Home കർണാടക ബെംഗളൂരുവില്‍ ഇങ്ങനെ ജീവിക്കൂ, കീശകാലിയാകില്ല..7 ടിപ്സ് പങ്കിട്ട് യുവാവ്, വൈറല്‍

ബെംഗളൂരുവില്‍ ഇങ്ങനെ ജീവിക്കൂ, കീശകാലിയാകില്ല..7 ടിപ്സ് പങ്കിട്ട് യുവാവ്, വൈറല്‍

ബെംഗളൂരു നഗരത്തിലെ ഉയർന്ന ജീവിതച്ചെലവിനെ കുറിച്ച്‌ നിരവധി പേർ അനുഭവം പങ്കിടാറുണ്ട്. എന്നാല്‍ കുറഞ്ഞ ചെലവില്‍ എങ്ങനെ നഗരത്തില്‍ ജീവിക്കാമെന്ന് പറയുന്ന ഒരു യുവാവിൻ്റെ വീഡിയോ ആണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയില്‍ ശ്രദ്ധ നേടുന്നത്.വാടക, യാത്രാചെലവ്, ഭക്ഷണം, ജീവിതശൈലി ചിലവുകള്‍ എന്നിവ കുത്തനെ ഉയരുന്ന സാഹചര്യത്തില്‍ ദിനചര്യയില്‍ വരുത്തിയ ചെറിയ മാറ്റങ്ങളാണ് തനിക്ക് സാമ്പത്തികമായി വലിയ ആശ്വാസമായതെന്ന് പറയുകയാണ് യുവാവ്.ഇൻസ്റ്റാഗ്രാമിലെ @bangalore_viral പേജിലൂടെ ബെംഗളൂരു സ്വദേശിയായ അക്ഷയ് ആണ് തൻ്റെ അനുഭവങ്ങള്‍ പങ്കുവെച്ചത്. “ജീവിതശൈലിയില്‍ വിട്ടുവീഴ്ച ചെയ്യാതെ ബെംഗളൂരുവിലെ ചെലവുകള്‍ ഞാൻ എങ്ങനെ കുറച്ചു” എന്ന അടിക്കുറിപ്പോടെയായിരുന്നു വീഡിയോ പങ്കുവെച്ചത്. വളരെ കുറഞ്ഞ സമയത്തിനുള്ളില്‍ തന്നെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായി.ബെംഗളൂരുവില്‍ താമസിക്കുന്ന പലരും നേരിടുന്ന പ്രധാന വെല്ലുവിളികളില്‍ ഒന്നാണ് യാത്രയും അതിനോടനുബന്ധിച്ച ചെലവുകളും.

ഇതില്‍ നിന്ന് രക്ഷപ്പെടാൻ താൻ ആദ്യം എടുത്ത തീരുമാനം മെട്രോ സ്റ്റേഷനോട് അടുത്തുള്ള സ്ഥലത്തേക്ക് താമസം മാറിയതാണെന്ന് അക്ഷയ് പറയുന്നു. കൂടുതല്‍ ആകർഷകമായതോ ‘ഫാൻസി’യോ ആയ പ്രദേശം തിരഞ്ഞെടുത്തില്ലെന്നും ഗതാഗത സൗകര്യത്തിന് മുൻഗണന നല്‍കിയെന്നതും ഗുണകരമായെന്ന് അദ്ദേഹം വ്യക്തമാക്കി.ആദ്യം വാടക കുറച്ച്‌ കൂടുതലാണെന്ന് തോന്നിയെങ്കിലും പിന്നീട് അതിലൂടെ സാമ്പത്തികമായി വലിയ നേട്ടം ഉണ്ടാക്കാനായതായി അക്ഷയ് പറഞ്ഞു. ദിവസേനയുള്ള യാത്രാചെലവ്, ഇന്ധന ചിലവ്, ഓട്ടോ നിരക്ക്, ട്രാഫിക്കില്‍ ചെലവാകുന്ന സമയം, മാനസിക സമ്മർദ്ദം എന്നിവ കുറയ്ക്കാൻ ഈ തീരുമാനത്തിലൂടെ കഴിഞ്ഞു. പ്രതിമാസ ബജറ്റില്‍ ഏറ്റവും വലിയ മാറ്റമുണ്ടാക്കിയ തീരുമാനങ്ങളിലൊന്നും ഇതാണെന്ന് അക്ഷയ് കൂട്ടിച്ചേർത്തു.ദൈനംദിന ജീവിതത്തില്‍ “സൗകര്യം” എന്ന പേരില്‍ അനാവശ്യമായി ചെലവഴിക്കുന്ന ശീലങ്ങളും സാമ്പത്തികമായി തിരിച്ചടിയായെന്നാണ് ഇദ്ദേഹം പറയുന്നത്. അതായത് പെട്ടെന്നുള്ള ഡെലിവറി സേവനങ്ങള്‍, പതിവായി ഓട്ടോ വിളിക്കല്‍, ഉപയോഗിക്കാത്ത ഓണ്‍ലൈൻ സബ്‌സ്‌ക്രിപ്‌ഷനുകള്‍, ചെറിയ ഓണ്‍ലൈൻ ഷോപ്പിങ് എന്നിവയൊക്കെ ചെറിയ ചെലവാണ് എന്ന് തോന്നുമെങ്കിലും മാസാവസാനം വലിയ തുകയായി മാറുന്നുവെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.”ക്വിക്ക് ഡെലിവറി, സ്ഥിരം ഓട്ടോ യാത്രകള്‍, ചെറിയ ഓണ്‍ലൈൻ വാങ്ങലുകള്‍ ഇവയൊക്കെയാണ് അറിയാതെ വലിയ ചെലവുകളായി മാറിയത്. സൗകര്യത്തെ ഒരു കാരണം ആക്കി പണം ചെലവഴിക്കുന്നത് ഞാൻ കുറച്ചു,” എന്നാണ് അക്ഷയ് വീഡിയോയില്‍ പറയുന്നത്.

