കർണാടകയില്‍ പുതിയതായി അധികാരമേറ്റ ഡികെ ശിവകുമാർ സർക്കാരിന് വലിയ തിരിച്ചടിയായി മുതിർന്ന കോണ്‍ഗ്രസ് നേതാവും മന്ത്രിയുമായ ആർ രാമലിംഗ റെഡ്ഡി മന്ത്രിസ്ഥാനം രാജി വെച്ചു.സത്യപ്രതിജ്ഞ ചെയ്ത് രണ്ട് ദിവസത്തിന് ശേഷമാണ് ഈ അപ്രതീക്ഷിത നീക്കം.വകുപ്പ് വിഭജനത്തിലെ അതൃപ്തിയാണ് രാജിക്ക് പിന്നിലെ കാരണം എന്നാണ് റിപ്പോർട്ടുകള്‍. രാഷ്ട്രീയമായി വളരെ പ്രാധാന്യമുള്ള ബെംഗളൂരു വികസന വകുപ്പാണ് രാമലിംഗ റെഡ്ഡി പ്രതീക്ഷിച്ചിരുന്നത്. എന്നാല്‍ അദ്ദേഹത്തിന് നല്‍കിയത് ജലവിഭവ വകുപ്പാണ്. ബെംഗളൂരു വികസന വകുപ്പ് മന്ത്രി കൃഷ്ണ ബൈരെ ഗൗഡയ്ക്കാണ് ലഭിച്ചത്.2023ല്‍ നടന്ന പാർട്ടിയുടെ ആഭ്യന്തര ചർച്ചകളില്‍ രണ്ടര വർഷത്തിന് ശേഷം ഡികെ ശിവകുമാർ മുഖ്യമന്ത്രിയാകുമ്പോള്‍ തനിക്ക് ബെംഗളൂരു വികസന വകുപ്പ് നല്‍കാമെന്ന് ഉറപ്പ് നല്‍കിയിരുന്നതായി റെഡ്ഡി പറഞ്ഞു.
എന്നാല്‍ ഇപ്പോള്‍ ശിവകുമാർ ഇതില്‍ നിന്നും പിന്മാറിയതായി അദ്ദേഹം ആരോപിച്ചു.”എന്നെ പലതവണ അപമാനിച്ചു, ഇനി ഇത് സഹിക്കാൻ കഴിയില്ല. എന്റെ മനസ്സാക്ഷിക്ക് വിരുദ്ധമായി എനിക്ക് പ്രവർത്തിക്കാൻ കഴിയില്ല,” റെഡ്ഡി വാർത്താസമ്മേളനത്തില്‍ പറഞ്ഞു. തനിക്ക് ആരോടും ദേഷ്യമില്ലെന്നും എന്നാല്‍ വലിയ നിരാശയുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. രാജി നേരിട്ട് നല്‍കാതെ പേഴ്സണല്‍ സെക്രട്ടറി വഴിയാണ് മുഖ്യമന്ത്രിയുടെ ഓഫീസിലേക്ക് അയച്ചത്.ഇനി തനിക്ക് ഇഷ്ടമുള്ള വകുപ്പ് നല്‍കിയാല്‍ പോലും ഡി.കെ. ശിവകുമാർ മന്ത്രിസഭയില്‍ ഒരു മന്ത്രിസ്ഥാനവും സ്വീകരിക്കില്ലെന്ന് അദ്ദേഹം വ്യക്തമാക്കി. മന്ത്രിസ്ഥാനം രാജി വെച്ചെങ്കിലും താൻ കോണ്‍ഗ്രസ് പാർട്ടിയില്‍ തന്നെ തുടരുമെന്നും എംഎല്‍എ സ്ഥാനത്ത് തുടരുമെന്നും 53 വർഷമായി കോണ്‍ഗ്രസിനൊപ്പം നില്‍ക്കുന്ന അദ്ദേഹം വ്യക്തമാക്കി.
രാമലിംഗ റെഡ്ഡി തന്റെ അടുത്ത സുഹൃത്താണെന്നും കൂടുതല്‍ യാത്ര ചെയ്യേണ്ടി വരുന്ന വകുപ്പ് ലഭിച്ചതിലുള്ള ബുദ്ധിമുട്ടാണ് അദ്ദേഹത്തിനുള്ളതെന്നും മുഖ്യമന്ത്രി ഡികെ ശിവകുമാർ പ്രതികരിച്ചു.അദ്ദേഹവുമായി സംസാരിച്ച് ഈ പ്രശ്നം ഉടൻ പരിഹരിക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.കഴിഞ്ഞ ബുധനാഴ്ചയാണ് ഡികെ ശിവകുമാർ കർണാടകയുടെ 34-ാമത് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തത്. അതിന് തൊട്ടുപിന്നാലെയാണ് മന്ത്രിസഭയില്‍ ഈ പുതിയ പ്രതിസന്ധി ഉണ്ടായിരിക്കുന്നത്. രാമലിംഗ റെഡ്ഡിയുടെ രാജിക്ക് പിന്നാലെ മന്ത്രിസഭയിലെ മറ്റ് ചില മുതിർന്ന നേതാക്കളും അതൃപ്തി പരസ്യമാക്കി രംഗത്തെത്തിയിട്ടുണ്ട്. മന്ത്രി കെഎച്ച് മുനിയപ്പ തനിക്ക് ലഭിച്ച വകുപ്പില്‍ അതൃപ്തി പ്രകടിപ്പിച്ചു. കൂടാതെ കെജെ. ജോർജ്, സതീഷ് ജാർക്കിഹോളി എന്നീ മന്ത്രിമാരും തങ്ങളുടെ അതൃപ്തി അറിയിച്ചിട്ടുണ്ടെന്നാണ് റിപ്പോർട്ടുകള്‍.