Home Featured ബെംഗളൂരു ടണൽ റോഡ് പദ്ധതിയുടെ ഡിപിആർ തയാറാക്കിയ കമ്പനിക്ക് പിഴയിട്ട് ബിബിഎംപി

ബെംഗളൂരു ടണൽ റോഡ് പദ്ധതിയുടെ ഡിപിആർ തയാറാക്കിയ കമ്പനിക്ക് പിഴയിട്ട് ബിബിഎംപി

by admin

ബെംഗളൂരു: ഐടി നഗരമായ ബെംഗളൂരുവിൻ്റെ സുഗമമായ ഗതാഗതത്തിനായി ആസൂത്രണം ചെയ്യുന്ന ബെംഗളൂരു ടണൽ റോഡ് പദ്ധതിയുടെ ഡിപിആർ തയാറാക്കിയ കമ്പനിക്ക് പിഴ. നിർദ്ദിഷ്ട തുരങ്ക പാതയുടെ വിശദമായ പദ്ധതി റിപ്പോർട്ട് തയ്യാറാക്കിയ ഡൽഹി ആസ്ഥാനമായി പ്രവൃത്തിക്കുന്ന റോഡിക് കൺസൾട്ടന്റ്സ് പ്രൈവറ്റ് ലിമിറ്റഡിന് അഞ്ച് ലക്ഷം രൂപ ബ്രഹത് ബെംഗളൂരു മഹാനഗര പാലികെ (ബിബിഎംപി) പിഴ ചുമത്തി. പിശകുകൾ ഉണ്ടായതെന്ന് സ്ഥിരീകരിച്ചതിനെത്തുടർന്നാണ് പിഴ ചുമത്തിയതെന്ന് ബിബിഎംപി ഉദ്യോഗസ്ഥർ പറഞ്ഞു.

ബെംഗളൂരു നഗരത്തിലെ തിരക്കൊഴിവാക്കാൻ ആസൂത്രണം ചെയ്യുന്ന പദ്ധതിയുടെ ഡിപിആറിൽ ഗുരുതരമായ പിശകുകൾ കണ്ടെത്തിയതോടെയാണ് ബിബിഎംപി പിഴ ചുമത്തിയത്. ഹെബ്ബാൾ മേൽപ്പാലത്തെ സിൽക്ക് ബോർഡ് ജങ്ഷനുമായി ബന്ധിപ്പിക്കുന്നതാണ് ടണൽ റോഡ് പദ്ധതി. പദ്ധതിക്കെതിരെ വിമർശനം ശക്തമാകുന്നതിനിടെയാണ് ഡിപിആറിൽ പിശക് സംഭവിച്ച വിവരങ്ങൾ പുറത്തുവന്നത്. അതേസമയം, പദ്ധതിയുമായി മുന്നോട്ട് പോകുകയാണ് ബിബിഎംപി.

9.5 കോടി രൂപ ചെലവ് പ്രതീക്ഷിക്കുന്ന പദ്ധതിയുടെ ഡിപിആറിൽ മഹാരാഷ്ട്രയിലെ നഗരങ്ങളായ മാലേഗാവ്, നാസിക് എന്നിവിടങ്ങളിൽ നിന്നുള്ള വിവരങ്ങൾ ഉൾപ്പെട്ടതായി ബിബിഎംപി നടത്തിയ പരിശോധനയിൽ കണ്ടെത്തിയതോടെയാണ് നടപടിയുണ്ടായത്. മാലേഗാവ്, നാസിക് എന്നിവടങ്ങളിലെ ഗതാഗത സംവിധാനം മെച്ചപ്പെടുത്തുന്നതിനായുള്ള നിർദേശങ്ങളാണ് ഉൾപ്പെട്ടിരുന്നത്. മാലൂർ റോഡ്, ഗുട്ടഹള്ളി മെയിൻ റോഡ്, എൻആർ റോഡ് എന്നിവിടങ്ങളിലെ ഗതാഗത സൗകര്യങ്ങൾ വ്യക്തമാക്കുന്ന ഭാഗത്ത് മാലേഗാവ്, നാസിക് എന്നീ ഭാഗങ്ങളെക്കുറിച്ചാണ് റിപ്പോർട്ടിൽ പറയുന്നത്.

ബെംഗളൂരു നഗരത്തിനായുള്ള വൻ പദ്ധതിയുടെ ഡിപിആറിലെ പിശക് വളരെ ഗൗരവകരമാണെന്ന് ബിബിഎംപി എഞ്ചിനീയർ ഇൻ ചീഫ് ബിഎസ് പ്രഹ്ലാദ് പറഞ്ഞു. റിപ്പോർട്ടിൽ പിശക് സംഭവിച്ചതിൽ റോഡിക് കൺസൾട്ടന്റ്സ് പ്രൈവറ്റ് ലിമിറ്റഡ് ക്ഷമാപണം നടത്തിയിരുന്നു. കമ്പനിക്കെതിരെ അഞ്ച് ലക്ഷം രൂപ പിഴ ചുമത്തിയിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഭാവിയിൽ അത്തരം പിശകുകൾ ഉണ്ടാകില്ലെന്നും അബദ്ധവശാൽ ഉണ്ടായ പിശകിൽ ഖേദമ അറിയിക്കുന്നതായും കൺസൾട്ടന്റ് ബിബിഎംപിക്ക് അയച്ച കത്തിൽ വ്യക്തമാക്കുന്നുണ്ട്. റിപ്പോർട്ടിൽ തിരുത്തൽ നടപടികൾ നടത്തുന്നുണ്ട്. അന്തിമ ഡിപിആറിൽ ഒരു വീഴ്ചയും ഉണ്ടാകില്ല. വീഴ്ചയ്ക്ക് ഉത്തരവാദികളായവരെ തിരിച്ചറിയാൻ ആഭ്യന്തര അന്വേഷണം നടത്തുന്നുണ്ടെന്നും കമ്പനി ചൂണ്ടിക്കാട്ടി. ബെംഗളൂരുവിലെ ടണൽ റോഡ് പദ്ധതിയുടെ വിശദമായ പ്രോജക്ട് റിപ്പോർട്ടിൽ പിഴവുകൾ സംഭവിച്ചതായി ബിബിഎംപി കഴിഞ്ഞ ദിവസം സ്ഥിരീകരിച്ചിരുന്നു.

You may also like

error: Content is protected !!
Join Our WhatsApp Group