Home തിരഞ്ഞെടുത്ത വാർത്തകൾ ‘അന്ന് സിപിഎം ചെയ്തത് ശരി’, ഞങ്ങള്‍ക്ക് തെറ്റ് പറ്റിയെന്നും മമത ബാനര്‍ജി; തൃണമൂലിനെ പിളര്‍ത്താൻ ശ്രമിക്കുന്ന ഋതബ്രത ബാനര്‍ജിക്കെതിരെ വിമര്‍ശനം

‘അന്ന് സിപിഎം ചെയ്തത് ശരി’, ഞങ്ങള്‍ക്ക് തെറ്റ് പറ്റിയെന്നും മമത ബാനര്‍ജി; തൃണമൂലിനെ പിളര്‍ത്താൻ ശ്രമിക്കുന്ന ഋതബ്രത ബാനര്‍ജിക്കെതിരെ വിമര്‍ശനം

കൊല്‍ക്കത്ത: പശ്ചിമ ബംഗാളില്‍ നിയമസഭാ തിരഞ്ഞെടുപ്പ് തോല്‍വിക്ക് പിന്നാലെ ഭരണകക്ഷിയായിരുന്ന തൃണമൂല്‍ കോണ്‍ഗ്രസ് പിളർപ്പിലേക്ക്.ഒപ്പ് വ്യാജമായി ചമച്ചെന്ന പരാതി ഉന്നയിച്ചതിന് പിന്നാലെ പാർട്ടിയില്‍ നിന്ന് പുറത്താക്കപ്പെട്ട രണ്ട് ജനപ്രതിനിധികള്‍ക്കൊപ്പം 50-ഓളം തൃണമൂല്‍ എം.എല്‍.എമാർ അണിനിരക്കുന്നു എന്നാണ് പുറത്തുവരുന്ന സൂചനകള്‍. ഇതോടെ ബംഗാളില്‍ വലിയ രാഷ്ട്രീയ പ്രതിസന്ധി നേരിടുകയാണ് തൃണമൂല്‍ കോണ്‍ഗ്രസ്. അതേസമയം പിളർപ്പിന് നേതൃത്വം കൊടുക്കുന്ന സിപിഎം പുറത്താക്കിയതിനെ തുടർന്ന് തൃണമൂലിലെത്തിയ ഋതബ്രത ബാനർജിക്കെതിരെ അതിരൂക്ഷ വിമർശനമാണ് മമത ബാനർജി തൊടുത്തുവിട്ടത്.

സിപിഎം ചെയ്തതായിരുന്നു ശരിയെന്നും തങ്ങള്‍ക്ക് തെറ്റ് പറ്റിയെന്നുമാണ് മമതയുടെ തുറന്നുപറച്ചില്‍.മുതിർന്ന തൃണമൂല്‍ നേതാവ് ശോഭൻദേവ് ചട്ടോപാധ്യായയെ നിയമസഭയിലെ പ്രതിപക്ഷ നേതാവായി പിന്തുണച്ചുകൊണ്ട് നല്‍കിയ കത്തില്‍ തങ്ങളുടെ ഒപ്പ് വ്യാജമായി ഇട്ടതാണെന്ന് കാണിച്ച്‌ തൃണമൂല്‍ ജനപ്രതിനിധികളായ ഋതബ്രത ബാനർജിയും സന്ദീപൻ സാഹയും പരാതി നല്‍കിയിരുന്നു. മുഖ്യമന്ത്രി സുവേന്ദു അധികാരി ഈ വിവരം വാർത്താസമ്മേളനത്തിലൂടെ പുറത്തുവിട്ടതോടെയാണ് വിവാദം പുകഞ്ഞത്. ഇരുവരുടെയും പരാതിയില്‍ അസംബ്ലി സെക്രട്ടേറിയറ്റ് പോലീസില്‍ കേസ് രജിസ്റ്റർ ചെയ്യുകയും നിലവില്‍ സിഐഡി വിഭാഗം കേസ് അന്വേഷിക്കുകയും ചെയ്യുന്നുണ്ട്. വാർത്താസമ്മേളനത്തിന് തൊട്ടുപിന്നാലെ പാർട്ടി വിരുദ്ധ പ്രവർത്തനം ആരോപിച്ച്‌ തൃണമൂല്‍ കോണ്‍ഗ്രസ് ഇവരെ പാർട്ടിയില്‍ നിന്ന് പുറത്താക്കി. പുറത്താക്കപ്പെട്ട നേതാക്കളെ പിന്തുണച്ച്‌ കൊല്‍ക്കത്തയിലെ ഇ.എം ബൈപ്പാസിന് സമീപമുള്ള ഒരു ഹോട്ടലില്‍ വെച്ച്‌ 50 ഓളം തൃണമൂല്‍ എംഎല്‍എമാർ ഋതബ്രത ബാനർജിയുമായി കൂടിക്കാഴ്ച നടത്തിയതായി എൻ.ഡി.ടി.വി റിപ്പോർട്ട് ചെയ്യുന്നു.

ഇതിനെതിരെ കടുത്ത വിമർശനവുമായാണ് മമത ബാനർജി രംഗത്തെത്തിയത്. ‘തത്വദീക്ഷയില്ലാത്ത ഒരു വ്യക്തി മുൻപ് സി.പി.എമ്മില്‍ ഉണ്ടായിരുന്നു. ടിക്കറ്റിനായി ഞങ്ങളുടെ അടുത്ത് വന്ന് യാചിച്ചപ്പോള്‍ അയാള്‍ക്ക് സീറ്റ് നല്‍കിയത് ഞങ്ങളുടെ ഭാഗത്തുണ്ടായ തെറ്റാണ്. അന്ന് അയാളെ പുറത്താക്കിയ സിപിഎം തീരുമാനം ശരിയായിരുന്നു. ഞങ്ങള്‍ അയാളെ രക്ഷിക്കാൻ നോക്കിയത് തെറ്റായിപ്പോയി. ഈ വ്യക്തികള്‍ ഇപ്പോള്‍ ദിവസവും ബിജെപിയുമായി കൂടിക്കാഴ്ച നടത്തുകയും അവരുടെ നിർദ്ദേശങ്ങള്‍ക്കനുസരിച്ച്‌ പ്രവർത്തിക്കുകയുമാണ്’- എന്ന് മമത ബാനർജി വിമർശിച്ചു. മുൻ മുഖ്യമന്ത്രി ബുദ്ധദേവ് ഭട്ടാചാര്യയുമായി അടുത്ത ബന്ധമുണ്ടായിരുന്ന ഋതബ്രതയെ ഒൻപത് വർഷം മുൻപാണ് സിപിഎം പുറത്താക്കിയത്. 2014 ല്‍ രാജ്യസഭാംഗമായ അദ്ദേഹത്തെ എംപിയായിരിക്കെയാണ് 2017-ല്‍ പുറത്താക്കിയത്. ആർ.ജി കർ മെഡിക്കല്‍ കോളേജ് വിവാദത്തെ തുടർന്ന് തൃണമൂല്‍ നേതാവ് ജവഹർ സിർകാർ രാജ്യസഭാ എം.പി സ്ഥാനം രാജിവെച്ചപ്പോള്‍, ബാക്കി വന്ന കാലാവധിയിലേക്ക് തൃണമൂല്‍ ടിക്കറ്റിലാണ് ഋതബ്രത ബാനർജി വീണ്ടും രാജ്യസഭാംഗമായത്.

You may also like

error: Content is protected !!
Join Our WhatsApp Group