘിച്ചാല്‍ ഇനി കൂടുതല്‍ പിഴ നല്‍കേണ്ടിവരും. ബെംഗളൂരു മെട്രോ റെയില്‍ കോർപ്പറേഷൻ ലിമിറ്റഡ് വിവിധ നിയമലംഘനങ്ങള്‍ക്കുള്ള പിഴ 400 ശതമാനത്തിലധികം വർധിപ്പിച്ചതോടെയാണ് ഇത്.പുതിയ പിഴ നിരക്കുകള്‍ ഇന്നലെ മുതല്‍ നിലവില്‍ വന്നു.മെട്രോ ട്രാക്കില്‍ അനധികൃതമായി പ്രവേശിക്കുന്നവരില്‍ നിന്ന് ഇനി മുതല്‍ 20,000 രൂപ വരെ പിഴ ഈടാക്കും.ഏറ്റവും ഗുരുതരമായ നിയമലംഘനമായതിനാലാണ് ഇത്രയും വലിയ പിഴ നിശ്ചയിച്ചിരിക്കുന്നത്. മെട്രോയിലെ നിയന്ത്രിത മേഖലകളില്‍ അനുമതിയില്ലാതെ പ്രവേശിച്ചാല്‍ 5000 രൂപ വരെ പിഴ ലഭിക്കും. മെട്രോ സർവീസിനെ തടസപ്പെടുത്തുന്ന പ്രതിഷേധങ്ങള്‍, പ്രകടനങ്ങള്‍, അനുമതിയില്ലാതെ പോസ്‌റ്ററുകള്‍ പതിക്കല്‍, ചുമരുകളില്‍ എഴുത്ത് എന്നിവയ്ക്ക് 10,000 രൂപ വരെ പിഴ ഈടാക്കും.യാത്രക്കിടെ ഹെഡ്ഫോണ്‍ ഉപയോഗിക്കാതെ ഉച്ചത്തില്‍ സംഗീതം കേള്‍ക്കുക, മദ്യപിച്ച്‌ യാത്ര ചെയ്യുക, അസഭ്യമായി പെരുമാറുക, മറ്റുള്ളവരെ അധിക്ഷേപിക്കുക, നിരോധിത വസ്‌തുക്കള്‍ കൈവശം വയ്ക്കുക തുടങ്ങിയ നിയമലംഘനങ്ങള്‍ക്ക് ഇനി 2500 രൂപ വരെ പിഴ ലഭിക്കും. മുമ്പ് ഈ കുറ്റങ്ങള്‍ക്ക് പരമാവധി 500 രൂപ മാത്രമായിരുന്നു പിഴ ഈടാക്കിയിരുന്നത്.ടിക്കറ്റുമായി ബന്ധപ്പെട്ട തട്ടിപ്പുകള്‍ക്കും കർശന നടപടി സ്വീകരിക്കും.

ടിക്കറ്റ് അല്ലെങ്കില്‍ പാസ് വ്യാജമായി നിർമ്മിക്കുകയോ മാറ്റം വരുത്തുകയോ ചെയ്‌താല്‍ 20,000 രൂപ വരെ പിഴ ലഭിക്കും. ടിക്കറ്റ് അല്ലെങ്കില്‍ പാസ് അനധികൃതമായി വില്‍ക്കുകയോ മറ്റൊരാള്‍ക്ക് കൈമാറുകയോ ചെയ്‌താലും 20,000 രൂപ വരെ പിഴ ഈടാക്കും. വ്യാജ ടിക്കറ്റ് ഉപയോഗിച്ചാല്‍ 5,000 രൂപയും മറ്റ് ടിക്കറ്റ് തട്ടിപ്പുകള്‍ക്ക് 25,000 രൂപ വരെയും പിഴ ലഭിക്കും.പുതിയ ചട്ടപ്രകാരം ഇത്തരം കേസുകള്‍ ഇനി കോടതിയിലേക്ക് അയക്കില്ല. പകരം, മെട്രോ സ്‌റ്റേഷനുകളിലെ അധികാരപ്പെടുത്തിയ ഉദ്യോഗസ്ഥർ അന്വേഷണം നടത്തി നേരിട്ട് പിഴ ചുമത്തും. പിഴയെ ചോദ്യം ചെയ്യാൻ ആഗ്രഹിക്കുന്നവർക്ക് 30 ദിവസത്തിനകം മുതിർന്ന ഉദ്യോഗസ്ഥന് അപ്പീല്‍ നല്‍കാം. ഈ അപ്പീലില്‍ 60 ദിവസത്തിനകം തീരുമാനമെടുക്കും.ട്രാക്കില്‍ അനധികൃത പ്രവേശനം നടത്തുന്നവർക്ക് 20,000 രൂപ, മദ്യപിച്ച്‌ യാത്ര, അസഭ്യ പെരുമാറ്റം, ശല്യമുണ്ടാക്കല്‍ 2500 രൂപ പിഴ, നിയന്ത്രിത മേഖലയില്‍ അനധികൃത പ്രവേശനം നടത്തല്‍ 5000, പ്രതിഷേധം, പ്രകടനം, അനുമതിയില്ലാത്ത പോസ്‌റ്റർ/എഴുത്ത്- 10,000 രൂപ, ടിക്കറ്റ്/പാസ് വ്യാജമായി നിർമ്മിക്കല്‍- 20,000 രൂപ, ടിക്കറ്റ്/പാസ് അനധികൃതമായി വില്‍ക്കല്‍ അല്ലെങ്കില്‍ കൈമാറ്റം -20,000, വ്യാജ ടിക്കറ്റ് ഉപയോഗിക്കല്‍ 5000, മറ്റ് ടിക്കറ്റ് തട്ടിപ്പുകള്‍- 25,000 രൂപ എന്നിങ്ങനെയാണ് പിഴയുടെ മുഴുവൻ വിശദാംശങ്ങള്‍.

You may also like

error: Content is protected !!
Join Our WhatsApp Group