Home തിരഞ്ഞെടുത്ത വാർത്തകൾ താമരശ്ശേരി ചുരത്തിൽ മൾട്ടി ആക്സിൽ വാഹനങ്ങൾക്ക് നിരോധനം

താമരശ്ശേരി ചുരത്തിൽ മൾട്ടി ആക്സിൽ വാഹനങ്ങൾക്ക് നിരോധനം

കോഴിക്കോട്: കാലവർഷം കനക്കുന്നസാഹചര്യത്തിൽ അപകടങ്ങൾ ഒഴിവാക്കുന്നതിനും സുഗമമായ ഗതാഗതം ഉറപ്പാക്കുന്നതിനുമായി താമരശ്ശേരി ചുരത്തിൽ (ദേശീയ പാത 766) വലിയ മൾട്ടി ആക്സിൽ വാഹനങ്ങൾക്ക് നിയന്ത്രണം. കോഴിക്കോട് ജില്ലാ കലക്‌ടറും ജില്ലാ ദുരന്തനിവാരണ അതോറിറ്റി ചെയർപേഴ്സണുമായ എംഎസ് മാധവിക്കുട്ടിയാണ് നിയന്ത്രണം ഏർപ്പെടുത്തി ഉത്തരവിറക്കിയത്.രാവിലെ ആറ് മുതൽ രാത്രി എട്ട് വരെയാണ് നിയന്ത്രണം.

കാലവർഷം അവസാനിക്കുന്നതുവരെയോ അല്ലെങ്കിൽ അടുത്ത ഉത്തരവ് ഉണ്ടാകുന്നതുവരെയോ നിയന്ത്രണം തുടരുമെന്ന് ജില്ലാ കലക്‌ടർ അറിയിച്ചു. വയനാട്ടിലേക്കും തിരിച്ചുമുള്ള ഭാരം കൂടിയ വാഹനങ്ങൾ കുറ്റ്യാടി, നാടുകാണി ചുരങ്ങൾ ഉൾപ്പെടെയുള്ള ബദൽ റോഡുകൾ ഉപയോഗപ്പെടുത്തണമെന്നും ജില്ലാ കലക്ടർ അറിയിച്ചു.ദുരന്തനിവാരണ നിയമപ്രകാരം പുറപ്പെടുവിച്ച ഉത്തരവ് കർശനമായി നടപ്പാക്കാൻ കോഴിക്കോട് റൂറൽ പോലീസ് മേധാവിക്ക് ജില്ലാ കലക്ടർ നിർദേശം നൽകി. ഉത്തരവ് പ്രകാരം രണ്ട് ആക്സിലിൽ കൂടുതലുള്ള ട്രക്കുകൾ, ലോറികൾ, ടാങ്കറുകൾ, ട്രെയിലറുകൾ, കണ്ടെയ്നർ വാഹനങ്ങൾ, മറ്റ് വലിയ മൾട്ടി ആക്സിൽ വാഹനങ്ങൾ എന്നിവയ്ക്ക് ഈ സമയങ്ങളിൽ ചുരത്തിലൂടെ കടന്നുപോകാൻ അനുമതി ഉണ്ടായിരിക്കില്ല.അവശ്യ സർവീസുകളെയും ചെറിയവാഹനങ്ങളെയും നിയന്ത്രണത്തിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.

കെഎസ്ആർടിസി ഉൾപ്പെടെയുള്ള പൊതുഗതാഗത സംവിധാനങ്ങൾ, കാറുകൾ, ജീപ്പുകൾ, ടാക്സികൾ തുടങ്ങിയ ചെറിയ മോട്ടോർ വാഹനങ്ങൾ, ആംബുലൻസുകൾ, മറ്റ് അടിയന്തര മെഡിക്കൽ വാഹനങ്ങൾ, ഫയർഫോഴ്സ്, സിവിൽ ഡിഫൻസ്, ദുരന്തനിവാരണ സേനകളുടെ വാഹനങ്ങൾ, സായുധ സേനകൾ, കേന്ദ്ര പാരാമിലിട്ടറി, കേരള പോലീസ് എന്നിവരുടെ വാഹനങ്ങൾ, ജില്ലാ കലക്ടറോ ബന്ധപ്പെട്ട മറ്റ് അധികാരികളോ രേഖാമൂലം പ്രത്യേക അനുമതി നൽകിയിട്ടുള്ള വാഹനങ്ങൾ എന്നിവയെ നിയന്ത്രണത്തിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.ചുരത്തിന്റെ ഇരു വശങ്ങളിലുമുള്ള അടിവാരം (കോഴിക്കോട് ഭാഗം), ലക്കിടി (വയനാട് ഭാഗം) എന്നിവിടങ്ങളിൽ വയനാട് പോലീസുമായി സഹകരിച്ച് 24 മണിക്കൂറും ഉദ്യോഗസ്ഥരെ വിന്യസിക്കും. നിയമം ലംഘിക്കുന്ന വാഹന ഉടമകൾക്കും ഡ്രൈവർമാർക്കുമെതിരെ 2005ലെ ദുരന്തനിവാരണ നിയമത്തിലെ സെക്ഷൻ 51 പ്രകാരവും, 1988-ലെ മോട്ടോർ വാഹന നിയമപ്രകാരവും കർശനമായ നിയമനടപടികൾ സ്വീകരിക്കുമെന്നും കോഴിക്കോട് ജില്ലാ കലക്ടർ അറിയിച്ചു.

You may also like

error: Content is protected !!
Join Our WhatsApp Group