ബെംഗളൂരു: ഐടി നഗരമായ ബെംഗളൂരുവിൻ്റെ ഗതാഗതക്കുരുക്കഴിക്കാൻ പദ്ധതികള്‍ ശുപാർശകള്‍ ചെയ്ത് നിതി ആയോഗ്. ദിവസവും പതിനായിരങ്ങള്‍ എത്തുകയും അത്രയധികം ആളുകള്‍ വിവിധയിടങ്ങളിലേക്ക് സഞ്ചരിക്കുകയും ചെയ്യുന്ന സാഹചര്യത്തില്‍ നഗരത്തിലെ ഗതാഗത സാഹചര്യം വെല്ലുവിളി നിറഞ്ഞതാണെന്ന് ചൂണ്ടിക്കാണിച്ചുകൊണ്ടാണ് പദ്ധതികള്‍ ശുപാർശ ചെയ്തത്.ഈ മാസം ആദ്യം പുറത്തിറങ്ങിയ നിതി ആയോഗിന്റെ ഏറ്റവും പുതിയ റിപ്പോർട്ട് പ്രകാരം മൂന്ന് പ്രധാന അടിസ്ഥാന സൗകര്യ പദ്ധതികള്‍ വേഗത്തിലാക്കാൻ നീതി ആയോഗ് ശുപാർശ ചെയ്തിട്ടുണ്ട്. ബെംഗളൂരു പെരിഫറല്‍ റിങ് റോഡ് (പിആർആർ), ബെംഗളൂരു വിമാനത്താവളത്തിലേക്കുള്ള മെട്രോ കണക്റ്റിവിറ്റി, സബർബൻ റെയില്‍ പ്രോജക്റ്റ് (ബിഎസ്‌ആർപി) എന്നീ മൂന്ന് വമ്പൻ പദ്ധതികളാണ് ബെംഗളൂരു നഗരത്തിലെ ഗതാഗതക്കുരുക്കഴിക്കാൻ നിതി ആയോഗ് ശുപാർശ ചെയ്തത്.
നിതി ആയോഗ് ശുപാർശ ചെയ്ത ഈ മൂന്ന് പദ്ധതികള്‍ ഇഴഞ്ഞുനീങ്ങുന്നതാണെന്നാണ് ഏറെ നിർണായകം. പെരിഫറല്‍ റിങ് റോഡ് പദ്ധതിയും വിമാനത്താവളത്തിലേക്കുള്ള മെട്രോ കണക്റ്റിവിറ്റി പദ്ധതിയും പലതവണ സമയപരിധി നീട്ടിയിട്ടും നിർമാണം വൈകുകയാണ്.ഗതാഗതം കുറയ്ക്കുന്നതിനും ബെംഗളൂരു നഗരത്തിലെ കണക്റ്റിവിറ്റി മെച്ചപ്പെടുത്തുന്നതിനുമായി സബർബൻ റെയില്‍ പദ്ധതിക്ക് മുൻഗണന നല്‍കണമെന്ന് നീതി ആയോഗ് ഉപദേശിച്ചു. കേന്ദ്ര – സംസ്ഥാന സംയുക്ത പദ്ധതിക്ക് 2020ല്‍ അംഗീകാരം ലഭിച്ചെങ്കിലും നാല് ഇടനാഴികളില്‍ ഒന്ന് പോലും ഇതുവരെ കമ്മീഷൻ ചെയ്തിട്ടില്ല എന്ന സാഹചര്യവുമുണ്ട്.ഐടി നഗരമായ ബെംഗളൂരുവിലെ ഗതാഗതം ഉള്‍പ്പെടെയുള്ള അടിസ്ഥാന സൗകര്യങ്ങള്‍ മെച്ചപ്പെടുത്തിയാല്‍ ആഗോള കമ്പനികളുടെയും വരവ് വർധിക്കുകയും കൂടുതല്‍ നിക്ഷേപം ഈ മേഖലയിലേക്ക് ആകർഷിക്കാൻ കഴിയുമെന്നും റിപ്പോർട്ട് പറയുന്നു. പെരിഫറല്‍ റിങ് റോഡ് പദ്ധതി നഗരം മുറിച്ചുകടക്കാതെ സാറ്റലൈറ്റ് പട്ടണങ്ങളില്‍ നിന്ന് വിമാനത്താവളത്തിലേക്ക് എത്തിച്ചേരാൻ സഹായിക്കും.ബയപ്പനഹള്ളിയില്‍ നിന്നോ യശ്വന്ത്പൂരില്‍ നിന്നോ ഗതാഗതം വരുന്നതിനാല്‍ സബർബൻ റെയില്‍ കൂടുതല്‍ ഫലപ്രദമാകുമെന്ന് വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു.
ബെംഗളൂരു വിമാനത്താവളത്തിലേക്കുള്ള മെട്രോ ലൈൻ നിരത്തിലെ തിരക്ക് കുറയ്ക്കാൻ സഹായിക്കും. വിമാനത്താവളത്തില്‍ യാത്രക്കാരും അനുബന്ധ പ്രവർത്തനങ്ങളും വർധിക്കുന്നതിനാല്‍ തിരക്ക് തുടരും. കെഐഎ റോഡിലെ ഗതാഗതം കഴിഞ്ഞ മൂന്ന് വർഷമായി ഉയർന്ന തോതിലാണെന്ന് വിദ്ഗധർ വിലയിരുത്തുന്നു. ഈ പദ്ധതികള്‍ പൂർത്തിയാക്കണമെന്ന് പത്ത് വർഷമായി ആവശ്യപ്പെട്ട് കൊണ്ടിരിക്കുകയാണെന്ന് മൊബിലിറ്റി ആക്ടിവിസ്റ്റായ രാജേഷ് ഭട്ട് പറഞ്ഞു. നിലവിലുള്ള ട്രാക്കുകളില്‍ സബർബൻ ട്രെയിനുകള്‍ ഓടിക്കാൻ സാധിക്കോമോ? അശാസ്ത്രീയമായ ഫ്ലൈ ഓവറുകളിലും തുരങ്കങ്ങളിലും സർക്കാർ ശ്രദ്ധ കേന്ദ്രീകരിക്കുന്നുവെന്ന് അദ്ദേഹം പറഞ്ഞു. മെട്രോയും സബർബൻ റെയിലും ബെംഗളൂരു നഗരത്തിലെ ഗതാഗതം കുറയ്ക്കാൻ സഹായിക്കുമെന്ന് അധികൃതർ വിലയിരുത്തുന്നുണ്ട്.