വാരാന്ത്യ ചെലവുകളും പലപ്പോഴും നിയന്ത്രണം വിട്ടുപോകുന്നുണ്ടെന്ന് അദ്ദേഹം പറയുന്നു. മുൻകൂട്ടി പ്ലാൻ ചെയ്യാതെ സുഹൃത്തുക്കളുമായി കഫേ സന്ദർശനം, പബ്ബുകളിലേക്കുള്ള യാത്ര, അപ്രതീക്ഷിത ഔട്ടിംഗുകള്‍ തുടങ്ങിയവ സമ്പാദ്യത്തെ വേഗത്തില്‍ ബാധിക്കുമെന്ന് അക്ഷയ് അഭിപ്രായപ്പെട്ടു. അതിനാല്‍ വാരാന്ത്യ പരിപാടികള്‍ മുൻകൂട്ടി ആസൂത്രണം ചെയ്യുന്ന ശീലം താൻ വളർത്തിയെടുത്തതായും അദ്ദേഹം വ്യക്തമാക്കി.ബെംഗളൂരുവിലെ തൊഴില്‍ സംസ്കാരം പലരിലും അനാവശ്യമായ ജീവിതശൈലി സമ്മർദ്ദം സൃഷ്ടിക്കുന്നുണ്ടെന്നും അക്ഷയ് ചൂണ്ടിക്കാട്ടി. ചുറ്റുമുള്ളവർ പുതിയ ഫോണ്‍, ലാപ്‌ടോപ്പ്, ഗാഡ്‌ജെറ്റുകള്‍ എന്നിവ വാങ്ങുന്നതു കണ്ടു താനും നിരന്തരം അപ്‌ഗ്രേഡ് ചെയ്യാറുണ്ടായിരുന്നുവെന്ന് അദ്ദേഹം പറയുന്നു. പിന്നീട് അതില്‍ വലിയ അർഥമില്ലെന്ന് മനസ്സിലാക്കിയതായും അദ്ദേഹം വ്യക്തമാക്കി. “എല്ലാവരും പുതിയ ഗാഡ്‌ജെറ്റുകള്‍ വാങ്ങുന്നു എന്നതുകൊണ്ട് മാത്രം അവ വാങ്ങേണ്ട ആവശ്യമില്ല. സമൂഹത്തില്‍ ‘അപ്‌ഡേറ്റഡ്’ ആയി തോന്നിക്കാനായി പലരും പണം ചെലവഴിക്കുന്നു,” എന്നാണ് അദ്ദേഹത്തിന്റെ അഭിപ്രായം.

അതേസമയം ഭക്ഷണ ശീലത്തിലും വലിയ മാറ്റം വരുത്തിയതായി അക്ഷയ് പറഞ്ഞു. ദിവസേന റെസ്റ്റോറന്റുകളെയും ഫുഡ് ഡെലിവറി ആപ്പുകളെയും ആശ്രയിക്കുന്നതിനു പകരം വീട്ടില്‍ പാചകം ചെയ്യാൻ തുടങ്ങിയതോടെ ആരോഗ്യത്തിലും സാമ്പത്തിക നിലയിലും ഗുണകരമായ മാറ്റമുണ്ടായെന്ന് അദ്ദേഹം വ്യക്തമാക്കി.ഉയർന്ന ശമ്പളം മാത്രം സാമ്പത്തിക സുരക്ഷ ഉറപ്പാക്കില്ലെന്ന സന്ദേശത്തോടെയാണ് അക്ഷയ് വീഡിയോ അവസാനിപ്പിച്ചത്. ബെംഗളൂരുവില്‍ കൂടുതല്‍ ശമ്പളം കിട്ടിയാലും നല്ല സാമ്പത്തിക ശീലങ്ങള്‍ ഇല്ലെങ്കില്‍ പണം കൈയ്യില്‍ നില്‍ക്കില്ല. ശമ്പളത്തേക്കാള്‍ പ്രധാനപ്പെട്ടത് എങ്ങനെ ആ പണം ചെലവഴിക്കുന്നു എന്നത് തന്നെയാണെന്നും അക്ഷയ് വ്യക്തമാക്കി. ,”വീഡിയോയ്ക്ക് താഴെ നിരവധി പേരാണ് അനുകൂല പ്രതികരണങ്ങളുമായി എത്തിയത്. അക്ഷയ് പറഞ്ഞ കാര്യങ്ങളോട് യോജിക്കുന്നുവെന്ന് പലരും അഭിപ്രായപ്പെട്ടു. “ഇത് വളരെ ശരിയായ കാര്യമാണ്”, “ഞാനും ഇത് പിന്തുടരും”, “ബെംഗളൂരുവില്‍ ജീവിക്കുന്നവർക്ക് ഇതെല്ലാം വളരെ ബന്ധപ്പെട്ട കാര്യങ്ങളാണ്” ഇങ്ങനെ പോകുന്നു കമൻ്റുകള്‍.

You may also like

error: Content is protected !!
Join Our WhatsApp Group