ബംഗളൂരു: അഞ്ചുവയസ്സുകാരിയായ മകളെ ഭാര്യയും കാമുകനും ചേർന്ന് ക്രൂരമായി കൊലപ്പെടുത്തിയതാണെന്ന പിതാവിന്റെ പരാതിയില്‍ ഞെട്ടിക്കുന്ന വിവരങ്ങള്‍ പുറത്ത്.കുട്ടി മരിച്ച് മൂന്ന് മാസങ്ങള്‍ക്ക് ശേഷമാണ് കൊലപാതക വിവരം പുറത്തറിയുന്നത്. ദാവൻഗരെ സ്വദേശിയായ പ്രവീണ്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ പ്രിയങ്കയുടെ കാമുകൻ മോഹനെ പോലീസ് അറസ്റ്റ് ചെയ്തു. കുട്ടിയുടെ അമ്മ പ്രിയങ്ക നിലവില്‍ ഒളിവിലാണ്.കഴിഞ്ഞ മാർച്ച് 24-നാണ് പ്രവീണിന്റെയും പ്രിയങ്കയുടെയും ഇളയ മകളായ വെന്നില മരിക്കുന്നത്. 2007-ല്‍ വിവാഹിതരായ പ്രവീണിനും പ്രിയങ്കയ്ക്കും 17-ഉം 5-ഉം വയസ്സുള്ള രണ്ട് പെണ്‍മക്കളാണുള്ളത്. ഏതാനും വർഷങ്ങള്‍ക്കു മുൻപ് കോളേജ് സുഹൃത്തായ മോഹനുമായി പ്രിയങ്ക വീണ്ടും അടുപ്പത്തിലാവുകയും പിന്നീട് ഇരുവരും ഒന്നിച്ച് താമസം ആരംഭിക്കുകയുമായിരുന്നു. ഇതേച്ചൊല്ലി കുടുംബത്തില്‍ തർക്കങ്ങള്‍ നിലനിന്നിരുന്നതിനെ തുടർന്ന് പ്രിയങ്ക പ്രവീണില്‍ നിന്നും വിവാഹമോചനം ആവശ്യപ്പെട്ടിരുന്നു. തുടർന്ന് പ്രവീണിനെ പിരിഞ്ഞ് മോഹനോടൊപ്പം താമസിക്കാൻ പോയ പ്രിയങ്ക ഇളയ മകള്‍ വെന്നിലയെയും ഒപ്പം കൂട്ടി.
മാർച്ച് 24-ന് കുട്ടി പെട്ടെന്ന് മരണപ്പെട്ടതിനെക്കുറിച്ച് ചോദിച്ചപ്പോള്‍ പ്രിയങ്ക ബന്ധുക്കളോട് പരസ്പരവിരുദ്ധമായ മറുപടികളാണ് നല്‍കിയിരുന്നത്. കുട്ടിക്ക് ബിരിയാണി വാങ്ങി നല്‍കിയെന്നും, പിന്നീട് ഐസ്ക്രീം നല്‍കിയ ശേഷം എസി കാറില്‍ ഉറക്കാൻ കിടത്തിയെന്നും ഇവർ പറഞ്ഞിരുന്നു. പിറ്റേന്ന് രാവിലെ നോക്കിയപ്പോള്‍ കുട്ടി മരിച്ച നിലയിലായിരുന്നു എന്നായിരുന്നു പ്രിയങ്കയുടെ വാദം.എന്നാല്‍, കുട്ടിയുടെ പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് വിദേശത്തുള്ള ഡോക്ടറായ തന്റെ ബന്ധുവിന് പ്രവീണ്‍ അയച്ചു നല്‍കിയതോടെയാണ് മരണത്തിലെ അസ്വാഭാവികത പുറത്തുവന്നത്. റിപ്പോർട്ട് പരിശോധിച്ച ഡോക്ടർ കുട്ടി ക്രൂരമായ മർദ്ദനത്തിന് ഇരയായിട്ടുണ്ടെന്നും ശ്വാസം മുട്ടിച്ചാണ് കൊലപ്പെടുത്തിയതെന്നും സംശയം പ്രകടിപ്പിച്ചു. ഇതിന് പിന്നാലെയാണ് പ്രവീണ്‍ പോലീസില്‍ ഔദ്യോഗികമായി പരാതി നല്‍കിയത്.കേസില്‍ ഒളിവിലുള്ള പ്രിയങ്കയ്ക്കായി പോലീസ് തിരച്ചില്‍ ഊർജ്ജിതമാക്കിയിരിക്കുകയാണ്. കുട്ടിയുടെ ആന്തരികാവയവങ്ങളുടെ ഫോറൻസിക് പരിശോധനാ ഫലം (Chemical Analysis) പുറത്തുവന്നാലേ മരണകാരണത്തില്‍ കൂടുതല്‍ വ്യക്തത ലഭിക്കൂ എന്ന് ബെംഗളൂരു പോലീസ് അറിയിച്ചു.