ബെംഗളൂരുവില്‍ പെണ്‍കുട്ടികളുടെ പ്രൊഫൈല്‍ ഉപയോഗിച്ച് ഹണിട്രോപ്പൊരുക്കി യുവാവില്‍ നിന്നും സ്വർണാഭരണവും മൊബൈല്‍ ഫോണും കവർന്ന കേസില്‍ രണ്ട് വിദ്യാർഥികള്‍ അറസ്റ്റില്‍.എഞ്ചിനിയറിങ് വിദ്യാർഥിയായ വിവേക്, ബി എസ് സി നഴ്സിങ് വിദ്യാർഥിയായ നിഖില്‍ എന്നിവരാണ് പൊലീസിൻ്റെ പിടിയിലായത്. 47 ഗ്രാമിൻ്റെ സ്വർണമാലയും മൊബൈല്‍ ഫോണുമാണ് ഇവർ കവർന്നത്. ആറ് ലക്ഷം രൂപയുടെ സാധനങ്ങളാണ് ഇവർ രണ്ടുപേരും ചേർന്ന് കവർന്നെടുത്തത്.ബിപിഒ കമ്പനിയില്‍ ജോലി ചെയ്യുന്ന 26കാരനായ യുവാവാണ് തട്ടിപ്പിനിരയായത്. പെണ്‍കുട്ടിയുടെ പേരില്‍ വ്യാജ പ്രൊഫൈല്‍ ഉണ്ടാക്കിയാണ് ഇരുവരും തട്ടിപ്പ് നടത്തിയത്. തുടർച്ചയായി യുവാവുമായി ഇരുവരും സംസാരിച്ചിരുന്നു. വിശ്വാസം നേടിയെടുത്തതിനു ശേഷം കെ ആർ പുരത്ത് വെച്ച് കണ്ടുമുട്ടാമെന്ന് അറിയിക്കുകയായിരുന്നു.
യുവാവ് എത്തിയതിന് പിന്നാലെ ബൈക്കിൻ്റെ താക്കോല്‍ പിടിച്ചെടുക്കുകയും പ്രതികളുടെ സുഹൃത്തായ പെണ്‍കുട്ടിക്ക് സന്ദേശമയച്ചുവെന്ന് ആരോപിക്കുകയും ചെയ്തു.പിന്നീട് ഇവർക്കൊപ്പം രണ്ടുപേർ കൂടി എത്തിയതിനു ശേഷം യുവാവിനെ ചന്നസാന്ദ്രയിലുള്ള കാട്ടിലേക്ക് കൊണ്ടു പോകുകയായിരുന്നു. യുവാവിനെ കത്തിമുനയില്‍ നിർത്തി ഭീഷണിപ്പെടുത്തുകയും സ്വർണാഭരണവും മൊബൈല്‍ ഫോണ്‍ കവരുകയും ചെയ്തു. രണ്ട് ദിവസങ്ങള്‍ക്ക് ശേഷം യുവാവ് പൊലീസില്‍ പരാതി നല്‍കി.അന്വേഷണത്തിന് പിന്നാലെ ഇരുവരെയും പൊലീസ് കസ്റ്റഡിയിലെടുത്തു. ചോദ്യം ചെയ്യലില്‍ ഇരുവരും കുറ്റം സമ്മതിച്ചു. കേസിലുള്‍പ്പെട്ട മറ്റൊരാള്‍ ഒളിവില്‍ തുടരുകയാണ്. പ്രതികള്‍ വിറ്റ സ്വർണമാല ജ്വല്ലറിയില്‍ നിന്നും പൊലീസ് കണ്ടെടുത്തു. മൂന്നാമത്തെ പ്രതിക്കായി പൊലീസ് അന്വേഷണം ഊർജിതമാക്കി.