മാനന്തവാടി: സർക്കാർ മെഡിക്കല്‍ കോളേജില്‍ നിന്ന് ലക്ഷങ്ങള്‍ ശമ്പളം പറ്റി സ്വകാര്യ ആശുപത്രിയില്‍ നിയമവിരുദ്ധമായി പ്രാക്ടീസ് നടത്തിയ കാർഡിയാക് സർജനെ വിജിലൻസ് പിടികൂടി.മാനന്തവാടി ഗവണ്‍മെന്റ് മെഡിക്കല്‍ കോളേജിലെ കാർഡിയാക് തൊറാസിക് സർജറി വിഭാഗം അസോസിയേറ്റ് പ്രൊഫസർ ഡോ. ശിവപ്രസാദിനെതിരെയാണ് ഗുരുതര ക്രമക്കേടുകള്‍ കണ്ടെത്തിയതിനെ തുടർന്ന് വിജിലൻസ് കടുത്ത നടപടിയിലേക്ക് കടന്നത്. സർക്കാർ സർവീസില്‍ നിന്ന് പ്രതിമാസം മൂന്ന് ലക്ഷത്തോളം രൂപ ശമ്പളം വാങ്ങുന്ന ഡോക്ടർ, കോട്ടക്കല്‍ ആസ്റ്റർ മിംസ് സ്വകാര്യ ആശുപത്രിയില്‍ സ്ഥിരമായി പ്രാക്ടീസ് നടത്തിവരികയായിരുന്നു എന്നാണ് വിജിലൻസ് കണ്ടെത്തല്‍. സ്വകാര്യ ആശുപത്രിയില്‍ നിന്ന് മാത്രം മാസം ഏഴ് ലക്ഷത്തോളം രൂപ ഇയാള്‍ പ്രതിഫലമായി കൈപ്പറ്റിയിരുന്നതായും അന്വേഷണസംഘം കണ്ടെത്തിയിട്ടുണ്ട്.
ഡോക്ടർക്കെതിരെ അടിയന്തരമായി കേസെടുക്കണമെന്നാവശ്യപ്പെട്ട് വിജിലൻസ് ഡയറക്ടർക്ക് ഉടൻ തന്നെ ഔദ്യോഗിക റിപ്പോർട്ട് സമർപ്പിക്കുമെന്നാണ് റിപ്പോർട്ട്.അതേസമയം, സംസ്ഥാനത്തെ സർക്കാർ ഡോക്ടർമാരുടെ നിയമവിരുദ്ധമായ സ്വകാര്യ പ്രാക്ടീസിനെതിരെ വിജിലൻസ് നിരീക്ഷണം ശക്തമാക്കുന്നതിന്റെ ഭാഗമായാണ് ഈ നടപടി. നിലവില്‍ കേരളത്തിലെ വിവിധ സ്വകാര്യ ആശുപത്രികളിലായി പ്രാക്ടീസ് നടത്തുന്ന ഇരുനൂറോളം സർക്കാർ ഡോക്ടർമാർ വിജിലൻസിന്റെ കടുത്ത നിരീക്ഷണത്തിലാണ്. വരും ദിവസങ്ങളില്‍ കൂടുതല്‍ ഡോക്ടർമാരെ കേന്ദ്രീകരിച്ച് കർശനമായ റെയ്ഡുകളും മറ്റ് നിയമനടപടികളും ഉണ്ടാകുമെന്നാണ് വിജിലൻസ് വൃത്തങ്ങള്‍ നല്‍കുന്ന സൂചന. സർക്കാർ സർവീസിലിരുന്ന് സ്വകാര്യ പ്രാക്ടീസ് നടത്തുന്നവർക്കെതിരെ വരും ദിവസങ്ങളില്‍ കർശന നടപടിയുണ്ടാകുമെന്നാണ് വിജിലൻസ് നല്‍കുന്ന മുന്നറിയിപ്പ്.