കൊല്‍ക്കത്ത: പശ്ചിമ ബംഗാള്‍ നിയമസഭാ തിരഞ്ഞെടുപ്പിലേറ്റ പരാജയത്തിന് പിന്നാലെ പാര്‍ട്ടിയെ പുനഃസംഘടിപ്പിക്കാന്‍ ആഹ്വാനം ചെയ്ത് തൃണമൂല്‍ കോണ്‍ഗ്രസ് അധ്യക്ഷ മമത ബാനര്‍ജി.തിരഞ്ഞെടുപ്പില്‍ വന്‍ തിരിച്ചടി നേരിട്ടെങ്കിലും തൃണമൂല്‍ കോണ്‍ഗ്രസ് വീണ്ടും ഉയര്‍ത്തെഴുന്നേല്‍ക്കുമെന്ന് അവര്‍ പ്രത്യാശ പ്രകടിപ്പിച്ചു. കൊല്‍ക്കത്ത കാളീഘട്ടിലെ വസതിയില്‍ ചേര്‍ന്ന പാര്‍ട്ടി സ്ഥാനാര്‍ത്ഥികളുടെ അടിയന്തര യോഗത്തിലാണ് മമത നിലപാട് വ്യക്തമാക്കിയത്.മറ്റ് പാര്‍ട്ടികളിലേക്ക് പോകാന്‍ താല്പര്യമുള്ളവര്ക്ക് പോകാം, അവരെ ഞാന്‍ തടയില്ല. തൃണമൂല്‍ കോണ്‍ഗ്രസിനെ ഞാന്‍ വീണ്ടും കെട്ടിപ്പടുക്കും. പാര്‍ട്ടിയില്‍ തുടരുന്നവര്‍ തകര്‍ന്ന പാര്‍ട്ടി ഓഫീസുകള്‍ പുനരുദ്ധരിക്കാനും പെയിന്റ് ചെയ്ത് തുറക്കാനും തയ്യാറാകണം.
ആവശ്യമെങ്കില്‍ അതിനായി ഞാന്‍ തന്നെ നേരിട്ടിറങ്ങും. തൃണമൂല്‍ കോണ്‍ഗ്രസ് ഒരിക്കലും തലകുനിക്കില്ല. ജനവിധി ഇവിടെ കൊള്ളയടിക്കപ്പെടുകയായിരുന്നു എന്നും മമത ബാനര്‍ജി പറഞ്ഞു.തിരഞ്ഞെടുപ്പ് പരാജയത്തിന് പിന്നാലെ പാര്‍ട്ടിയില്‍ അസംതൃപ്തിയും നേതാക്കളുടെ കൂടുമാറ്റവും ഉണ്ടായേക്കുമെന്ന റിപ്പോര്‍ട്ടുകള്‍ക്കിടയിലാണ് മമത സ്ഥാനാര്‍ത്ഥികളുടെ യോഗം വിളിച്ചത്. പാര്‍ട്ടി ദേശീയ ജനറല്‍ സെക്രട്ടറി അഭിഷേക് ബാനര്‍ജിയും യോഗത്തില്‍ പങ്കെടുത്തു. നേരത്തെ ഈ മാസം അഞ്ചിന് നടത്തിയ വാര്‍ത്താസമ്മേളനത്തിലും സമാനമായ നിലപാടാണ് മമത സ്വീകരിച്ചത്.ചില നേതാക്കള്‍ മറ്റ് ക്യാമ്പുകളിലേക്ക് മാറിയേക്കാമെന്ന് തനിക്കറിയാമെന്നും ആരെയും ബലമായി പിടിച്ചുവെക്കാന്‍ താന്‍ ഉദ്ദേശിക്കുന്നില്ലെന്നും അവര്‍ വ്യക്തമാക്കിയിരുന്നു. കടുത്ത പ്രതിസന്ധികള്‍ക്കിടയിലും പതറാതെ പോരാടിയ സ്ഥാനാര്‍ത്ഥികളെ അഭിനന്ദിച്ചുകൊണ്ട് പാര്‍ട്ടി ഔദ്യോഗിക എക്സ് ഹാന്‍ഡിലില്‍ കുറിപ്പ് പങ്കുവെച്ചിട്ടുണ്ട്.അപ്രതീക്ഷിത തിരിച്ചടികനത്ത തിരിച്ചടിയുടെ ഈ ഘട്ടത്തിലും പാര്‍ട്ടി ഒരൊറ്റ കുടുംബമായി ഒന്നിച്ച് നില്‍ക്കുമെന്നും ജനവിധി മോഷ്ടിച്ചവര്‍ക്ക് മുന്നില്‍ കീഴടങ്ങില്ലെന്നും തൃണമൂല്‍ നേതൃത്വം വ്യക്തമാക്കി. സംസ്ഥാനത്ത് ഭരണകക്ഷിയായിരുന്ന തൃണമൂല്‍ കോണ്‍ഗ്രസ് ഇത്തവണ പ്രതിപക്ഷ ബെഞ്ചുകളിലേക്ക് ചുരുങ്ങുന്ന കനത്ത തിരിച്ചടിയാണ് നേരിട്ടത്. മമത ബാനര്‍ജിയുടെ സ്വന്തം മണ്ഡലമായ ഭവാനിപൂരിലും അവര്‍ക്ക് പരാജയം നേരിടേണ്ടി വന്നു.
ആകെ 291 സീറ്റുകളിലാണ് തൃണമൂല്‍ മത്സരിച്ചിരുന്നത്. ബാക്കി മൂന്ന് സീറ്റുകള്‍ സഖ്യകക്ഷിയായ ഭാരതീയ ഗോര്‍ഖ പ്രജാതാന്ത്രിക് മോര്‍ച്ചയ്ക്കാണ് നല്‍കിയിരുന്നത്. 211 സീറ്റിലും തൃണമൂല്‍ തോറ്റു. പല പ്രമുഖ നേതാക്കളും തോറ്റത് തൃണമൂലിനെ അമ്പരപ്പിച്ചു. മമത ബാനര്‍ജി പോലും തോറ്റത് ഇപ്പോഴും ഉള്‍ക്കൊള്ളാന്‍ തൃണമൂല്‍ നേതൃത്വത്തിന് സാധിച്ചിട്ടില്ല. ബിജെപി 206 മണ്ഡലത്തിലാണ് ജയിച്ചത്.തിരഞ്ഞെടുപ്പ് അട്ടിമറിക്കപ്പെട്ടു എന്നാണ് മമത പറയുന്നത്. മുഖ്യമന്ത്രി പദവിയില്‍ നിന്ന് രാജിവെക്കാന്‍ തയ്യാറാകാതിരുന്ന മമതയുടെ നീക്കങ്ങളും ഏറെ കൗതുകമായിരുന്നു. തിരഞ്ഞെടുപ്പിന് ശേഷം സംസ്ഥാനത്ത് വ്യാപകമായ അക്രമം നടന്നിരുന്നു. തൃണമൂല്‍ നേതാക്കളെയും പ്രവര്‍ത്തകരെയും ആക്രമിക്കുന്നു എന്നും ന്യൂനപക്ഷങ്ങള്‍ക്കെതിരെ ആസൂത്രിത ആക്രമണമാണ് നടക്കുന്നതെന്നും മമത ബാനര്‍ജി നേരിട്ട് ഹാജരായി ഹൈക്കോടതിയില്‍ വാദിച്ചിരുന്നു.