ബെംഗളൂരു: മെട്രോ പോലെയുള്ള കാര്യങ്ങള്‍ പലർക്കും ഗതാഗത കുരുക്കില്‍ നിന്നുള്ള മോചനമാണ്. പ്രത്യേകിച്ച് ബെംഗളൂരു പോലെയുള്ള വൻ നഗരങ്ങളില്‍.എന്നാല്‍ കേവലം യാത്രാ സുഖം മാത്രമാണോ മെട്രോ നല്‍കുന്നതെന്ന് ചോദിച്ചാല്‍ ഒരിക്കലും അല്ല. കാർബണ്‍ ബഹിർഗമനം കുറയ്ക്കുന്നത് മുതല്‍ പൊതുഗതാഗത സംവിധാനത്തിന്റെ മുന്നേറ്റം വരെയുണ്ട് പട്ടികയില്‍. ഇപ്പോഴിതാ മറ്റൊരു നിർണായക കണ്ടെത്തലും വന്നിരിക്കുകയാണ്.നമ്മ മെട്രോ യെല്ലോ ലൈൻ ബെംഗളൂരു നിവാസികളുടെ ആരോഗ്യത്തിന് ഗുണകരമാണെന്ന് ആ സുപ്രധാന കണ്ടെത്തല്‍. ആർവി റോഡ് മുതല്‍ ബൊമ്മസാന്ദ്ര വരെയാണിത്. യാത്രക്കാരുടെ ജീവിതനിലവാരം മെട്രോ മെച്ചപ്പെടുത്തും. ഇത് ശാരീരിക പ്രവർത്തനങ്ങള്‍ വർധിപ്പിക്കാൻ സഹായിക്കും. നഗരത്തിലെ വാഹന മലിനീകരണം കുറയ്ക്കും. യാത്രയിലുണ്ടാകുന്ന മാനസിക സമ്മർദ്ദം കുറയ്ക്കാനും മെട്രോ വഴിയൊരുക്കും.
ഐഐഎസ്സി നടത്തിയ പഠനത്തിലാണ് ഈ വേറിട്ട കണ്ടെത്തല്‍ പുറത്തുവന്നത്.ഐഐഎസ്സി സസ്റ്റൈനബിള്‍ ട്രാൻസ്പോർട്ടേഷൻ ലാബാണ് പഠനം നടത്തിയത്. ബയോക്കണ് ഫൗണ്ടേഷനും ഇഎല്സിഐഎയും പഠനത്തിന് സഹകരിച്ചിട്ടുണ്ട്. ബെംഗളൂരു സയൻസ് ആൻഡ് ടെക്നോളജി ക്ലസ്റ്ററും പിന്തുണ നല്കി. 600 പേരില്‍ നിന്നാണ് ആദ്യം വിവരങ്ങള്‍ ശേഖരിച്ചത്. തുടർന്ന് 150 യാത്രക്കാരില്‍ നിന്നും വിവരങ്ങള്‍ തേടി.യെല്ലോ ലൈനിലേക്ക് മാറാൻ 83 ശതമാനം പേർ സന്നദ്ധരാണ്. ഇത് പഠനത്തില്‍ വ്യക്തമായി തെളിഞ്ഞു. മെട്രോ യാത്രക്കാരെ ആകർഷിക്കുമെന്ന് ഈ കണക്കുകള്‍ സൂചിപ്പിക്കുന്നു. എന്നാല്‍ ചില വെല്ലുവിളികള്‍ ഇപ്പോഴും നിലനില്‍ക്കുന്നുണ്ട്. ഇത് മെട്രോയുടെ ഉപയോഗത്തെ ബാധിച്ചേക്കാമെന്നാണ് വിലയിരുത്തല്‍.നഗരവാസികളില്‍ 58 ശതമാനം പേരും വ്യായാമം ചെയ്യുന്നില്ല. പഠനത്തില്‍ ഈ ആശങ്കാജനകമായ കാര്യം വ്യക്തമായി. മെട്രോ ഉപയോഗം ഒരു ദിവസം 10 മുതല്‍ 15 മിനിറ്റ് വരെ നടക്കാൻ സഹായിക്കും. ആഴ്ചല് 75 മിനിറ്റ് വരെ വ്യായാമം ലഭിക്കാൻ ഇത് വഴിയൊരുക്കും.
ടൂവീലർ യാത്രക്കാരെ അപേക്ഷിച്ച് മെട്രോയില്‍ മലിനീകരണം കുറവാണ്.ചൂടില്‍ നിന്നുള്ള ആശ്വാസവും മെട്രോ യാത്ര നല്കുന്നു. യാത്രക്കാരുടെ മാനസികാരോഗ്യം മെച്ചപ്പെടാനും ഇത് സഹായിക്കും. ക്ഷീണം കുറയ്ക്കാനും ജോലിയില്‍ കൂടുതല്‍ ശ്രദ്ധിക്കാനും ഇത് സഹായിക്കും. റോഡപകടങ്ങള്‍ കുറയ്ക്കാനും മെട്രോ യാത്ര നല്ലതാണ്. അങ്ങനെ ആകെ മൊത്തത്തില്‍ മെട്രോ ബെംഗളൂരു നിവാസികളുടെ ആരോഗ്യത്തെ വലിയ രീതിയില്‍ സ്വാധീനിക്കുമെന്നാണ് കരുതുന്നത്.മെട്രോ ഉപയോഗിക്കുന്നതിന് ചില തടസങ്ങളുമുണ്ട്. ടിക്കറ്റ് നിരക്കിനെക്കുറിച്ച് യാത്രക്കാർക്ക് ആശങ്കയുണ്ട്. അവസാന മൈല്‍ സൗകര്യങ്ങളും നടപ്പാതകളും മെച്ചപ്പെടുത്തണം. മികച്ച ഫീഡർ സർവീസുകളും പാർക്കിംഗ് സൗകര്യങ്ങളും വേണം. സുരക്ഷിതമായ നടപ്പാതകള്‍ ഒരുക്കുന്നത് മെട്രോയ്ക്ക് ഗുണകരമാകും. പഠനം ഇക്കാര്യങ്ങള്‍ പ്രത്യേകം ചൂണ്ടിക്കാട്ടുന്നുമുണ്ട്.