ബെംഗളൂരു: നമ്മ മെട്രോയില്‍ യാത്രാനിയമങ്ങള്‍ ലംഘിക്കുന്നവർക്കെതിരെയുള്ള പിഴത്തുകകളില്‍ 400 ശതമാനത്തിലധികം വർദ്ധന വരുത്തി ബെംഗളൂരു മെട്രോ റെയില്‍ കോർപ്പറേഷൻ.പുതിയ ചട്ടങ്ങള്‍ പ്രകാരം 20,000 രൂപ വരെ പിഴ ഒടുക്കേണ്ടി വരും.വ്യാജമായി നിർമ്മിച്ചതോ മാറ്റം വരുത്തിയതോ ആയ ടിക്കറ്റുകള്‍/പാസുകള്‍ ഉപയോഗിച്ച് യാത്ര ചെയ്താല്‍ 20,000 രൂപയാണ് പിഴ. മെട്രോയിലെ നിയന്ത്രിത മേഖലകളിലേക്ക് അതിക്രമിച്ച് കടന്നാല്‍ 5,000 രൂപ വരെ പിഴയീടാക്കും. ടിക്കറ്റ് കിയോസ്കുകള്‍ അടക്കമുള്ള ഇടങ്ങളിലേക്ക് പൊതുജനങ്ങള്‍ക്ക് കടക്കുന്നതിന് നിയന്ത്രണമുണ്ട്. കൂടാതെ ട്രാക്കുകളിലേക്ക് ചാടുകയും മറ്റും ചെയ്യുന്നതിനും ഈ പിഴ നല്‍കേണ്ടി വരും.മെട്രോയുടെ ആസ്തികളിന്മേല് അനുമതിയില്ലാതെ പോസ്റ്ററുകളൊട്ടിച്ചാലും പണി കിട്ടും. 10,000 രൂപ വരെ പിഴ ഇതിന് ഈടാക്കും.
സമരങ്ങളും റാലികളുമെല്ലാം മെട്രോയുടെ അതിരുകളെ ലംഘിച്ച് നടത്തിയാല്‍ അതിനും 10,000 രൂപയാണ് പിഴ.ടിക്കറ്റുമായി ബന്ധപ്പെട്ട പറ്റിപ്പുകളെ കർക്കശമായി നേരിടാനാണ് ബെംഗളൂരു മെട്രോയുടെ തീരുമാനം. കള്ള ടിക്കറ്റ് ഉണ്ടാക്കുകയോ, മാറ്റം വരുത്തിയ ടിക്കറ്റ് വെച്ച് കബളിപ്പിക്കാൻ ശ്രമിക്കുകയോ ചെയ്താല്‍ 20,000 രൂപ വരെ പിഴ നല്‍കേണ്ടി വരും. വ്യാജ ടിക്കറ്റ് ഉപയോഗിച്ചാല്‍ അതിന് 5,000 രൂപയാണ് പിഴ. ടിക്കറ്റുമായി ബന്ധപ്പെട്ട വലിയ തട്ടിപ്പുകള്‍ക്ക് 25,000 രൂപ വരെ പിഴ ഈടാക്കും. ഇത് ഏതെല്ലാം തട്ടിപ്പുകളാണെന്ന് വിശദമാക്കുന്നില്ല നമ്മ മെട്രോ. ടിക്കറ്റിങ് സിസ്റ്റത്തെ കബളിപ്പിക്കാൻ ചെയ്യുന്ന വലിയ സാങ്കേതിക തട്ടിപ്പുകളെ ഈ ഗണത്തില്‍ പെടുത്തുമെന്നാണ് മനസ്സിലാക്കാൻ കഴിയുന്നത്. വിദ്യാർത്ഥി പാസുകള്‍ ദുരുപയോഗം ചെയ്യുക, കാലാവധി കഴിഞ്ഞ പാസുകളോ ടിക്കറ്റുകളോ ദുരുപയോഗം ചെയ്യുക തുടങ്ങിയവയ്ക്കെല്ലാം ഉയർന്ന പിഴത്തുക നല്‍കേണ്ടതായി വരും.ഹെഡ്ഫോണില്ലാതെ ഫോണില്‍ ഉറക്കെ പാട്ടോ വീഡിയോയോ കേള്‍ക്കുന്നത് ഇനിമുതല്‍ മെട്രോയില്‍ 2,500 രൂപ വരെ നല്കേണ്ടുന്ന കുറ്റമായിരിക്കും. നേരത്തെ ഇത് 500 രൂപയായിരുന്നു.
മദ്യപിച്ച് യാത്ര ചെയ്യുന്നതും യാത്രക്കാരോട് മോശ മായി പെരുമാറുന്നതുമെല്ലാം ഈ വകുപ്പിലാണ് പിഴ ഈടാക്കുക. മെട്രോയില്‍ വിലക്കപ്പെട്ട വസ്തുക്കള്‍ (കത്തി, പടക്കം തുടങ്ങിയവ) കൊണ്ടുപോകുന്നതിനും പിഴത്തുക 2500 രൂപയായിരിക്കും.ഇത്തരം കേസുകളില്‍ മെട്രോ അധികാരികള്‍ കോടതിയെ സമീപിക്കില്ലെന്നും വ്യക്തമാക്കുന്നുണ്ട് സർക്കുലർ. അഡ്ജുഡിക്കേറ്റിംഗ് ഓഫീസർമാരാണ് ഇക്കാര്യങ്ങളില്‍ തീരുമാനം കൈക്കൊള്ളുക. ചുമത്തിയ പിഴയില്‍ എതിർപ്പുണ്ടെങ്കില്‍ അപ്പീല്‍ നല്‍കാനും അവസരമുണ്ട്. 30 ദിവസത്തിനകം അഡ്ജുഡിക്കേറ്റിംഗ് ഓഫീസർമാരുടെ മുകളിലുള്ള ഉദ്യോഗസ്ഥന് അപ്പീല്‍ നല്‍കാം. 60 ദിവസത്തിനകം തീര്‍പ്പ് കല്‍പ്പിക്കും.