Home തിരഞ്ഞെടുത്ത വാർത്തകൾ കോളജ് യൂണിയൻ മുറി തുറന്ന അധികൃതർ ഞെട്ടി; ഒരു കോടി രൂപയുടെ കറൻസികൾ ചിതലരിച്ച നിലയിൽ; ഒപ്പം തോക്കും മദ്യക്കുപ്പികളും കോണ്ടം പാക്കറ്റുകളും

കോളജ് യൂണിയൻ മുറി തുറന്ന അധികൃതർ ഞെട്ടി; ഒരു കോടി രൂപയുടെ കറൻസികൾ ചിതലരിച്ച നിലയിൽ; ഒപ്പം തോക്കും മദ്യക്കുപ്പികളും കോണ്ടം പാക്കറ്റുകളും

കൊൽക്കത്ത: കൊൽക്കത്തയിലെപ്രശസ്‌തമായ സുരേന്ദ്രനാഥ് കോളേജിൽ വിദ്യാർത്ഥി യൂണിയൻ മുറിയിൽ നിന്ന് ഒരു കോടി രൂപയുടെ നിരോധിച്ചതും ചിതൽ അരിച്ചതുമായ നോട്ടുകളും തോക്കും മദ്യക്കുപ്പികളും കണ്ടെടുത്തു. കോളേജ് കാമ്പസിനുള്ളിൽ രണ്ട് അത്യാധുനിക എ സി കിടപ്പുമുറികളും കണ്ടെത്തിയിട്ടുണ്ട്. പശ്ചിമ ബംഗാളിലെ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ നടക്കുന്ന അധികാര ദുർവിനിയോഗവും അഴിമതിയും വെളിച്ചത്തുകൊണ്ടുവരുന്നതാണ് ഈ സംഭവം.കോളേജ് യൂണിയൻ തിരഞ്ഞെടുപ്പുകൾ നടക്കാത്തതിനെ തുടർന്ന് കൽക്കട്ട ഹൈക്കോടതി ഉത്തരവ് പ്രകാരം കഴിഞ്ഞ ഒരു വർഷമായി ഈ യൂണിയൻ മുറി പൂട്ടിയിട്ടിരിക്കുകയായിരുന്നു. ക്യാമ്പസുകളിലെ യൂണിയൻ ഫണ്ടുകൾ ഓഡിറ്റ് ചെയ്യാൻ സുവേന്ദു അധികാരിയുടെ നേതൃത്വത്തിലുള്ള ബി ജെ പി സർക്കാർ നിർദ്ദേശിച്ചതിനെ തുടർന്ന് കോളേജ് അധികൃതർ നടത്തിയ ശുചീകരണ പ്രവർത്തനങ്ങൾക്കിടയിലാണ് ഞെട്ടിക്കുന്ന ഈ വിവരങ്ങൾ പുറത്തുവന്നത്.

യൂണിയൻ മുറിയിലെ പഴയ തടി അലമാരയിൽ സൂക്ഷിച്ചിരുന്ന രണ്ട് വലിയ പെട്ടികളിൽ നിന്നാണ് നൂറിൻ്റെയും അഞ്ഞൂറിന്റെയും നോട്ടുകെട്ടുകൾ കണ്ടെടുത്തത്.ദീർഘകാലമായി സൂക്ഷിച്ചിരുന്നതിനാൽ ഇതിൽ ഭൂരിഭാഗവും ചിതൽ അരിച്ച നിലയിലായിരുന്നു. കോളേജ് പ്രവേശനവുമായി ബന്ധപ്പെട്ട് നടത്തിയ കോഴപ്പണമാണിതെന്ന് ബി ജെ പി ആരോപിച്ചു. തുടർന്ന് ക്യാമ്പസിൽ നടത്തിയ വിശദമായ പരിശോധനയിലാണ് വിലകൂടിയ മെത്തകളും അറ്റാച്ച്ഡ് ബാത്ത്റൂമുകളുമുള്ള രണ്ട് എ സി ബെഡ്റൂമുകൾ കണ്ടെത്തിയത്. മുൻ തൃണമൂൽ കോൺഗ്രസ് ഭരണകാലത്ത് ‘ടെറസ് ഫെസിലിറ്റീസ്’ എന്ന പേരിൽ ഉദ്ഘാടനം ചെയ്യപ്പെട്ട ഈ മുറികൾ ടി എം സി നേതാവായ ദേബാശിഷ് ബന്ദേപാധ്യായയും മകനും ചേർന്നാണ് ഉപയോഗിച്ചിരുന്നതെന്ന് കോളേജ് ജീവനക്കാർ ആരോപിക്കുന്നു.കൂടാതെ കോളേജ് റൂഫ് ടോപ്പിൽ നിന്ന് മദ്യക്കുപ്പികളും വിദ്യാർത്ഥികളുടെ കോമൺ റൂമിൽ നിന്ന് കോണ്ടം പാക്കറ്റുകളും യൂണിയൻ മുറിയിൽ ഒളിപ്പിച്ച നിലയിൽ ഒരു റിവോൾവറും പോലീസ് കണ്ടെടുത്തു.

സംഭവത്തിൽ ഇ ഡി അന്വേഷണം വേണമെന്ന് ബി ജെ പി എം എൽ എ സജൽ ഘോഷ് ആവശ്യപ്പെട്ടു.വിദ്യാർത്ഥികളിൽ നിന്ന് ചെറിയ തുക മാത്രം യൂണിയൻ ഫീസായി വാങ്ങുന്ന കോളേജിൽ ഇത്രയും വലിയ തുക വന്നത് അഡ്മിഷൻ മാഫിയ വഴിയാണെന്നും ഈ പണം കാളിഘട്ടിലുള്ള തൃണമൂൽ ഉന്നതരിലേക്ക് എത്തിയതായും അദ്ദേഹം ആരോപിച്ചു.സംസ്ഥാനത്തെ കോളേജുകളിൽ യൂണിയൻ ഫണ്ട് പിരിക്കുന്നത് നിർത്തലാക്കാൻ സർക്കാർ ഇതിനകം ഉത്തരവിട്ടിട്ടുണ്ട്. ക്യാമ്പസുകളിൽ വർഷങ്ങളായി തുടരുന്ന അഡ്‌മിഷൻ കോഴയുടെയും ഗുണ്ടായിസത്തിന്റെയും ചെറിയൊരു ഉദാഹരണം മാത്രമാണ് സുരേന്ദ്രനാഥ് കോളേജിൽ കണ്ടതെന്നും വരും ദിവസങ്ങളിൽ കൂടുതൽ ഓഡിറ്റുകളിലൂടെ വലിയ അഴിമതികൾ പുറത്തുവരുമെന്നും അധികൃതർ വ്യക്തമാക്കുന്നു.

You may also like

error: Content is protected !!
Join Our WhatsApp Group